പൊട്ടിപ്പൊളിഞ്ഞ റോഡിൽ ചിരി പ്രതിഷേധവുമായി നാട്ടുകാർ
Monday, November 22, 2021 10:04 PM IST
പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ പുനര്‍നിര്‍മാണം വൈകുന്നതില്‍ വേറിട്ട പ്രതിഷേധവുമായി നാട്ടുകാര്‍. 'ചിരി' പ്രതിഷേധവുമായാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. മധ്യപ്രദേശിലെ അര്‍വിന്ദ് നഗറിലെ ജനങ്ങളാണ് ഫ്ലക്സ് ബോര്ഡുകളെന്തി 'ചിരി' പ്രതിഷേധം നടത്തിയത്. സ്ഥലത്തെ 200 മീറ്റര്‍ നീളമുള്ള റോഡിന്റെ ശോചനീയവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പെടുത്താനാണ് വേറിട്ട പ്രതിഷേധം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഏതാനം ദിവസം മുന്‍പ് അർവിന്ദ് നഗറിന്റെ സമീപത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന റോഡുകൾ നന്നാക്കിയിരുന്നു. എന്നാൽ അർവിന്ദ് നഗറലെ റോഡുകളുടെ അവസ്ഥ പഴയപടി തുടരുകയായിരുന്നു. ഇതോടെയാണ് പ്രതിഷേധം തുടങ്ങിയത്.
ബാനറുകളും പിടിച്ച് നിര നിരയായി നില്ക്കുന്ന പ്രതിഷേധക്കാര്‍ കൈയ്യുയര്‍ത്തി ഉറക്കെ ചിരിക്കുകയായിരുന്നു. 'ഞങ്ങള്‍ ചിരിയിലൂടെ പ്രതിഷേധിക്കുന്നു. റോഡ് പണിയാന്‍ സര്‍ക്കാരിനു കഴിയാത്തതുകൊണ്ട് ഞങ്ങള്‍ ചിരിക്കുന്നു. മൂന്ന് കോടി അനുമതി ലഭിച്ചിട്ടും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ റോഡ് പണിതില്ല. ആദ്യം ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ കുറച്ച് പണി നടത്തി, പിന്നീട് അത് നിര്‍ത്തി'. പ്രദേശവാസി ഉമാ ശങ്കര്‍ തിവാരി എഎന്‍ഐയോട് പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ പ്രതിഷേധത്തില്‍ കാണാം.