മോണാലിസയുടെ മന്ദസ്മിതം
പ്രസാധകർ: പ്രഭാത് ബുക്ക് ഹൗസ്
വില: 100 രൂപ
ഹൈസ്കൂൾ വിദ്യാർഥിയായ കാലത്താണ്.. അന്ന് ഫ്രാൻസിനെ അറിയുന്നതിനു മുൻപ് മനസ്സിൽ പ്പതിഞ്ഞ നാലു പേരുകളുണ്ടായിരുന്നു. നെപ്പോളിയൻ ബോണപ്പാർട്ടും ഡാവിഞ്ചിയുടെ മോണാലിസയും വിക്ടർ ഹ്യൂഗോയുടെ പാവങ്ങളും, പിന്നെ ഈഫൽ ഗോപുരവും.
അസാധ്യം എന്ന പദം നിഘണ്ടുവിൽ നിന്നെടുത്തു കളയണം എന്ന് കൽപ്പിച്ച ഫ്രാൻസിന്റെ ധീരനായ ചക്രവർത്തിയായ നെപ്പോളിയൻ അന്ന് തെല്ലൊന്നുമല്ല സ്വാധീനിച്ചത്. നെപ്പോളിയന്റെ ധീരതയോട് കടുത്ത ആരാധനയായിരുന്നു.
അതുപോലെ മോണാലിസയും ആകാശത്തെ ചുംബിക്കുന്ന ഈഫൽ ഗോപുരവും പാവ ങ്ങൾ എന്ന ക്ലാസിക് നോവലും. കഴിഞ്ഞുവെന്നു പറയാം ഫ്രാൻസിനെക്കുറിച്ചുള്ള അറിവുകൾ.
വായനയും ഒരു സഞ്ചാരമാണല്ലോ? ആ സഞ്ചാരത്തിനിടയിൽ, എസ്. കെ. പൊറ്റക്കാടിന്റെയും മറ്റും സഞ്ചാര സാഹിത്യത്തിലൂടെ സഞ്ചരിച്ചു.
എൻ.എൻ.കക്കാട് കുറിച്ചതു പോലെ കാലം ഒഴുകി....വിഷുവും ഓണവും കടന്നു പോയി....വിടാതെ ഒപ്പമുള്ളത് പുസ്തകങ്ങളായിരുന്നു....
അവിചാരിതമായാണ് കാരൂർ സോമന്റെ കണ്ണിനു കുളിരായി എന്ന ഫ്രാൻസ് യാത്രാവിവരണം ലഭിച്ചത്. അറിഞ്ഞത് എത്രയോ തുച്ഛം എന്ന ആ വലിയ അറിവിനു മുന്നിൽ ശിരസ് കുനിഞ്ഞു പോയ നിമിഷം.
ഫ്രാൻസ് ഒരു മഹാത്ഭുതമായി ഉൾക്കണ്ണുകൾക്കു മുന്നിൽ വിടർന്നു വിലസുന്ന ഒരു വായനാനുഭവ മായിരുന്നു ഈ ചെറിയ പുസ്തകം പകർന്നു നൽകിയത്.
ലുവർ മ്യൂസിയത്തിലെ ചില്ലുപേടകത്തിലെ മോണാലിസയുടെ ഗൂഢമന്ദസ്മിതം കാണാൻ പോയ യാത്രാനുഭവം അറിവിന്റെയും അത്ഭുതത്തിന്റെയും ആകാശജാലകങ്ങളാണ് അനുവാചകനു മുന്നിൽ തുറക്കുന്നത്.
ഡാവിഞ്ചിയുടെ വിശുദ്ധ മറിയം ഉണ്ണിയേശുവുമായുള്ള പാറകളുടെ കന്യക എന്ന എണ്ണച്ഛായാ ചിത്രവും ക്രിസ്തു ശിഷ്യന്മാരോടൊപ്പമിരുന്നുള്ള അവസാനത്തെ അത്താഴം എന്ന ചിത്രത്തെക്കുറിച്ചും വായിക്കുമ്പോൾ മാനവരാശിക്കു പ്രകാശം പകർന്ന ഡാവിഞ്ചി എന്ന അത്ഭുതത്തെ അനുവാചകൻ അറിയുന്നു.
ഫ്രാൻസ് ഒരു രാജ്യമല്ല. അതൊരു സംസ്കാരമാണ് എന്ന് ഈ യാത്രാവിവരണത്തിൽ ഗ്രന്ഥകാരൻ അടിവരയിടുന്നു. താളുകൾ മറിക്കുമ്പോൾ ആ വരികളുടെ ആഴം അനുവാചകൻ തൊട്ടറിയുന്നു.
തീർന്നില്ല, ഒരിക്കലും പഠിച്ചു തീർക്കാനാവാത്ത പടയോട്ടത്തിന്റെ രക്തം പുരണ്ട ശവക്കല്ലറകൾ നിറഞ്ഞ ഫ്രാൻസിന്റെ രക്തമുറയുന്ന ഗാഥകൾ ഹൃദയസ്പർശിയായി കോറിയിട്ടിരി ക്കുന്നു.
ആ നാട്ടിലൂടെയുള്ള യാത്രകൾ അനുഭവങ്ങളുടെ, അറിവിന്റെ ഉൾത്തുടിപ്പുകളാണ്. സഞ്ചാര സാഹിത്യത്തിനൊപ്പം ചരിത്രപഥങ്ങൾ ഉൾകൊള്ളുന്ന ഒരു രാജ്യത്തിന്റെ തേജസും യശസും വെളിപ്പെടുത്തുന്നു ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ.
ഫ്രാൻസിൽ പോകാൻ സാധിക്കാത്തവർക്ക് "കണ്ണിന് കുളിരായി' എന്ന യാത്രാവിവരണത്തിലൂടെ ആ ദേശത്തെ അറിയാൻ കഴിയുന്നു. ഇന്ന് മലയാള സഞ്ചാര സാഹിത്യത്തിൽ ഇരുണ്ട ആഫ്രിക്കയടക്കം സാഹസികമായ യാത്രകൾ നടത്തുന്ന സാഹിത്യകാരനും ചരിത്രകാരനുമാണ് കാരൂർ സോമൻ.
സഞ്ചാര സാഹിത്യത്തെ ഇത്ര ചാരുതയോടെ എഴുതാൻ സർഗ്ഗധനരായ സാഹിത്യകാര ന്മാർക്കുമാത്രമേ സാധിക്കു. എഴുപത്തിരണ്ട് പേജുകളിൽ, പന്ത്രണ്ട് അധ്യായങ്ങളിലായി ഫ്രാൻസിനെ അവലോകനം ചെയ്യുന്ന കണ്ണിനു കുളിരായി എന്ന യാത്രാവിവരണം ഹൃദ്യമായ വായനാനുഭവമാണ്.
കവിത തുളുമ്പുന്ന ലളിത സുന്ദരമായ ഭാഷയെക്കുറിച്ച് എടുത്തു പറയാതെ വയ്യ. നിലാവിലലിയുന്ന നോട്രീം ഡാം ദേവാലയ സന്ദർശനത്തെക്കു റിച്ചുള്ള രണ്ടാമത്തെ അധ്യായത്തിലെ നിറപ്പകിട്ടാ ർന്ന ഭാഗങ്ങൾ വായനയ്ക്ക് വർണ്ണപ്പകിട്ടേകുന്നു.
കലാകാരന്മാരുടെ പാരീസ്.....എഴുത്തുകാരുടെ പാരീസ്.....ഉറങ്ങാതെ പ്രകാശത്തിൽ സദാ കുളിച്ചു കിടക്കുന്ന മദാലസയായ പാരീസ്.....വായന എന്ന സഞ്ചാരം പുസ്തകത്തിന്റെ കവിതയൂറുന്ന ശീർഷകം പോലെ കണ്ണിനു കുളിരാവുന്ന നിമിഷം.
കെ. ആർ മോഹൻദാസ്