പെട്രോള് അടിച്ച് മടുത്തോ? ഇതാ മികച്ച ഇലക്ട്രിക് കാറുകള്
Monday, June 23, 2025 3:17 PM IST
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി ചുവടുറപ്പിക്കുകയാണ്. പരന്പരാഗതമായ ഫോസിൽ ഇന്ധനത്തിൽ നിന്ന് ഇലക്ട്രിക്കിലേക്ക് മാറുന്നതിലുള്ള ആളുകളുടെ ആശങ്ക കുറഞ്ഞുവരുന്നു.
പ്രമുഖ വാഹന നിർമാതാക്കളെല്ലാം ഇതിനകം തന്നെ ഇലക്ട്രിക് പതിപ്പുകൾ അവതരിപ്പിച്ചു കഴിഞ്ഞു. റേഞ്ചും ചാർജിംഗും ആയിരുന്നു ഇവി വാങ്ങുന്നവരുടെ പ്രശ്നം. അതിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ കന്പനികൾക്ക് കഴിഞ്ഞിട്ടുണ്ട്.
നിരവധി ചാർജിംഗ് സ്റ്റേഷനുകൾ വരികയും ചാർജിംഗ് വേഗത്തിലാക്കുകയും ഒറ്റ ചാർജിൽ കൂടുതൽ റേഞ്ച് ലഭിക്കുന്ന വാഹനങ്ങൾ നിർമാണ കന്പനികൾ പുറത്തിറക്കുകയും ചെയ്തതോടെ കൂടുതൽ ആളുകൾ ഇവിയിലേക്ക് എത്തുന്നു.
രാജ്യത്ത് ഇന്നു ലഭിക്കുന്ന മികച്ച ഇലക്ട്രിക് കാറുകളെ പരിചയപ്പെടാം.
ടാറ്റ ടിയാഗോ ഇ വി
കൈയിലൊതുങ്ങുന്ന വിലയിൽ ഒരു ഇലക്ട്രിക് കാർ അതാണ് ടാറ്റയുടെ ടിയാഗോ ഇ വി. ഹൃസ്വദൂര യാത്രകൾക്കും ഉതകുന്ന വാഹനമാണ് ടിയാഗോ. മികച്ച നിർമാണവും സുരക്ഷയും ടിയാഗോ ഉറപ്പുതരുന്നു.
നഗരത്തിൽ കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പം കറങ്ങാൻ അനുയോജ്യമാണ് ടിയാഗോ ഇ വി.
റേഞ്ച്: 19.2 കിലോവാട്ട്-250 കി.മീ, 24 കിലോവാട്ട്-315 കി.മീ
വില: 7.99 ലക്ഷം രൂപ മുതൽ 11.14 ലക്ഷം രൂപ വരെ
ടാറ്റ പഞ്ച് ഇ വി
സ്റ്റൈലിഷ് ഡിസൈൻ, കരുത്തുറ്റ ബിൽഡ് ക്വാളിറ്റി, മികച്ച ഇന്റീരിയർ എന്നീ സവിശേഷതകളോടെ ടാറ്റ് പുറത്തിറക്കിയ ഇലക്ട്രിക് വാഹനമാണ് പഞ്ച്.
കാഴ്ചയിൽ പെട്രോൾ പഞ്ചിനോട് സമാനമാണെങ്കിലും പൂർണമായ ഇവി പ്ലാറ്റ്ഫോമിലാണ് പഞ്ച് നിർമിച്ചിട്ടുള്ളത്. 5 സ്റ്റാർ റേറ്റിംഗും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉപഭോക്താക്കളുടെ മെച്ചപ്പെട്ട ഓപ്ഷനായി പഞ്ചിനെ മാറ്റുന്നു.
റേഞ്ച്: 25 കിലോവാട്ട്, 315 കി.മീ
35 കിലോവാട്ട്, 421 കി.മീ
വില: 9.99 ലക്ഷം രൂപ മുതൽ 14.44 ലക്ഷം രൂപ വരെ
മഹീന്ദ്ര ബിഇ6 ഇ വി
ആകർഷകവും ആധുനികവുമായ ഒരു ഡിസൈനിൽ മഹീന്ദ്ര പുറത്തിറക്കിയ വാഹനമാണ് ബിഇ6. നിരവധി സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം 5 സ്റ്റാർ റേറ്റിംഗും 200 കിലോമീറ്റർ വരെ വേഗതയാർജിക്കാനുള്ള കഴിവും ലോംഗ് റേഞ്ചും വാഹനത്തെ വ്യത്യസ്തമാക്കുന്നു.
റേഞ്ച്: 59 കിലോവാട്ട്-557 കി.മീ.
79 കിലോവാട്ട്-683 കി.മീ.
വില: 18.90 ലക്ഷം രൂപ മുതൽ 27.65 ലക്ഷം രൂപ വരെ
എംജി കോമറ്റ് ഇ വി
2023 ഏപ്രിലിൽ പുറത്തിറക്കിയ എംജി കോമറ്റ് ഇവി നഗര യാത്രക്ക് യോജിച്ച വാഹനമാണ്. പ്രായോഗികതയും കുറഞ്ഞ പ്രവർത്തനച്ചെലവും കോമറ്റിനെ വ്യത്യസ്തമാക്കുന്നു.
രണ്ട് ഡോറുകളും നാല് സീറ്റുമുള്ള ഒതുക്കമുള്ള രൂപകൽപ്പനയാണ് കോമറ്റിന് നൽകിയിട്ടുള്ളത്.
റേഞ്ച്: 17.4 കിലോവാട്ട് ബാറ്ററി പായ്ക്ക് - 230 കി.മീ.
വില: ബാറ്ററി - ആസ് - എ - സർവീസ് : 5 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.
ബാറ്ററി പായ്ക്ക് സഹിതം : 7.35 ലക്ഷം രൂപ മുതൽ 9.86 ലക്ഷം രൂപ വരെ
ടാറ്റ നെക്സോൺ ഇ വി
2020 ൽ ആദ്യമായി പുറത്തിറങ്ങിയ ടാറ്റ നെക്സോൺ ഇവി, ഇന്ത്യയിലെ ഏറ്റവും ആവശ്യക്കാരുള്ള കോംപാക്റ്റ് ഇലക്ട്രിക് എസ്യുവികളിൽ ഒന്നാണ്.
ആധുനിക രൂപകൽപനയും മെച്ചപ്പെട്ട സവിശേഷതകളും കൊണ്ട്, ഇത് നഗര, ഹൈവേ ഉപയോക്താക്കളെ ഒരുപോലെ ആകർഷിക്കുന്നു.
റേഞ്ച്: 30 കിലോവാട്ട് - ദൂരം 325 കി.മീ
45 കിലോവാട്ട് - ദൂരം 489 കി.മീ.
വില: 12.5 ലക്ഷം രൂപ മുതൽ 17.19 ലക്ഷം രൂപ വരെ
എംജി വിൻഡ്സർ ഇ വി
പ്രീമിയം എക്സ്റ്റീരിയർ, ഇന്റീരിയർ സ്റ്റൈലിംഗ്, മികച്ച സുരക്ഷ, ആഡംബര കോംപാക്റ്റ് എസ്യുവികളെ തോൽപ്പിക്കുന്ന പ്രായോഗികതയോടെ എംജി പുറത്തിറക്കിയ വാഹനമാണ് വിൻഡ്സർ ഇ വി.
മുൻപ് റേഞ്ച് പ്രശ്നമായിരുന്നു എങ്കിൽ ഇപ്പോൾ അത് പരിഹരിച്ച് പുതുക്കിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് എം ജി. ബാറ്ററി വാടകയ്ക്ക് എന്ന രീതിയിലും ഈ വാഹനം വാങ്ങിക്കാൻ കഴിയുന്നതാണ്.
റേഞ്ച്: 38 കിലോവാട്ട് - 332 കി.മീ.
52.9 കിലോവാട്ട് - 449 കി.മീ.
വില: 14.00 ലക്ഷം രൂപ മുതൽ 18.10 ലക്ഷം രൂപ വരെ