നിഷയുടെ അമ്മക്കിളിക്കൂട്
Saturday, October 20, 2018 4:26 PM IST
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തിനു മുന്നില്‍ തളര്‍ന്നിരുന്ന പങ്കജാക്ഷിയമ്മയെ നിഷ ചേര്‍ത്തു പിടിച്ചപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു. 'അമ്മയിനി ഒറ്റയ്ക്കാവില്ല, അമ്മയെ ആരും വിഷമിപ്പിക്കില്ല.' നിഷ പങ്കജാക്ഷിയമ്മയ്ക്ക് വാക്കു നല്‍കി.
നിഷയ്‌ക്കൊപ്പം ക്ഷേത്രത്തില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോഴും കാറില്‍ കയറുമ്പോഴും എവിടേക്കാണു പോകുന്നതെന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നില്ല. പക്ഷേ ആ മുഖത്ത് പ്രതീക്ഷയും സമാധാനവും നിറഞ്ഞു നിന്നു.
സ്ഥലമെത്തി എന്ന് നിഷ പറഞ്ഞപ്പോള്‍ അപരിചിതമായ ലോകത്ത് എത്തിയ കുഞ്ഞിനെപ്പോലെ പങ്കജാക്ഷിയമ്മ അമ്പരന്നു. ഇതു സ്‌നേഹവീടാണ്, ഇവിടെ അമ്മയെ സ്‌നേഹിക്കാനും അമ്മയ്ക്ക് സ്‌നേഹിക്കാനും ഒരുപാടു പേരുണ്ട്. നിഷയുടെ കൈ പിടിച്ച്, പടിക്കെട്ടിന്‍റെ അരികുപറ്റി സ്‌നേഹവീടിന്‍റെ മുറ്റത്തേക്ക് എത്തിയ പങ്കജാക്ഷിയയെ സ്വീകരിക്കാന്‍ സ്‌നേഹവീട്ടിലെ അന്തേവാസികളെല്ലാവരും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
അങ്ങനെ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മമാരുടെ കൂട്ടത്തിലേക്ക്, നിഷയുടെ സ്‌നേഹക്കൂടിന്‍റെ തണലിലേക്ക് ഒരമ്മ കൂടി എത്തി. 2016 ലാണ് കോട്ടയം കളത്തിപ്പടിയില്‍ നിഷ സ്‌നേഹക്കൂട് അഭയമന്ദിരം ആരംഭിച്ചത്. സ്‌നേഹക്കൂടിനേക്കുറിച്ചും അവിടുത്തെ അമ്മമാരെക്കുറിച്ചും നിഷ പറയുന്നു.
ബുദ്ധിമുട്ടറിഞ്ഞ ബാല്യം
"വിശന്നിരിക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുമ്പോള്‍ കിട്ടുന്ന സന്തോഷം, മനസ് തകര്‍ന്നു നില്‍ക്കുന്നവര്‍ക്ക് ആശ്വാസമേകുമ്പോള്‍ കിട്ടുന്ന സമാധാനം ഇതിനൊന്നും വലിയ ചെലവില്ല. എന്തെങ്കിലും തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. ഒരു ചിരിയോ കെട്ടിപ്പിടുത്തമോ മാത്രമാകും പ്രതിഫലമായി ലഭിക്കുക. പക്ഷേ അവയ്‌ക്കൊന്നും പകരമാകാന്‍ മറ്റൊന്നിനും സാധിക്കില്ല.' നിഷ തുടര്‍ന്നു.
"എന്‍റെ അച്ഛന്‍ സോമന്‍ കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്നു. അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും വളരെയേറെ കഷ്ടതകളും വിഷമങ്ങളും നിറഞ്ഞതായിരുന്നു ബാല്യം. ഞാനും അമ്മയും എന്‍റെ സഹോദരങ്ങളും വിശപ്പിന്‍റെ വിലയറിഞ്ഞിട്ടുണ്ട്. മാറിയിടാന്‍ ഒരു ജോഡി യൂണിഫോം ഇല്ലാത്തതു കൊണ്ട് ഇടുന്ന ഉടുപ്പില്‍ ചെളി പിടിപ്പിക്കാതെ വൈകുന്നേരം വന്ന് കഴുകി ഇടാറുണ്ടായിരുന്നു. ഇങ്ങനെയൊക്കെ വളര്‍ന്നതു കൊണ്ടാവും എന്‍റെ മുന്നില്‍ ആരും വിഷമിച്ചു നില്‍ക്കുന്നതു കാണാന്‍ എന്‍റെ മനസ് അനുവദിക്കാറില്ല.' മൂന്നു മക്കളില്‍ അച്ഛന് ഏറ്റവും ഇഷ്ടം എന്നോടായിരുന്നു. അതിന്‍റേതായ ആനുകൂല്യങ്ങള്‍ അന്നേ ഞാന്‍ പറ്റിയിരുന്നു. അച്ഛന് ഷര്‍ട്ടൊക്കെ ഞാനാണ് ഇസ്തിരിയിട്ടു കൊടുത്തിരുന്നത്. ഷര്‍ട്ടൊന്നിന് ഒന്നോ രണ്ടോ രൂപ എനിക്കു സമ്മാനമായി തരും. ആറും ഏഴും ഷര്‍ട്ടൊക്കെ കാണും. ഈ കിട്ടുന്ന കാശ് സൂക്ഷിച്ചു വയ്ക്കും. ഫീസ് അടയ് ക്കാന്‍ ബുദ്ധിമുട്ടുന്ന ചില കുട്ടികള്‍ ഉണ്ടായിരുന്നു ക്ലാസില്‍. അവര്‍ക്കു വേണ്ടിയാണ് ഈ തുക ഞാന്‍ നീക്കി വച്ചിരുന്നത്.'
വണ്ടിക്കൂലിയെടുത്ത് മരുന്നു വാങ്ങി, വീടു വരെ നടന്നു
ഇരുപതാം വയസിലാണ് ഏറ്റുമാനൂര്‍ അമ്പലത്തിനടുത്തായി നിഷ ഒരു തയ്യല്‍ക്കട ആരംഭിക്കുന്നത്. വിവാഹം കഴിഞ്ഞ സമയമാണ്. അമ്പലത്തിനു മുന്നില്‍ വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട നിരവധി അച്ഛനമ്മമാര്‍ ഉണ്ടാകാറുണ്ട്. അമ്പലത്തില്‍ നേര്‍ച്ചയോ വഴിപാടോ നടത്തുന്നതില്‍ തനിക്ക് താത്പര്യമില്ലെന്നു നിഷ പറയുന്നു. പകരം ആ തുക ഉപയോഗിച്ച് ഇവര്‍ക്കു ഭക്ഷണം വാങ്ങി കൊടുക്കാറാണ് നിഷയുടെ പതിവ്.
'ഒരു ദിവസം ഞാന്‍ അമ്പലത്തില്‍ പോയി വന്നപ്പോള്‍ പ്രായം ചെന്ന ഒരാള്‍ കാലൊക്കെ പൊട്ടി ചോരയൊലിച്ച് നില്‍ക്കുന്നു. പെട്ടെന്നു തന്നെ ഞാന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടു പോയി മുറിവു ഡ്രസ് ചെയ്യിച്ചു. നന്നായി വിശക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൈയില്‍ ബാക്കിയുണ്ടായിരുന്ന പണമെടുത്ത് ഭക്ഷണം വാങ്ങിക്കൊടുത്തു. ചോദിച്ചപ്പോള്‍ വീട്ടില്‍ നിന്ന് മക്കള്‍ ഇറക്കി വിട്ടു, പോകാന്‍ ഇടമില്ല, ക്ഷേത്രനടയിലാണ് കിടക്കുന്നത് എന്നു പറഞ്ഞു.
വൈകുന്നേരം വീട്ടില്‍ പോകാറായപ്പോള്‍ പഴ്‌സില്‍ നോക്കിയപ്പോള്‍ പണമില്ല. പിന്നെ രണ്ടും കല്‍പിച്ച് നടന്നു. ഒടുവില്‍ വീട്ടിലെത്തിയപ്പോള്‍ നേരം ഇരുട്ടി. കാര്യം പറഞ്ഞെങ്കിലും ഭര്‍ത്താവ് മജേഷ് നന്നേ ശകാരിച്ചു. എല്ലാവരും നമ്മള്‍ ചെയ്യുന്നതിനോട് യോജിക്കണമെന്നില്ലല്ലോ' നിഷ ചോദിക്കുന്നു.
എന്നാല്‍ ഇപ്പോള്‍ തന്‍റെ ബലവും പിന്തുണയും ഭര്‍ത്താവും മക്കളായ മീനാക്ഷിയും കല്യാണിയും ആണെന്ന് നിഷ പറയുന്നു. കോട്ടയത്തെ ദി ലേഡി ടെയ്‌ലര്‍ ഡിസൈനര്‍ സ്റ്റിച്ചിംഗ് സെന്‍റര്‍, ദി ലേഡി ടെയ്‌ലര്‍ സ്‌കൂള്‍ ഓഫ് ഡിസൈനര്‍ സ്റ്റിച്ചിംഗ് എന്നീ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് നിഷ.

സ്‌നേഹക്കൂട് ഫേസ്ബുക്ക് കൂട്ടായ്മ
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സുഹൃത്തിന്‍റെ ഭര്‍ത്താവിന് ഹൃദയ ശസ്ത്രക്രിയയ്ക്കു പണം ആവശ്യമായി വന്നപ്പോള്‍ നിഷ സഹായം തേടി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. പോസ്റ്റ് കണ്ട് നിരവധിപേര്‍ ആ കുടുംബത്തിനു സഹായവുമായി മുന്നോട്ടു വന്നു. വെറുതേ ലൈക്കും ഷെയറും ചെയ്തു സമയം കളയാതെ ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടിയും ഫേസ്ബുക്ക് ഉപയോഗിക്കാമെന്ന് അന്നാണ് തിരിച്ചറിഞ്ഞതെന്ന് നിഷ പറഞ്ഞു.' അതായിരുന്നു സ്‌നേഹക്കൂട് എന്ന ഫേസ്ബുക്ക് പേജ് തുടങ്ങാന്‍ പ്രേരണയായത്. തുടക്കത്തില്‍ എന്‍റെ സുഹൃത്തുക്കള്‍ മാത്രമായിരുന്നു കൂട്ടായ്മയിലെ അംഗങ്ങളെങ്കില്‍ പിന്നീട് വിവിധ ജില്ലകളില്‍ നിന്നുള്ളവരും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു.
അഭയമായി സ്‌നേഹക്കൂട്
2016 ല്‍ കോട്ടയം വടവാതൂരില്‍ ആദ്യമായി സ്‌നേഹക്കൂട് അഭയകേന്ദ്രത്തിന്‍റെ തിരി തെളിക്കുമ്പോള്‍ നിഷ ഉള്ളുരുകി പ്രാര്‍ഥിച്ചത് ഈ സ്ഥാപനം എത്രയും വേഗം പൂട്ടിപ്പോകണേ എന്നായിരുന്നു. 'വഴിവക്കിലും കടത്തിണ്ണയിലും അമ്പലമുറ്റത്തുമെല്ലാം മക്കള്‍ ഉപേക്ഷിച്ചു പോകുന്ന അമ്മമാരെ പത്തനാപുരം ഗാന്ധിഭവനിലേക്കാണ് ഞാന്‍ എത്തിച്ചിരുന്നത്. അന്നു ഞാന്‍ ഗാന്ധിഭവന്‍ സ്‌റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു. എന്നാല്‍ പലപ്പോഴും ഈ അമ്മമാര്‍ നമുക്കടുത്തേക്ക് എത്തുമ്പോള്‍ അവര്‍ തീര്‍ത്തും അവശരായിരിക്കും. അത്ര ദൂരം യാത്ര ചെയ്യാന്‍ സാധിക്കുന്ന സ്ഥിതിയാവില്ല. ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു വേണ്ടിയാണ് സ്‌നേഹക്കൂട് അഭയമന്ദിരം ആരംഭിക്കുന്നത്. അധിക നാള്‍ ഇതുമായി മുന്നോട്ടു പോകേണ്ടി വരരുതേ എന്നു ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു. പക്ഷേ എന്നെ വളരെയധികം നിരാശപ്പെടുത്തിക്കൊണ്ട് എട്ടു മാസത്തിനുള്ളില്‍ അന്തേവാസികളുടെ എണ്ണം 33 ആയി. ഇവരില്‍ ഭൂരിഭാഗവും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും.' നിഷ പറയുന്നു.
അമ്മമാരെയും കൂട്ടി കൈനിറയെ പണവുമായി ഒരുപാട് മക്കളെത്തി. ആ അമ്മമാരെയൊന്നും നിഷ സ്‌നേഹക്കൂട്ടിലേക്ക് ക്ഷണിച്ചില്ലെന്നു മാത്രമല്ല അവരെ മക്കള്‍ക്കൊപ്പം മടക്കി അയക്കുകയും ചെയ്തു.
നന്മയുടെ നാടന്‍ രുചി
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്‌നേഹക്കൂട് അഭയ മന്ദിരത്തിലെ അമ്മമാര്‍ക്ക് ആഹാരത്തിനായി 'കഞ്ഞിയും കപ്പയും കടിയും' എന്ന നാടന്‍ വഴിയോര ഭക്ഷണശാല തുടങ്ങിയത്. കളത്തിപ്പടി മരിയന്‍ സ്‌കൂളിന് സമീപമുള്ള ഈ നാടന്‍ തട്ടുകട കോട്ടയത്തെ ഭക്ഷണപ്രേമികളുടെ ഇഷ്ട ഇടമായി മാറിക്കഴിഞ്ഞു.
അഭയകേന്ദ്രത്തിലെ അമ്മമാരാണ് ഭക്ഷണം പാകം ചെയ്യുന്നത്. വൈകുന്നേരങ്ങളില്‍ അവര്‍ക്ക് ഇവിടെ വന്നു നില്‍ക്കാന്‍ സാധിക്കാത്തതു കൊണ്ട് പകരം ആള്‍ക്കാരെ നിര്‍ത്തിയിട്ടുണ്ട്. അഭയകേന്ദ്രത്തില്‍ പുരുഷനായുള്ളത് സുനില്‍ മാത്രമാണ്. അദ്ദേഹമാണ് തട്ടുകടയുടെ വരവു ചെലവുകള്‍ നോക്കുന്നത്.
കലര്‍പ്പും മായവും ചേര്‍ക്കാത്ത ഭക്ഷണം വിളമ്പുമ്പോള്‍ ഞങ്ങള്‍ക്കു ലഭിക്കുന്ന സംതൃപ്തിപോലെ പ്രധാനപ്പെട്ട മറ്റൊന്നു കൂടിയുണ്ട്. ഒരാള്‍ ഇവിടെ നിന്നു ഭക്ഷണം കഴിക്കുമ്പോള്‍ അത് എന്‍റെ ഒരമ്മയുടെ വിശപ്പ് അകറ്റും' നിഷ തുടര്‍ന്നു. "മാത്രമല്ല, കൈയില്‍ പൈസയില്ലെങ്കിലും നിങ്ങള്‍ക്കു ധൈര്യമായി ഇവിടെ കയറി വയറു നിറയെ ഭക്ഷണം കഴിക്കാം. കാശില്ലാത്തതു കൊണ്ടു മാത്രം ഒരാളും വിശന്നിരിക്കരുത്. മറ്റ് ഉപജീവന മാര്‍ഗമില്ലാത്തവര്‍ക്കാണ് നിഷ തന്‍റെ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നത്.
ആ ചിരി മതിയല്ലോ...
സ്‌നേഹക്കൂട്ടിലേക്ക് എത്തുന്നവരെ അധികനാള്‍ അവിടെ നിര്‍ത്തുന്നതിനോട് നിഷയ്ക്കു തീരെ താത്പര്യമില്ല. മക്കളേയോ ബന്ധുക്കളേയോ തേടിപ്പിടിച്ച് അമ്മമാരെ അവര്‍ക്കൊപ്പം അയയ്ക്കും. അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നതിനായി ഇടയ്ക്കിടെ അവരെ സന്ദര്‍ശിക്കുകയും ചെയ്യും. 'മക്കള്‍ക്കൊപ്പം പോകുമ്പോള്‍ ഈ അമ്മമാരുടെ മുഖത്തെ ചിരി ഒന്നു കാണണം. എന്ത് സന്തോഷമാണെന്നോ? യാതൊരു കാരണവശാലും അമ്മമാരെ ഏറ്റെടുക്കില്ലെന്നു പറയുന്ന മക്കളുണ്ട്. മക്കള്‍ക്കൊപ്പം പോകാന്‍ ഭയമുള്ള അമ്മമാരുമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഇവിടെ തന്നെ നില്‍ക്കാം. ഇവിടെ ഉറക്കം ഉണരാനോ ഭക്ഷണം കഴിക്കാനോ ബെല്‍ അടിക്കില്ല. വിശക്കുമ്പോള്‍ എടുത്ത് കഴിക്കാം. ടിവി കാണാം. പുസ്തകങ്ങള്‍ വായിക്കാം. സംസാരിച്ചിരിക്കാം. സ്വന്തം വീട്ടില്‍ എങ്ങനെയാണോ അതുപോലെ തന്നെ.'
അംഗീകാരം പ്രതീക്ഷിച്ചല്ല, മാതൃകയാകാനാണിഷ്ടം
അംഗീകാരങ്ങള്‍ പ്രതീക്ഷിച്ചല്ല നിഷ ഈ അമ്മമാരെ നോക്കുന്നത്. മറിച്ച് മറ്റുള്ളവര്‍ക്കു മാതൃകയാകാനാണ്. എന്നാല്‍ 2015ലെ ഡോ.അംബേദ്കര്‍ ദേശീയ പുരസ്‌കാരമുള്‍പ്പെടെ 80ലധികം അംഗികാരങ്ങളും പുരസ്‌കാരങ്ങളും നിഷയെത്തേടിയെത്തി. ഈസ്‌റ്റേണ്‍ ഭൂമിക പുരസ്‌കാരം, ഹരിയാന ഗ്ലോബല്‍ ഡയമണ്ട് അവാര്‍ഡ്, പമ്പരം കുട്ടിക്കൂട്ടം അവാര്‍ഡ് എന്നിങ്ങനെ ആ പട്ടിക നീളുന്നു.
എന്നാല്‍ ഇവയെക്കാളൊക്കെ നിഷയ്ക്ക് പ്രിയപ്പെട്ടത് സ്‌നേഹക്കൂട്ടില്‍ നിന്നു മക്കള്‍ക്കൊപ്പം മടങ്ങി പോകുന്ന അമ്മമാരുടേയും സ്‌നേഹക്കൂട്ടില്‍ കഴിയുന്ന അമ്മമാരുടേയും സന്തോഷമാണ്.
അഞ്ജലി അനില്‍കുമാര്‍
ഫോട്ടോ കെ.ജെ ജോസ്