കേരളത്തിലെ വിവിധ കോളജുകളിലെ 2021-22 അധ്യയനവർഷത്തെ എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേക്ക് ഓപ്ഷനുകൾ സമർപ്പിക്കാൻ ഒക്ടോബർ ഒന്പതു വരെ അവസരമുണ്ട്. റാങ്ക് പട്ടികകളിൽ ഇടംപിടിക്കാനുള്ള പരീക്ഷാർഥികളുടെ അർഹതാ നില (ക്വാളിഫൈയിംഗ് സ്റ്റാറ്റസ്) പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഓരോ പേപ്പറിനും 10 മാർക്ക് വീതമെങ്കിലും ലഭിച്ചവരും ഫാർമസി പ്രവേശന പരീക്ഷയിൽ പ്രോസ്പെക്ടസിലെ വ്യവസ്ഥപ്രകാരം കണക്കാക്കിയ ഇൻഡക്സ് മാർക്കിൽ കുറഞ്ഞത് 10 മാർക്കെങ്കിലും ലഭിച്ചവരും റാങ്ക് പട്ടികയിൽ സ്ഥാനം നേടാൻ അർഹതയുള്ളവരാണ്. പ്രവേശന പരീക്ഷകളിൽ പരീക്ഷാർഥികൾക്കു ലഭിച്ച സ്കോർ www.cee.kerala.gov.in ൽ കാണാം.
പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ മിനിമം മാർക്ക് നിബന്ധനയില്ലാതെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എൻജിനിയറിംഗ്/ഫാർമസി കോഴ്സുകൾക്ക് യോഗ്യത നേടിയ വിദ്യാർഥികളും ബി.ആർക്ക് കോഴ്സിനു യോഗ്യതാ പരീക്ഷയുടെ മാർക്കും NATA സ്കോറും നൽകിയ വിദ്യാർഥികളും ഒക്ടോബർ 9 വൈകുന്നേരം നാലുമണിക്കകം മേൽപ്പറഞ്ഞ വെബ്സൈറ്റിലൂടെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം.
ഒക്ടോബർ 11 രാത്രി ഒന്പതിന് ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഒക്ടോബർ 16-ാം തീയതി വൈകുന്നേരം മൂന്നുമണിക്കുള്ളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയ ഫീസ് ഓൺലൈൻ വഴിയോ ഏതെങ്കിലും ഹെഡ്പോസ്റ്റ് ഓഫീസ് വഴിയോ അടയ്ക്കേണ്ടതുണ്ട്.
നിർദിഷ്ട സമയത്തിനകം ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്തവർ അലോട്ട്മെന്റിനു പരിഗണിക്കപ്പെടുകയില്ല എന്നോർമിക്കുക. അലോട്ട്മെന്റ് നേടിയതിനു ശേഷം നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്തവരുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകൾ നൽകാനുള്ള അവസരവും റദ്ദാകും.
ഏതെങ്കിലും കാരണങ്ങളാൽ പരീക്ഷാഫലങ്ങളോ അപേക്ഷകളോ തടഞ്ഞുവയ്ക്കപ്പെട്ട വിദ്യാർഥികൾക്ക് ഒക്ടോബർ 8 വൈകുന്നേരം നാലുവരെ അപാകതകൾ നികത്തി ഓൺലൈൻ ഓപ്ഷനുകൾ നൽകാവുന്നതാണ്. അലോട്ട്മെന്റ് പ്രക്രിയയുടെ വിശദവിവരങ്ങൾക്കും തുടർഘട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കും www.cee.kerala.gov.in പരിശോധിക്കാം.
Adwise Career Consulting, Thrissur. Ph: 9400 610 478