കാർ ഇൻഷുറൻസ് പോളിസി വാങ്ങിക്കും മുന്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കാർ ഇൻഷുറൻസ് പോളിസി  വാങ്ങിക്കും മുന്പ്  ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഒരു കാർ സ്വന്തമാക്കുക എന്നത് പലരുടെയും ആഗ്രഹമാണ്.അങ്ങനെ നേടുന്നത് ജീവിതത്തിന്‍റെ ഭാഗമായി തന്നെയങ്ങ് തീരും. കാർ വാങ്ങിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ശരിയായ കാർ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കുക എന്നതും. ശരിയായ ഇൻഷുറൻസ് പോളിസി എങ്ങനെ തെരഞ്ഞെടുക്കാം എന്നതിനെക്കുറിച്ചാണ് ചുവടെനൽകിയിരിക്കുന്നത്.

1. ശരിയായ ഇൻഷുറൻസ് പ്ലാൻ തെരഞ്ഞെടുക്കുക
രണ്ടു തരത്തിലുള്ള കാർ ഇൻഷുറൻസ് ലഭ്യമാണ്. ഒന്ന് തേഡ് പാർട്ടി ഇൻഷുറൻസാണ്.രണ്ടാമത്തേത് കോംപ്രഹൻസീവ് കാർ ഇൻഷുറൻസ്. തേഡ് പാർട്ടി ഇൻഷുറൻസ ്കവറേജാണെങ്കിൽ അപകടം മൂലം മറ്റൊരാൾക്ക് എന്തെങ്കിലും പരിക്കുപറ്റിയെങ്കിൽ മാത്രമേ കവറേജ് ലഭിക്കു. സ്വന്തം വാഹനത്തിനോ വ്യക്തിപരമായോ കേടുപാടുകളോ അപകടമോ സംഭവിച്ചിരിക്കുന്നതെങ്കിൽ കവറേജ് ലഭിക്കില്ല.
എന്നാൽ കോംപ്രഹൻസീവ് കാർ ഇൻഷുറൻസ് പോളിസിയാണെങ്കിൽ തേഡ് പാർട്ടി ലയബലിറ്റിയോടൊപ്പം തന്നെ വ്യക്തിപരമായ അപകടങ്ങൾക്കും കാറിനു പറ്റുന്ന കേടുപാടുകൾക്കും മോഷണത്തിനും കവറേജ് ലഭിക്കും.

2. എങ്ങനെ വാങ്ങിക്കാം
കാർ ഇൻഷുറൻസ് പോളിസി വാങ്ങിക്കാനുള്ള ഏറ്റവും നല്ല മാർഗം ഓണ്‍ലൈൻ തന്നെയാണ്. കാരണം മറ്റുള്ള കന്പനികളുടെ പോളിസികളുമായി താരതമ്യം ചെയ്തതിനുശേഷം പോളിസി തെരഞ്ഞെടുത്താൽ മതി.എന്നാൽ ഓഫ് ലൈനാണെങ്കിൽ ഇത്തരത്തിലൊരു താരതമ്യം നടക്കില്ല. പോളസി ഡോക്യുമെന്‍റുകളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. ഓഫ് ലൈൻ വഴിയാണെങ്കിൽ പോളിസി രേഖകൾ പോസ്റ്റോഫീസ് വഴി ലഭിക്കാൻ കാലതമാസം വരും. എന്നാൽ ഓണ്‍ലൈൻ വഴിയാണെങ്കിൽ ഡൗണ്‍ലോഡ് ചെയ്ത് അപ്പോൾ തന്നെയെടുക്കാം.

3. കാഷ് ലെസ് സൗകര്യം
കാഷ് ലെസ് പോളിസി തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാഷ് ലെസ് പോളിസിയാണെങ്കിൽ നിരവധി തവണ പണം വാങ്ങിക്കാനായി കന്പനിയിൽ കയറിയിറങ്ങേണ്ട ആവശ്യമില്ല. ഇതുവഴി സമയം ലാഭിക്കാം. ഇൻഷുറൻസ് കന്പനിയുമായി ടൈ അപ്പിലുള്ള ഓട്ടോമൊബൈൽ കടയിൽ വാഹനം എത്തിച്ചാൽ മാത്രം മതി.പിന്നീടുള്ള കാര്യങ്ങൾ അവർ ചെയ്തു കൊള്ളും.

4. ഉപഭോക്താക്കൾക്കുള്ള പിന്തുണ
ഇൻഷുറൻസ് വാങ്ങിയതിനുശേഷം കന്പനി ഉപഭോക്താവിന് നൽകുന്ന പിന്തുണ എത്രമാത്രമുണ്ടെന്നുള്ളത് പ്രധാന്യമർഹിക്കുന്നതാണ്. വളരെ മാന്യമായ പെരുമാറ്റം, 24 മണിക്കൂറുമുള്ള സേവനം എന്നിവയെല്ലാം പോളിസി എടുക്കുന്നതിനു മുന്പ് ലഭ്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട.

5. നോ ക്ലെയിം ബോണസ്
ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കുന്പോൾ നോ ക്ലെയിം ബോണസ് പോളിസിയെക്കുറിച്ചുകൂടി മനസിലാക്കിയിരിക്കണം. ഒരു വർഷത്തിൽ ഒരിക്കൽപ്പോലും ക്ലെയിം ചെയ്തിട്ടില്ലെങ്കിലാണ് നോ ക്ലെയിം ബോണസ് ലഭിക്കുന്നത്.ഇത് സാധാരണയായി പോളിസി പുതുക്കുന്പോൾ അതിനൊപ്പം ചേർക്കുകയാണ് ചെയ്യുന്നത്. നോ ക്ലെയിം ബോണസ് എപ്രകാരമാണ് ലഭ്യമാക്കുന്നതെന്ന് ചോദിച്ച് അറിയേണ്ടതുണ്ട്.

6. ക്ലെയിം പ്രക്രിയകൾ എളുപ്പത്തിൽ
പോളിസി ക്ലെയിം ചെയ്യുന്നതിന് എളുപ്പത്തിലുള്ള നടപടിക്രമങ്ങളാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കന്പനി നൽകുന്ന വിവരങ്ങൾ വായിച്ചും നിലവിലുള്ള ഉപഭോക്താക്കളോട് ചേദിച്ചും ഇക്കാര്യങ്ങൾ മനസിലാക്കാം. ഇക്കാര്യങ്ങളിലെല്ലാം പൂർണമായി സംതൃപ്തിയുണ്ടെങ്കിൽ മാത്രമേ പോളിസി തെരഞ്ഞെടുക്കാവു.