വരിക ജ്‌ഞാനപ്പെണ്ണേ..!
Thursday, February 9, 2017 5:54 AM IST
കാറ്റുപാടി കാവടിയാടും
കാടുപാടി – മുളങ്കാടുപാടി
പൊന്നും ചിങ്ങത്തേരുവരുന്നു
പൊന്നോണം തേരേറി വരുന്നു
എങ്ങുപോയി എങ്ങുപോയി
ജ്‌ഞാനപ്പെണ്ണേ
എന്നുമറിവിൻ ഗീതപാടിയ
ജ്‌ഞാനപ്പെണ്ണേ....
എന്റെ കിളിമകളേ...
ഏഴന്റെ തോഴനായ ചക്രവർത്തി
ത്യാഗം നാടിൻ ഭാവമാക്കിയ ചക്രവർത്തി
എഴുന്നള്ളുന്നു – മെതിയടി
രവം കേൾക്കുന്നു...
തുമ്പപ്പൂമഴയത്ത്
തുമ്പിതുള്ളും കന്യകമാരുടെ
ചുണ്ടുകളിൽ നാടൻപാട്ടല
ത്തൂകിടേണം
അതിന്റെ രാഗം പകർന്നു നല്കിടാൻ
നീയും വേണം.
തീമുള്ളും തേനൊഴുക്കിയ
നല്ലകാലം
നന്മ പൊന്നിൻ താലമേന്തിയ
നല്ലകാലം
സ്മരിക്കാമല്ലോ, സ്മരണയിൽ
ലയിക്കാമല്ലോ...
ചിങ്ങപ്പൂവനികൾ തോറും
പൂവിളിക്കും കുഞ്ഞുങ്ങൾ തൻ
കണ്ണുകളിൽ പുതിയവെട്ടം
തിളങ്ങിടേണം...
അതിനു നിന്റെ സ്നേഹഭാവന
യുണർന്നിടേണം.
എന്നും പഞ്ചമമാലപിക്കും.
ജ്‌ഞാനപ്പെണ്ണേ
എന്റെ കിളിമകളേ...!
–ശ്രീകുമാരൻ തമ്പി