കാഴ്ചക്കാരെ ഏറ്റവും ആകര്‍ഷിക്കുന്ന ഒന്നാണ് മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍. പ്രത്യേകിച്ച് അവയുടെ കുസൃതികള്‍, ചെയ്തികള്‍ ഇവയൊക്കെ നെറ്റീസണ്‍ ലോകത്തിന് ഏറെ പ്രിയപ്പെട്ടതാണ്.

മൃഗങ്ങളുടെ രസകരമായ ദൃശ്യങ്ങള്‍ പങ്കുവയ്ക്കാറുള്ള ട്വിറ്റര്‍ പേജാണ് ബ്യൂട്ടന്‍ഗെബീഡിയന്‍. അവര്‍ അടുത്തിടെ പങ്കുവച്ചൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാകുന്നത്.

വീഡിയോയില്‍ ഒരു മണ്‍പാത്ര നിര്‍മാണത്തിന്‍റെ കാഴ്ചയാണുള്ളത്. കുശവനടുത്തായി ഇരിക്കുന്ന ഒരു പൂച്ചയേയും കാണാം. "പൂച്ചയ്ക്കെന്താ പാത്രം ഉണ്ടാക്കുന്നിടത്ത് കാര്യം' എന്ന് ചിന്തിക്കാന്‍ വരട്ടെ.

ദൃശ്യങ്ങളില്‍ പാത്ര രൂപീകരണ സമയത്ത് തന്‍റെ കൈകള്‍ കൊണ്ട് അതിന് രൂപമാകാന്‍ സഹായിക്കുകയാണ് പൂച്ച. ഈ പൂച്ച കൗതുകം കൊണ്ടാണൊ യജമാനന്‍ സ്ഥിരം ചെയ്യുന്നത് കണ്ടുപഠിച്ചിട്ടാണൊ ഇത്തരത്തില്‍ പെരുമാറുന്നത് എന്ന് വ്യക്തമല്ല.

ഏതായാലും ഈ പൂച്ചക്കുട്ടന്‍ സമൂഹ മാധ്യമങ്ങളുടെ മനം കവര്‍ന്നിരിക്കുകയാണ്. ഇതിനോടകം 2.7 ദശലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് രസകരമായ അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.