ഒരുവട്ടം കൂടി ആ പഴയ കാലത്തേക്ക് പോകാന്‍ ആഗ്രഹിക്കാത്ത ഒരു മനുഷ്യനുമുണ്ടാകില്ല. അത്രമേല്‍ സ്വാധീനമാണ് ഗൃഹാതുരതയ്ക്ക് ഓരോ മനസുകളിലുമുള്ളത്.

എന്നാലീ ആഗ്രഹം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ വാച്ചെറ്റ് നഗരത്തിലുള്ള ദമ്പതികളായ ലിസ, നീല്‍ ഫ്ളെച്ചര്‍ എന്നിവര്‍. നിലവില്‍ 58 വയസുള്ള ലിസ ഫ്ളെച്ചറും 55 കാരനായ നീലും ഇപ്പോഴും ജീവിക്കുന്നത് 1930കളിലാണ്.

1991ല്‍ വിവാഹിതരായ ഇവര്‍ തങ്ങള്‍ക്ക് രണ്ടാള്‍ക്കും പഴയ കാലത്തില്‍ ജീവിക്കാനുള്ള താത്പര്യം തിരിച്ചറിഞ്ഞ് പിന്നീട് അതിനായി ഒരുങ്ങുകയായിരുന്നു. ഇതിനായി ഇവര്‍ ആദ്യം നവീനമായ എല്ലാ വസ്തുക്കളും ഉപേക്ഷിച്ചു. 1930കളിലെ രീതിക്ക് സമാനാമായി വീടും ഗൃഹോപകരണങ്ങളും മാറ്റി.

ഇതിനുമുമ്പ് മൂന്ന് വീടുകളില്‍ താമസിച്ചിട്ടുള്ള ലിസയും നീലും ആറുവര്‍ഷമായി മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. എന്നാല്‍ ഈ വീടിനെയും ഇവര്‍ 1930 രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. വാതിലിന്‍റെ കൈപിടി മുതല്‍ ഗൃഹോപകരണങ്ങളും പാത്രങ്ങളുമടക്കം എല്ലാ വസ്തുക്കളും പഴയതുതന്നെ.

1935 മോഡല്‍ വെസ്റ്റിംഗ്ഹൗസ് കമ്പനിയുടെ ഫ്രിഡ്ജ്, 1929 കാലത്തെ ഒരു കുക്കര്‍ എന്നിവയാണ് അവരിപ്പോഴും ഉപയോഗിക്കുന്നത്. ഏതാണ്ട് 100 വര്‍ഷം പഴക്കമുള്ള ഒരു കാറും യാത്രാവശ്യങ്ങള്‍ക്കായി ഇവര്‍ക്കുണ്ട്.

എന്നാല്‍ ഇവയിലുമൊക്കെ ഏറ്റവും പ്രധാനമായി ഇവര്‍ കരുതുന്നത് വീട്ടിലുള്ള മൂന്ന് ഗ്രാമഫോണുകളാണ്. അവയിലൂടെ പഴയ കാലത്തെ സംഗീതം മാത്രമാണ് ഇരുവരും ശ്രവിക്കുക. പഴയൊരു ടെലിവിഷനും ഇവര്‍ക്കുണ്ട്. ബ്ലാക്ക് ആന്‍റ് വൈറ്റ് ചലച്ചിത്രങ്ങള്‍ മാത്രമാണ് ഇരുവരും കാണാറുള്ളത്.

വീട്ടിലെ തുണി അലമാരയില്‍ 1930കളിലെ വസ്ത്രങ്ങള്‍ മാത്രമാണ് കാണാനാവുക. ഇവയൊക്കെ സ്വന്തമായി അലക്കുകയാണ് വീട്ടമ്മ കൂടിയായ ലിസ ചെയ്യാറ്. ഞായറാഴ്ചകളില്‍ ഇരുവരും പ്രത്യേക അത്താഴ വിരുന്നൊരുക്കും. തീന്‍ മേശയും ആഹാരവുമൊക്കെ പഴയ ശൈലിയിലാണ് കാണപ്പെടുക. ഇടയ്ക്ക് പിക്കിനിക്കിനായി ഇരുവരും പുറത്ത് പോകാറുണ്ട്. പക്ഷെ അവരുടെ ജീവിത ശൈലിയ്ക്ക് യാതൊരു മാറ്റവും വരുത്താറില്ല.

ഓണ്‍ലൈന്‍ രീതികള്‍ക്കു പകരം പണം നേരിട്ട് നല്‍കിയാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങാറുള്ളത്. മൊബൈല്‍ ഫോണിന് പകരം ലാന്‍ഡ് ലൈന്‍ ഫോണാണ് ഇരുവരും ഉപയോഗിക്കുന്നതും. എന്നാല്‍ എഞ്ചിനീയര്‍ കൂടിയായ നീല്‍ തന്‍റെ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്.

തങ്ങളുടെ ജീവിത രീതി മറ്റുള്ളവര്‍ക്ക് കൗതുകമാണെങ്കിലും തങ്ങളതില്‍ വളരെ ആനന്ദമുള്ളവരാണ്. അതിനാല്‍ത്തന്നെ ഈ ജീവിതരീതി തുടരാന്‍തന്നെയാണ് താനും ലിസയും ആഗ്രഹിക്കുന്നതെന്ന് നീല്‍ പറഞ്ഞുവയ്ക്കുന്നു.