സർവീസ് സെന്‍ററുകളിലെ ചതിയിൽ പെടാതിരിക്കാൻ
സർവീസ് സെന്‍ററുകളിലെ  ചതിയിൽ പെടാതിരിക്കാൻ
Tuesday, September 3, 2019 4:38 PM IST
വാഹനത്തിന്‍റെ അറ്റകുറ്റപ്പണികൾ ഗുണമേന്മയോടെ ചെയ്തുകിട്ടാനാണ് മിക്കവരും കന്പനി അംഗീകൃത സർവീസ് സെന്‍ററുകളെ ആശ്രയിക്കാറുള്ളത്. കുറഞ്ഞ സമയത്തിനുള്ളിൽ പണി തീർത്തുകിട്ടുമെന്നതും കൃത്യമായ ബിൽ ലഭിക്കുമെന്നതുമാണ് സർവീസ് സെന്‍ററുകളുടെ മറ്റു മേന്മകൾ. എന്നാൽ ഉപഭോക്താക്കളിൽ നിന്ന് ഇത്തരം വിൽപ്പനാനന്തരസേവന കേന്ദ്രങ്ങൾ അധിക പണം ഈടാക്കുന്നതായി പൊതുവെ പരാതിയുണ്ട്. ഉപഭോക്താക്കളുടെ അജ്ഞത മുതലെടുത്ത് അനാവശ്യമായി അധിക അറ്റകുറ്റപ്പണികൾ നടത്തിയും സ്പെയർപാർടുകൾ മാറിയുമാണ് സർവീസ് സെന്‍ററുകൾ പണം പിടുങ്ങുന്നത്. സർവീസ് സെന്‍ററുകൾ നടത്തുന്ന തട്ടിപ്പുകളിൽ കുടുങ്ങി കീശ കാലിയാവാതെ സൂക്ഷിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ മനസിലാക്കിയിരിക്കുക.

1 ഒരു വണ്ടി വിൽക്കുന്പോൾ ഡീലർക്ക് കിട്ടുന്ന ലാഭം തുച്ഛമാണ്. വിൽപ്പനാനന്തരസേവനത്തിലാണ് അവർ ലാഭം എടുക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ കാർ സർവീസ് സെന്‍ററിലെത്തിക്കാൻ അവർ കൂടുതലായി താൽപ്പര്യം കാണിക്കും. പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ലെങ്കിൽ ഓണേഴ്സ് മാന്വലിൽ പറയുന്ന ഇടവേളകളിൽ മാത്രം സർവീസ് ചെയ്താൽ മതി.

2 വിളിച്ചുപറഞ്ഞാൽ ഡ്രൈവറെ വിട്ട് വണ്ടി കൊണ്ടുപോയി സർവീസ് ചെയ്ത് തിരികെ നൽകുന്ന ഏർപ്പാട് മിക്ക സർവീസ് സെന്‍ററുകളിലും ലഭ്യമാണ്. എന്നാൽ കഴിയുമെങ്കിൽ നമ്മൾ നേരിട്ട് കാർ കൊടുക്കുകയും തിരികെ വാങ്ങുകയും ചെയ്യുന്നതാണ് നല്ലത്. കാരണം സർവീസ് സെന്‍റർ ജീവനക്കാരൻ വണ്ടി മോശമായി ഡ്രൈവ് ചെയ്യാൻ സാധ്യത കൂടുതലുണ്ട്.

3 വാഹനം വാങ്ങിയ ഡീലർഷിപ്പ് നടത്തുന്ന സർവീസ് സെന്‍ററിൽ തന്നെ സർവീസ് ചെയ്യണമെന്ന് നിർബന്ധമില്ല . പരിചയക്കാരോടു അന്വേഷിച്ച് നല്ലൊരു സർവീസ് സെന്‍റർ തിരഞ്ഞെടുക്കുക. വാറന്‍റി പീരിയഡിൽ കന്പനിയുടെ അംഗീകൃത സർവീസ് സെന്‍ററിൽ വാഹനം സർവീസ് ചെയ്യുക.

4 ഓണേഴ്സ് മാന്വലിൽ ഓരോ സർവീസിലും (ഉദാ: 6 മാസം, 1 വർഷം അല്ലെങ്കിൽ 5,000 കിമീ, 10,000 കിമീ. ) പരിശോധിക്കേണ്ട കാര്യങ്ങളും മാറി വയ്ക്കേണ്ട പാർട്സുകളും ലിസ്റ്റ് ചെയ്ത് കൊടുത്തിട്ടുണ്ടാകും. വാഹനത്തിനു പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും അനുഭവപ്പെടുന്നില്ലെങ്കിൽ മാന്വലിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ മാത്രം ചെയ്താൽ മതി എന്ന് സർവീസ് അഡ്വൈസറോട് കണിശമായി പറയുക. ഓർക്കുക സർവീസ് ബിൽ തുക കൂടുന്നതനുസരിച്ച് സർവീസ് സെന്‍ററിലെ ജീവനക്കാർക്ക് ബിൽ തുകയുടെ നിശ്ചിത ശതമാനം കമ്മീഷൻ ആയി ലഭിക്കും. അതുകൊണ്ടുതന്നെ ആവശ്യമില്ലാത്ത അറ്റകുറ്റപണികൾ ചെയ്യിക്കാൻ അവർ ശ്രമിക്കും. അതുകൊണ്ടുതന്നെ നിങ്ങൾക്കു കൂടി ബോധ്യപ്പെട്ട തകരാറുകൾക്ക് മാത്രം അറ്റകുറ്റപ്പണി ചെയ്യിക്കുക.

5 വാഹനം കൊടുക്കുന്നതിനു മുന്പ് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക.
* ഓഡോമീറ്റർ റീഡിംഗ് കുറിച്ച് വെക്കുക.
* ഫ്യുവൽ ടാങ്കിലെ ഇന്ധനത്തിന്‍റെ അളവ് കുറിച്ച് വെയ്ക്കുക.
* ബാറ്ററിയുടെ ബ്രാൻഡും സീരിയൽ നന്പരും എഴുതി വെക്കുക. മേൽപറഞ്ഞ കാര്യങ്ങൾ ഫോണിൽ ഫോട്ടോ ആയി സൂക്ഷിച്ചാലും മതി.
* കൂളിംഗ് ഗ്ലാസ്, പെൻ ഡ്രൈവ്, സിഡി, താക്കോലുകൾ എന്നിവയൊക്കെ എടുത്തുമാറ്റുക.

6 വാഹനത്തിനുള്ള പ്രശ്നങ്ങളെല്ലാം കുറിച്ചെടുത്തുകൊണ്ട് സർവീസ് സെന്‍ററിൽ പോകുക. സർവീസിനു കൊടുക്കുന്പോൾ മറന്നു പോകാതെ എല്ലാ കാര്യങ്ങളും അവതരിപ്പിക്കാൻ ഇതു സഹായിയ്ക്കും. നിങ്ങളുടെ പരാതികളെല്ലാം സർവീസ് റിക്വസ്റ്റ് ഫോറത്തിൽ ശരിയായി എഴുതിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഒപ്പിട്ടു കൊടുക്കുക.


7 സാങ്കേതിക പദങ്ങൾ ഉപയോഗിച്ച് നിങ്ങളെ ആശയക്കുഴപ്പത്തിലാക്കി സർവീസ് ചെലവേറിയതാക്കാൻ ജീവനക്കാർ ശ്രമിച്ചേക്കും. ഉദാഹരണത്തിന് എൻജിൻ ഫ്ലഷ് ചെയ്ത് ഓയിൽ മാറണോ എന്നു ചോദിച്ചാൽ അത് സാധാരണ ഓയിൽ മാറ്റമല്ല. പ്രത്യേക കെമിക്കൽ ഉപയോഗിച്ച് എൻജിൻ വൃത്തിയാക്കിയ ശേഷം ഓയിൽ ഒഴിക്കുകയാണ് ചെയ്യുക. ഇത് ചെലവേറിയ കാര്യമാണ്. മാത്രമല്ല, കുറഞ്ഞത് 50,000 കിലോമീറ്റർ ഓടിയശേഷം മാത്രം ചെയ്യേണ്ട പ്രവർത്തിയുമാണിത്. അതിനാൽ ഓരോ അറ്റകുറ്റപ്പണിയെപ്പറ്റിയും വിശദമായി ചോദിക്കുകയും അതിന് ഏകദേശം എത്ര ചെലവുവരുമെന്നും അന്വഷിച്ചറിയുക.

8 സർവീസ് കഴിഞ്ഞാലുടൻ വിളിച്ചറിയിക്കാൻ സർവീസ് അഡ്വൈസറെ ചുമതലപ്പെടുത്തുക. ഇരുട്ടിയ ശേഷമാണ് വണ്ടി റെഡിയാവുന്നതെങ്കിൽ അന്ന് തിരികെ വാങ്ങാതെ അടുത്ത ദിവസം രാവിലെ വാങ്ങുക. വണ്ടി നന്നായി പരിശോധിക്കാൻ അതാണ് നല്ലത്.

9 ആദ്യം തന്നെ വാഹനത്തിൽ പുതിയ പോറലുകളോ മറ്റോ ഉണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കുക. ഉണ്ടെങ്കിൽ അപ്പോൾ തന്നെ അഡ്വൈസറോട് അക്കാര്യം പറയുക. അവർ തർക്കിച്ചാൽ സർവീസ് റിക്വസ്റ്റിൽ അത് രേഖപ്പെടുത്തിയിട്ടില്ല എന്നത് കാണിച്ചു കൊടുക്കുക. കാർ വൃത്തിയായി കഴുകിയിട്ടുണ്ടോ എന്നും പരിശോധിക്കണം.

10 വാഹനത്തിന്‍റെ ഓഡോ മീറ്റർ പരിശോധിക്കുക. റീഡിങ്ങിൽ അഞ്ച് കിലോമീറ്ററിൽ താഴെ മാറ്റം സാരമാക്കാനില്ല. ടെസ്റ്റ് ഡ്രൈവിനായി ഉപയോഗിച്ചതാവും. കൂടുതൽ ദൂരം ഓടിയതായി കണ്ടാൽ അതിന്‍റെ കാരണം ചോദിക്കുക. ഫ്യുവൽ ഗേജ് റീഡിങും പരിശോധിക്കണം. വാഹനത്തിന്‍റെ ഉൾഭാഗം ശരിയായി വൃത്തിയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. മാറ്റുകൾ എല്ലാം ഉണ്ടോ എന്ന് നോക്കുക.

11 സർവീസ് അഡ്വൈസറെയും കൂട്ടി വാഹനം ടെസ്റ്റ് റൈഡ് നടത്തുന്നത് നല്ലതാണ്. തകരാറുകൾ ( ഉദാ: ഗീയർ മുറുക്കം , ബ്രേക്ക് കുറവ് , ഒച്ചപ്പാട് ) പറഞ്ഞിരുന്നത് പരിഹരിച്ചോ എന്ന് നോക്കുക.

12 മാറ്റിയിട്ടുള്ള സ്പയെർ പാർട്സുകൾ വാഹന ഉടമയ്ക്ക് ലഭിക്കേണ്ടതാണ്. അവ പുതിയ കവറിൽ തന്നെയാണോ എന്നും നോക്കുക. ഇല്ലെങ്കിൽ വിശദീകരണം ചോദിക്കുക. ഡിക്കിയിൽ ഉണ്ടായിരുന്ന സർവീസ് ടൂൾസും സ്റ്റെപ്പിനി ടയറും ഉണ്ടോയെന്നും പരിശോധിക്കുക.

13 സർവീസ് റിക്വസ്റ്റ് ഫോമിൽ രേഖപ്പെടുത്തിയ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചോ എന്ന് നോക്കുക. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സർവീസ് സെന്‍റർ മാനേജറുമായി നേരിട്ട് സംസാരിക്കുക. ബിൽ സുക്ഷ്മമായി പരിശോധിക്കുക. ചെയ്യാത്ത കാര്യങ്ങളോ മാറ്റാത്ത പാർട്സോ ചേർത്തിട്ടുണ്ടോ എന്ന് നോക്കുക.

14 കന്പനി ഫീഡ് ബാക്ക് ഫോം ഒരിക്കലും പൂരിപ്പിക്കാതെ ഒപ്പിട്ടു കൊടുക്കരുത്. നേരിട്ട് അയച്ചു കൊടുത്തു കൊള്ളാം എന്ന് പറഞ്ഞു ഫോം കയ്യിൽ വാങ്ങുക. സർവീസ് മാന്വലിൽ ചെക്ക് ലിസ്റ്റ് ടിക്ക് ചെയ്തിട്ടുണ്ടോ എന്നും സീൽ പതിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക. സർവീസ് കഴിഞ്ഞു ഒരാഴ്ചയ്ക്ക് ശേഷം വാഹനത്തിനു പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ ഫീഡ് ബാക്ക് ഫോറം കന്പനിക്കു അയച്ചു കൊടുക്കുക. കൃത്യമായ വിവരങ്ങൾ മാത്രം രേഖപ്പെടുത്തുക. കന്പനിയുടെ കസ്റ്റമർ സർവീസിൽ നിന്നും ഫോണ്‍ വഴി ഫീഡ് ബാക്ക് ചോദിച്ചാൽ സത്യസന്ധമായി പ്രതികരിക്കുക.

ഐപ്പ് കുര്യൻ