വിപണി തെരഞ്ഞെടുപ്പിനു മുന്പേയുള്ള കുതിപ്പിൽ
വിപണി തെരഞ്ഞെടുപ്പിനു മുന്പേയുള്ള കുതിപ്പിൽ
Friday, April 12, 2019 3:52 PM IST
പതിവുപോലെ തെരഞ്ഞെടുപ്പു വർഷം എത്തി. തെരഞ്ഞെടുപ്പു തീയതിയും പ്രഖ്യാപിച്ചു. ഇനിയും ഇതിന്‍റെ ഫലത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകർ. പതിവു തെറ്റിക്കാതെ തെരഞ്ഞെടുപ്പിനു മുന്പുള്ള വിപണിയും കുതിക്കുകയാണ്. ചരിത്രം നോക്കിയാൽ പൊതു തെരഞ്ഞെടുപ്പിനു മുന്പുള്ള സമയത്ത് മുപ്പത് ഓഹരികളടങ്ങിയ സെൻസെക്സ് മികച്ച ഉയർച്ച നേടുകയാണ് പതിവ്. ഇത്തവണയും പതിവ് തെറ്റിയില്ല.

2019 മാർച്ചിൽ തെരഞ്ഞെടുപ്പിനു രാജ്യം തയാറെടുക്കുന്പോൾ വിപണി തെരഞ്ഞെടുപ്പിനു മുന്പേയുള്ള മുന്നേറ്റത്തിലാണ്. ഇന്ത്യൻ ഓഹരി വിപണിയുടെ ബഞ്ചുമാർക്ക് സൂചികകളായ സെൻസെക്സ് മാർച്ച് ഒന്നു മുതൽ ഇതുവരെ ( മാർച്ച് 20 വരെ) 6.96 ശതമാനവും നിഫ്റ്റി 6.86 ശതമാനവും ഉയർച്ച നേടി.

മുൻകാല പൊതുതെരഞ്ഞെടുപ്പു സമയത്തെ പ്രീ- പോൾ റാലികൾ കണക്കിലെടുത്താൽ ഇത്തവണയും ഇപ്പോഴത്തെ പ്രീ- പോൾ വിപണി റാലി തുടരുവാനുള്ള സാധ്യതയേറെയാണ്. പ്രത്യേകിച്ചും കുറഞ്ഞ ഭൂരിപക്ഷത്തോടെയാണെങ്കിലും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പല അഭിപ്രായവോട്ടെടുപ്പുകളും പ്രവചിച്ച സാഹചര്യത്തിൽ. അഞ്ഞൂറ്റി നാൽപ്പത്തിമൂന്നംഗ ലോക്സഭയിൽ ബിജെപി സഖ്യത്തിന് 264 സീറ്റുവരെ കിട്ടാമെന്നാണ് പല സർവേകളും പറയുന്നത്. യുപിഎയ്ക്ക് 141 സീറ്റും പ്രതീക്ഷിക്കുന്നു.

ബാലക്കോട്ട് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്ന വിലയിരുത്തലും ഇപ്പോഴത്തെ റാലിക്കു കാരണമാണ്. പൊതു തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതിനെത്തുടർന്ന് സെൻസെക്സ് 36394 പോയിന്‍റിൽനിന്ന് 1088 ഓഗസ്റ്റിലെ 38989 പോയിന്‍റിലേക്കുള്ള ( ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോയിന്‍റ്) പ്രയാണത്തിലാണ്. മാർച്ച് 20-ന് വിപണ് 38387 പോയിന്‍റിൽ ക്ലോസ് ചെയ്തിരിക്കുകയാണ്.

ഇപ്പോഴത്തെ ആവേശം കണക്കിലെടുത്താൽ തെരഞ്ഞെടുപ്പിനു മുന്പേ പുതിയ ഉയരങ്ങൾ സെൻസെക്സ് കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊതു തെരഞ്ഞെടുപ്പ് മുന്നേറ്റത്തിന് നിമിത്തമാകുന്നു

രാജ്യത്തെ നിയമനിർമാണത്തിനും നയ രൂപീകരണത്തിനും സാന്പത്തിക തീരുമാനങ്ങൾക്കും അധികാരമുള്ള പാർലമെന്‍റിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നവെന്നതാണ് പൊതു തെരഞ്ഞെടുപ്പു വിപണിയിൽ ചലനം സൃഷ്ടിക്കുന്നത്. പുതിയ ഗവണ്‍മെന്‍റിന്‍റെ തീരുമാനങ്ങൾ വിപണിയെ നേരിട്ടു ബാധിക്കുന്നു. അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായാൽ അതു വ്യവസായ വളർച്ചയ്ക്കും പൊതുവായ സാന്പത്തിക വളർച്ചയ്ക്കും കാരണമാകുന്നു. അതു വിപണിയിൽ ഉത്സാഹം സൃഷ്ടിക്കുന്നു. മറിച്ചായാൽ വിപണി നിരാശയിലേക്കു വീഴുന്നു. അതുകൊണ്ടുതന്നെ പൊതു തരെഞ്ഞെടുപ്പ് വിപണിയേയും നിക്ഷേപകരേയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്.

ഗവണ്‍മെന്‍റിന്‍റെ മുൻകാല പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പു മാനിഫെസ്റ്റോകളുമാണ് പ്രീ പോൾ റാലിക്കു നിമിത്തമാകുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗവണ്‍മെന്‍റിന് താൽപര്യമുള്ള മേഖലകൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാവുന്നതാണ്.

ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ്, മോർഗൻ സ്റ്റാൻലി പോലുള്ള നിക്ഷേപക സ്ഥാപനങ്ങളും ഇന്ത്യൻ വളർച്ചയെക്കുറിച്ചു വളരെ പ്രതീക്ഷ വച്ചു പുലർത്തുന്നു.

സെൻസെക്സ് തെരഞ്ഞെടുപ്പും

2009-ൽ പൊതു തെരഞ്ഞെടുപ്പു ക്വാർട്ടറിൽ 49 ശതമാനം ഉയർച്ച നേടിയപ്പോൾ 2014-ൽ 17 ശതമാനം ഉയർച്ചയേ നേടിയുള്ളു. 2014-ലെ വളർച്ചാക്കുറവിനു മറ്റൊരു കാരണമുണ്ട്. 2013 സെപ്റ്റംബറിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചതു മുതൽ വിപണി മുന്നേറ്റത്തിലായിരുന്നു.
കൃത്യം ഒരു ദശകം മുന്പ് 2009-ലെ അതേ തരത്തിലുള്ള റാലിയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ആഗോള ധനകാര്യ മേഖലയിലെ കുഴപ്പത്തെത്തുടർന്ന് 2008-ൽ മോശമായ പ്രകടനമാണ് ഓഹരി വിപണി കാഴ്ച്ചവച്ചത്. പൊതു തെരഞ്ഞെടുപ്പിലേക്ക് കടന്നതോടെ വിപണി മികച്ച മുന്നേറ്റമാണ് കാഴ്ച വച്ചത്. അതേ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. 2018-ൽ ഓഹരി വിപണി മന്ദഗതിയിലായിരുന്നു. 2018-ൽ സെൻസെക്സ് 6.5 ശതമാനം ഉയർച്ചയാണ് നേടിയത്. അതേ സമയം പ്രീ- പോൾ റാലിയായി മാർച്ച് ഒന്നു മുതൽ സെൻസെക്സ് ഏഴു ശതമാനത്തോളം വളർച്ച നേടിയിട്ടുണ്ട്.

1999, 2009,2014 പൊതു തെരഞ്ഞെടുപ്പിന് മുന്പുള്ള രണ്ടു മാസക്കാലത്ത് സെൻസെക്സ് 7-37 ശതമാനം വളർച്ച നേടിയിട്ടുണ്ട്. 2014-ൽ ഇത് 11 ശതമാനമാണ്.

എന്നാൽ 1999-ലും 2004-ലും തെരഞ്ഞെടുപ്പിനു ശേഷമുള്ള രണ്ടു മാസങ്ങളിൽ സെൻസെക്സ് 3-8 ശതമാനം ഇടിവാണ് കാണിച്ചത്. എന്നാൽ 2009-ലെ തെരഞ്ഞെടുപ്പിൽ യുപിഎ രണ്ടാമതും തിരിച്ചുവന്നപ്പോൾ സെൻസെക്സ് 17 ശതമാനം ഉയർച്ച നേടിയിരുന്നു. മോദി സർക്കാർ 2014-ൽ അധികാരത്തിൽ വന്നതിനുശേഷം രണ്ടു മാസക്കാലത്ത് 4.6 ശതമാനം ഉയർച്ചയും വിപണിയിലുണ്ടായി.


നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കാം

2019-ലെ പൊതു തെരഞ്ഞെടുപ്പ് ബിജെപിക്കു മാത്രമല്ല നിക്ഷേപകനും പ്രധാനപ്പെട്ടതാണ്. ഉറച്ച സർക്കാരിനോടും നല്ല സാന്പത്തിക പരിഷ്കാരങ്ങളോടും വിപണി എപ്പോഴും അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. 1990 കൾ മുതലുള്ള വിപണി നീക്കങ്ങൾ ഇതു ശരി വയ്ക്കുന്നതാണ്. മികച്ച സാന്പത്തിക പരിഷ്കരണത്തിന്‍റെ പശ്ചാത്തലത്തിൽ 1991-ൽ വിപണി ഏതാണ്ട് 200 ശതമാനത്തോളമാണ് ഉയർന്നത്.

2009-ലെ അവസ്ഥയ്ക്കു സമാനാണ് 2019-ലെ സ്ഥിതി. 2018-ലെ മോശം പ്രകടനത്തിനുശേഷം പ്രീപോൾ റാലിയിലാണ് വിപണി. തെരഞ്ഞെടുപ്പിനുശേഷവും വിപണി ശക്തമായ പ്രകടനം കാഴ്ച വയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. അത്തരത്തിലുള്ള ചില അഭിപ്രായ പ്രകടനങ്ങളാണ് വിപണി വിദ്ഗ്ധരിൽനിന്ന് ഉയർന്നുവരുന്നതും. ചരിത്രം നൽകുന്ന പാഠവും വ്യത്യസ്തമല്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യത്തെ 15-18 മാസക്കാലത്ത് ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവച്ചതായാണ് മുൻകാലത്തെ അനുഭവം.
ഏതു പാർട്ടിയോ മുന്നണിയോ അധികാരത്തിൽ വന്നാലും രാജ്യത്തിന്‍റെ സാന്പത്തിക പരിഷ്കാരങ്ങൾക്ക് തടവീഴുകയില്ലെന്നു മാത്രമല്ല, അതു മുന്നോട്ടു കൊണ്ടുപോകുമെന്നു തന്നെയാണ് സാന്പത്തിക വിദഗ്ധരുടെയും വിപണി പണ്ഡിറ്റുകളുടേയും വിലയിരുത്തൽ. മുൻകാലങ്ങളിൽ അതാണു സംഭവിച്ചിട്ടുള്ളത്. കൂടുതൽ പരിഷ്കാരങ്ങൾ ഉണ്ടാവുകയാണ് ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുപ്പു ഫലം വിപണിയെ ചെറിയ കാലത്തേക്കു മാത്രമേ സ്വാധീനിക്കുകയുള്ളു. തുടർന്നുള്ള സർക്കാരിന്‍റെ തീരുമാനങ്ങളും നയങ്ങളും അതുവഴിയുള്ള സാന്പത്തിക വളർച്ചയുമാണ് വിപണിയെ ദീർഘകാലത്തിൽ സ്വാധീനിക്കുന്നത്.

കഴിഞ്ഞ അഞ്ചുവർഷക്കാലത്ത് ബിജെപി സർക്കാർ നിരവധി സാന്പത്തിക തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ജിഎസ്ടി, നോട്ട് പിൻവലിക്കൽ, ഐബിസി, കയറ്റുമതി വളർത്തുന്നിതിനുള്ള നടപടികൾ തുടങ്ങിയവ. ഇവയുടെ പിൻബലത്തിൽ 2017-ൽ വിപണിയിൽ വൻ ഉയർച്ച ഉണ്ടായതാണ്. ഇത് വിപണിയെ ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ എത്തിക്കുയും ചെയ്തു.

ബിജെപിക്ക് അനുകൂലമായ ഫലമുണ്ടായാൽ ഓഹരി വിപണിയിൽ ഒരു മുന്നേറ്റം പ്രതീക്ഷിക്കാം. സർക്കാർ മാറിയാൽ താൽക്കാലികമായെങ്കിലും ഒരു ഇടിവുണ്ടായേക്കാം.

അനിശ്ചിതത്വം മാറി

തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ വിപണിയിലെ അനിശ്ചിതത്വം മാറിയിരിക്കുകയാണ്. ഇനി തെരഞ്ഞെടുപ്പു ഫലമാണ് വിപണിയിൽ ചാഞ്ചാട്ടമുണ്ടാക്കുക. അതുവരെ ഏതാണ്ട് സ്ഥിരതയോടെ വിപണി നീങ്ങുവാനാണ് സാധ്യത. എൻഡിഎ ഭരണത്തിൽ തുടരുകയും ഇപ്പോഴത്തെ സാന്പത്തിക വളർച്ചയും സ്ഥിരതയുള്ള സാന്പത്തിക നയവും തുടരുകയും ചെയ്താൽ 2019-ൽ വിപണി പുതിയ ഉയരത്തിലെത്തുമെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

2019-ൽ വിദേശനിക്ഷേപക സ്ഥാപനങ്ങൾ ഇതുവരെ 20000 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരിയിൽ നടത്തിയിട്ടുള്ളത്. ആഗോള രാഷ്ട്രീയ സംഘർഷം കുറഞ്ഞത്, സ്ഥിരതയുള്ള ഗവണ്‍മെന്‍റ് ഇന്ത്യയിൽ വരാനുള്ള സാധ്യത, രൂപ ശക്തമാകുന്നത്, സാന്പത്തിക വളർച്ച, കന്പനികളുടെ വരുമാന വളർച്ച തുടങ്ങിയവയെല്ലാമാണ് വിദേശ നിക്ഷേപകസ്ഥാപനങ്ങളെ ഇന്ത്യൻ വിപണിയിലേക്കു തിരിച്ചുകൊണ്ടുവന്നത്. താമസിയാതെ യുഎസ് പലിശ കുറയ്ക്കുമെന്ന വിലയിരുത്തലും ഇന്ത്യൻ വിപണിക്കു തുണയായി. റിസർവ് ബാങ്ക് അടുത്ത പണനയത്തിൽ റീപോ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും വിപണിക്ക് ആവേശം പകരുന്നുണ്ട്.
ഇപ്പോഴത്തെ വിപണിയിൽ പങ്കാളിയാകാതിരിക്കുന്നതാണ് റിസ്കെന്നാണ് പല വിപണി വിദഗ്ധരുടേയും അഭിപ്രായം. ഇപ്പോഴത്തെ റാലി സെൻസെക്സിനെ 50000 പോയിന്‍റിലേക്ക് ഉയർത്താനുള്ള സാധ്യതയാണ് കാർവി സ്റ്റോക്ക് ബ്രോക്കിംഗിലെ ഫണ്ടമെന്‍റൽ റിസേർച്ച് ഹെഡ് വിവേക് രഞ്ജൻ മിശ്ര കാണുന്നത്.

അടുത്ത ദശകത്തോടെ സെൻസെക്സ് 50000 പോയിന്‍റിലേക്കും 2030-ന് മുന്പ് ഒരു ലക്ഷം പോയിന്‍റിലേക്കുമെത്തുമെന്നാണ് എലിക്സിൽ ഇക്വിറ്റീസിന്‍റെ ഡയറക്ടർ ദിപൻ മേത്തയുടെ വിലയിരുത്തൽ. ചുരുക്കത്തിൽ 2019-ലെ തെരഞ്ഞെടുപ്പ് ഇന്ത്യൻ ഓഹരി വിപണിക്ക് കുതിപ്പിനുള്ള ചവിട്ടു പലകയാകുകയാണ്. ഈ അവസരം പാഴാക്കാതിരിക്കുക.
നിക്ഷേപകർ വിപണിയിൽ നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കണമെന്നാണ് വിപണിയുടെ ചരിത്രം നൽകുന്ന പാഠം.

ജോയി ഫിലിപ്പ്