സർക്കാർ സ്ക്രാപ്പിംഗ് നയത്തിൽ ശ്രദ്ധിക്കുന്നുണ്ട്. ഇതനുസരിച്ച് അലുമിനിയം, ചെന്പ്, സ്റ്റീൽ, റബർ തുടങ്ങിയ സാമഗ്രികളുടെ പുനരുപയോഗം വഴി ഉത്പാദനച്ചെലവ് 30 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ രേഖപ്പെടുത്തി.
ഉപയോക്താക്കൾക്ക് അവരുടെ പഴയ വാഹനങ്ങൾ ഒഴിവാക്കുന്പോൾ പുതിയ വാഹനങ്ങൾക്ക് മൂന്നു ശതമാനം വരെ കിഴിവ് ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ നയം പുതിയ വാഹനങ്ങളുടെ വില കുറയ്ക്കുമെന്നും നിർമാണച്ചെലവ് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
താൻ ഡീസലിനും പെട്രോളിനും എതിരല്ല. എന്നാൽ, ഇന്ത്യ ഫോസിൽ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കണം. നിലവിൽ 22 ലക്ഷം കോടി രൂപയാണ് ചെലവാക്കുന്നത്. ചെലവ് കുറഞ്ഞതും മലിനീകരണ രഹിതവുമായ ബദൽ മാർഗങ്ങളിലേക്ക് മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുത വാഹനങ്ങൾ (ഇവികൾ), എഥനോൾ പോലുള്ള ജൈവ ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങൾ എന്നിവയിലേക്കുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കണം. അടുത്തിടെ പുറത്തിറക്കിയ ബജാജ് സിഎൻജി ബൈക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പെട്രോൾ ബൈക്കിന് രണ്ടു രൂപ വേണ്ടിവരുന്പോൾ ഒരു സിഎൻജി ബൈക്ക് ഓടിക്കാനുള്ള ചെലവ് കിലോമീറ്ററിന് ഒരു രൂപ മാത്രമാണെന്നും ഗഡ്കരി ഓർമ്മിപ്പിച്ചു. കൂടാതെ, കർഷകർക്ക് എഥനോൾ ഉൽപ്പാദനത്തിൽ നിന്ന് പ്രയോജനം ലഭിക്കും.
ജൈവ ഇന്ധനമെന്ന നിലയിൽ എഥനോളിന്റെ ആവശ്യകത വർദ്ധിച്ചതിനാൽ ചോളത്തിന്റെ വില ഇരട്ടിയായതായും മന്ത്രി പറഞ്ഞു.