ഒടുവിൽ കുടുംബം അംഗീകരിച്ചു, ചാന മരിച്ചു; വിധവകളായത് 38 സ്ത്രീകൾ!
Tuesday, June 15, 2021 5:52 PM IST
മിസോറാമിലെ സിയോണ ചാന ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും വാർത്തകളിൽ ഇടംനേടിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ എന്ന നിലയിലായിരുന്നു ചാന ജീവിച്ചിരുന്നപ്പോൾ വാർത്തകളിൽ ഇടംപിടിച്ചത്. 38 ഭാര്യമാരും 89 കുട്ടികളും 36 പേരക്കുട്ടികളും അടങ്ങുന്ന ഒരു വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.
76 വയസായിരുന്ന അദ്ദേഹം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ചയാണ് മരിച്ചത്. എന്നാൻ ചാന മരിച്ചിട്ടില്ലെന്ന വാദവുമായി കുടുംബമെത്തിയത് മരണശേഷം ചാന വാർത്തകളിൽ നിറയാൻ കാരണം. ഓക്സീമീറ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ നാഡീസ്പന്ദനം അറിഞ്ഞെന്നും ശരീരത്തിന് ചൂടുണ്ടെന്നുമായിരുന്നു ഇവരുടെ വാദം.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പരിശോധിച്ചപ്പോഴും പേശികൾ മുറുകിയിട്ടില്ലത്രേ. ഈയൊരു സാഹചര്യത്തിൽ അന്ത്യകർമങ്ങൾ നടത്തുന്നത് ശരിയല്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഒടുവിൽ ചൊവ്വാഴ്ചയോടെ ഇവർ നിലപാട് മാറ്റി. ചാനയുടെ മരണം കുടുംബം അംഗീകരിച്ചു. ബുധനാഴ്ച ചാനയുടെ സംസ്കാരം നടത്തുമെന്നാണ് റിപ്പോർട്ട്.
1945 ജൂലൈ 21 -നാണ് സിയോണയുടെ ജനനം. പതിനഞ്ചാമത്തെ വയസിൽ അദ്ദേഹം സാത്തിയാംഗിയെ വിവാഹം കഴിച്ചു. അവർക്ക് അദ്ദേഹത്തേക്കാൾ മൂന്നുവയസ് കൂടുതലായിരുന്നു. അവരാണ് ഇപ്പോൾ വീട്ടുകാര്യങ്ങൾ നോക്കുന്നത്. അതിനുശേഷം, സിയോണ 38 തവണ കൂടി വിവാഹം കഴിച്ചു.

ഏറ്റവും ഒടുവിൽ 2014 -ലാണ് അദ്ദേഹം വിവാഹിതനായത്. 33 -കാരിയായ ഭാര്യ മാഡം സിയാംതംഗിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. 180 കുടുംബാംഗങ്ങളും ഒരുമിച്ച് ചാനയുടെ തണലിലാണ് ജീവിക്കുന്നത്. അവർക്കാവശ്യമുള്ള ആഹാരം അവർ തന്നെ കൃഷി ചെയ്യുന്നു. സിയോണയുടെ സഹോദരൻ നടത്തുന്ന സ്കൂളിലാണ് കുടുംബത്തിലെ കുട്ടികൾ പഠിക്കുന്നത്.
വീട്ടിലെ എല്ലാ അംഗങ്ങളും ആദ്യഭാര്യയുടെ ഉത്തരവ് അനുസരിക്കുന്നു. എല്ലാവരും വീട്ടിലെ ജോലികൾ പങ്കിട്ട് ചെയ്യുന്നു. പുലർച്ചെ 5.30 -ന് കുടുംബത്തിലെ സ്ത്രീകൾ പാചകം ആരംഭിക്കുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നു. രാത്രി ഒന്പതിന് അവർ എല്ലാവരും ഉറങ്ങാൻ കിടക്കുന്നു.
സിയോണ താഴത്തെ നിലയിലാണ് രാത്രി ഉറങ്ങുന്നത്. ഓരോ ദിവസവും രാത്രി ഭാര്യമാർ മാറിമാറി അദ്ദേഹത്തിനൊപ്പം ഉറങ്ങുന്നു. അദ്ദേഹം 'ചീന പൗൽ' എന്ന മത വിഭാഗത്തിന്റെ നേതാവായിരുന്നു. 'ചാന' എന്നും അത് അറിയപ്പെടുന്നു. പുരുഷന്മാർക്ക് ഒന്നിലധികം വിവാഹം കഴിക്കാൻ ആ മതം അനുവദിക്കുന്നുണ്ട്.