തുഞ്ചന്റെ ശാരിക
Tuesday, August 9, 2016 4:57 AM IST
<യ> ഡോ. എം.ഐ. തമ്പാൻയ>
‘‘ശാരികപ്പൈതലേ, ചാരുശീലേ, വരി–
കാരോമലേ, കഥാശേഷവും ചൊല്ലു നീ’’
തൂവൽ കൊഴിഞ്ഞുപോയ്, മേനി ചുളിഞ്ഞുപോയ്
പീളയടിഞ്ഞ കൺകാഴ്ച കുറഞ്ഞുപോയ്
ചുണ്ടുകൾ തൊണ്ടിപ്പഴത്തിന്റെ ശോഭപോയ്
കാതുകൾ മന്ദമായെങ്കിലും പെൺമണി
കർണ്ണപീയൂഷമായാമന്ത്രണം കേട്ടു
കോരിത്തരിച്ചവൾ, വൃദ്ധയായെങ്കിലും.
പാരം പണിപ്പെട്ടു ചിമ്മിത്തുറന്നുതൻ
കണ്ണുകൾ, കാണുവാനാമഹാത്മാവിനെ
വേപഥു പൂണ്ടു നാരായത്തഴമ്പാർന്ന
പാണിയാൽ തന്നെത്തഴുകുമാചാര്യനെ.
പഞ്ചവർണ്ണക്കിളിക്കാമോ മറക്കുവാൻ
പഞ്ചമം പാടി പഠിപ്പിച്ച തുഞ്ചനെ?
ഛന്ദസ്സലങ്കാരമെല്ലാം മറന്നുപോ–
യെങ്കിലുമേവം മൊഴിഞ്ഞവൾ ദീനയായ്:
‘‘വന്ദനം മൽപ്രഭോ! വന്ദനം മൽഗുരോ!
നന്ദിക്കുന്നങ്ങെന്റെയച്ഛനുമമ്മയും.
പാടിപ്പറന്നുഞാനാലോലമങ്ങന്നു
പാടിപ്പഠിപ്പിച്ച കാകുൽസ്‌ഥലീലകൾ.
കുഞ്ചന്റെ ഹാസ്യവും പൂന്താനഭക്‌തിയും
സന്ദേശകാവ്യവുമാട്ടക്കഥകളും
ഗാഥയായെൻ ചുണ്ടിലക്കേളികൊട്ടുകേ–
ട്ടാമോദമെന്നെ പുണർന്നു കവിത്രയം.
അന്നു ഞാനാർക്കും കുലസുതലീലയായ്
മഞ്ജീരശിഞ്ജിതം പ്രേമസംഗീതമായ്
അന്നു ‘ഞാനെന്നും പതിനാറുകാരി’യെ–
ന്നെന്നുള്ളിലൂറ്റമുയർന്നിരുന്നെപ്പൊഴും.
കൊച്ചുമകളുടെ രാഗവായ്പെത്രയോ
കണ്ണുനീർത്തുള്ളികൾ വീഴുവാൻ ഹേതുവായ്.
ഓടക്കുഴൽ വിളിച്ചാനന്ദമത്തയാ–
യാടിപ്പറന്നു ഞാൻ ഭാരതമൊക്കെയും.
നാളുകൾ മെല്ലെക്കടന്നുപോയ്, ഞാനഭ്ര–
പാളികളിൽ ചെന്നു ചേക്കേറി നിത്യവും.
ആയതനേത്രങ്ങളാലെയാലോകനം
ചെയ്തോ, കുമാരനാശാനെന്നെ മുന്നമേ?
വീണപൂവിന്റെ ദുരവസ്‌ഥ പാടിയ
ശാരിക വീണപൂവായിന്നു മാറിയോ?
മാറിയോ ഭാരമായ്? ഏറെക്കിഴവിയായ്
മാറിയോ? മക്കൾക്കു വേണ്ടയീവൃദ്ധയെ!
‘‘ഏതൊരു ക്ഷേത്രമൈതാനത്തിലമ്മയെ
ആരുമറിയാതുപേക്ഷിക്ക വേണമോ
ഏതൊരു വൃദ്ധസദനമോ നല്ല’തെ–
ന്നേതൊരു നേരവും തർക്കമാണേറെയായ്
ഈശ്വരനാമം ജപിച്ചു, ജപിച്ചുത്ത–
രായണാരംഭവും കാത്തു കിടപ്പു ഞാൻ.
വീണ്ടും വരേണമവിടുന്നിദാസിയെ
കൊണ്ടുപോകേണം; മടുത്തു ഞാൻ ജീവിതം.’’
അങ്ങേമുറിയിൽനിന്നപ്പോൾ മുഴങ്ങിയീ–
ശബ്ദം, കഠോരം, ഹൃദന്തം പിളർന്നിദം:
‘‘ചാക്കടുത്തപ്പോൾ കിഴവി പുലമ്പുന്ന
വാക്കുകളെല്ലാം അബദ്ധപഞ്ചാംഗമേ!’’
തുഞ്ചൻ വിതുമ്പിയോ? കണ്ണു നിറഞ്ഞുവോ?
കണ്ഠമിടറിയോ? ആരുണ്ടറിഞ്ഞീടാൻ?
<ശാഴ െൃര=/ളലമേൗൃല/്മൃവെശശബ2016മൗഴ09്യയ2.ഷുഴ മഹശഴി=ഹലളേ>
–<യ> ഡോ. എം.ഐ. തമ്പാൻയ>