അയ്മനം ജോണ്‍

എഴുതുവാൻ പോകുന്ന കഥയിലെ സംഭവത്തെ വിചിത്രസംഭവം എന്നൊന്നും വിശേഷിപ്പിക്കാനാവില്ല. എന്നാൽ അതിനെ വിചിത്രമാക്കുന്ന മറ്റൊരു സംഗതിയുണ്ട്. അതെന്താണെന്നാൽ ആ സംഭവം യഥാർത്ഥത്തിൽ സംഭവിച്ചതാണോ അതോ ഞാൻ സ്വപ്നം കണ്ടതാണോ എന്ന് എനിക്ക് ഓർമ്മ കൊണ്ട് തിട്ടപ്പെടുത്താനാവുന്നില്ല എന്നതാണ്.

രണ്ടായാലും എന്‍റെ ഒരു പ്രഭാത സവാരിക്കിടയിലായിരുന്നു അത് നടന്നത്. ഞാൻ ആ പ്രഭാതസവാരിക്കിറങ്ങുന്നത് കാറ്റും വെളിച്ചവും നല്ലത് പോലെ കിട്ടുന്ന ഒരു മുറിയിൽ നിന്നാണെന്നല്ലാതെ അത് ഏതു തരം വാസസ്ഥാനത്തെ മുറിയെന്നോ ആ വാസസ്ഥാനം ഏതു സ്ഥലത്തേതെന്നോ ഓർത്തെടുക്കുവാൻ എനിക്ക് കഴിയുന്നില്ല. പല സ്ഥലങ്ങളിൽ പോയി പല ഇടങ്ങളിൽ പാർത്ത് ചെയ്യേണ്ടിയിരുന്ന ഒരു ജോലിയിൽ ഏർപ്പെട്ടിരുന്നതിനാൽ ഓരോ ദിവസവും ഉറക്കമുണർന്നാലുടൻ ഞാൻ എവിടെയാണെന്ന് എനിക്ക് പലപ്പോഴും അൽപ്പനേരം തപ്പി നോക്കേണ്ടതായിപ്പോലും വന്നിരുന്നു. അത് കൊണ്ടൊക്കെ ഇന്ന് യഥാർത്ഥ സ്ഥലങ്ങളും സ്വപ്നം കാണുന്ന സ്ഥലങ്ങളും ചേർന്ന ഒരു ഭൂപ്രദേശമാണ് എന്‍റെ ജീവിതത്തിന്േ‍റത്.

അതവിടെ നിൽക്കട്ടെ. പ്രഭാതസവാരിക്കിറങ്ങിയ ഞാൻ ആ പുതിയ സ്ഥലത്ത് കൂടെ അങ്ങനെ നടക്കുകയാണ്. ആ നടപ്പുവഴിയുടെ ഇടതുവശം കൃഷി ചെയ്യാതെ കിടക്കുന്ന വയലുകളും വലതുവശം അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങളും ചതുപ്പുകളും മറ്റുമാണ്. ചതുപ്പുകളിൽ തിങ്ങി വളർന്നു നിൽക്കുന്ന കുളവാഴകൾക്കിടയിൽ പാഴ്വസ്തുക്കൾ പലതും പൊങ്ങിക്കിടക്കുന്നത് കാണാം. എങ്കിലും കാണാൻ ഭംഗിയുള്ള ഏതോ ഇനം കൊക്കുകൾ അവിടവിടെ ഇരിക്കുന്നുമുണ്ട്. വെള്ളം കാണുന്നിടങ്ങളിൽ കാലം മറന്നിട്ട് പോയത് പോലെ കുറെ ആന്പൽ ഇലകളും കാണാം. അങ്ങനെ വഴിയുടെ വിശദാംശങ്ങൾ പലതും ഓർമ്മ വരുന്നെങ്കിലും ഇതേ പോലുള്ള സ്ഥലങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിൽ പരക്കെ കാണുന്നതായതിനാൽ ആ അടയാളങ്ങളും സ്ഥലമേതെന്ന് തിട്ടപ്പെടുത്താൻ സഹായിക്കുന്നില്ല. കണ്ണ് തുറന്ന് കാണുന്നതും സ്വപ്നത്തിൽ കണ്ണടച്ച് കാണുന്നതും ഒരേ ഇനം ചെടികളും മരങ്ങളും വഴികളുമൊക്കെ ആയതുകൊണ്ട് സ്വപ്നം കാണുന്ന സ്ഥലങ്ങളും യഥാർത്ഥ സ്ഥലങ്ങളും വേർതിരിച്ചെടുക്കുന്നത് അത്ര എളുപ്പവുമല്ലല്ലോ.

കുറച്ചങ്ങനെ നടന്നു ചെന്നപ്പോൾ വശത്തെ ഒരിടവഴിയിൽ നിന്ന് കനമുള്ള പാൽസഞ്ചിയും തൂക്കി നൊണ്ടി നൊണ്ടി നടന്നു വരുന്ന ഒരു പാൽക്കാരനെയും കുറച്ചുകൂടി ചെന്നപ്പോൾ എതിരെ സൈക്കിളിൽ വന്ന ഒരു പത്രക്കാരൻ പയ്യനെയും കണ്ടതോർക്കുന്നു. പാൽക്കാരന് നാട്ടുകാരനോ മറുനാട്ടുകാരനോ എന്ന് എളുപ്പം പറയാനാവാത്ത മുഖച്ഛായ ആയിരുന്നുവെന്നും ഓർക്കുന്നുണ്ട്. മാത്രമല്ല അയാൾ തന്നത്താൻ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടാണ് നടന്നിരുന്നതെന്ന് കൂടിയും ഓർക്കാൻ കഴിയുന്നു. പത്രക്കാരൻ പയ്യനോ, ഇടംവലം ശ്രദ്ധിക്കാതെ നല്ല വേഗത്തിൽ യാന്ത്രികമായി സൈക്കിൾ ഓടിച്ച് പോകുകയും. ഇത്തരം കഥാപാത്രങ്ങളെയും പ്രഭാതസവാരികളിൽ പല സ്ഥലങ്ങളിലും കാണുന്നത് പതിവായതിനാൽ അവരെവച്ചും സ്ഥലത്തെ വേർതിരിച്ചറിയാൻ കഴിയുന്നില്ല. തന്നെയല്ല, നേരിൽ കാണുന്നവരും സ്വപ്നത്തിൽ കാണുന്നവരും, അല്ലെങ്കിൽ യഥാർത്ഥ മനുഷ്യരും സ്വപ്നത്തിൽ കാണുന്നവരും ഒരേ തരം മനുഷ്യരായതിനാൽ സ്ഥിരപരിചിതരല്ലെങ്കിൽ മനുഷ്യരെ വച്ച് സ്ഥലത്തെ അനുമാനിക്കാനും പ്രയാസമാണല്ലോ.

നെടുനീളം കിടന്ന ആ വഴി അങ്ങനെ ഏതാണ്ട് അര കിലോമീറ്ററോളം നടന്ന് ചെന്നപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു കിടന്ന ഒരു മതിലിനോട് ചേർന്ന് അത് പെട്ടെന്ന് വളയുകയും ഞാൻ ആ വളവ് തിരിയവെ കുറച്ചകലെ ആ വഴി ചെന്നുചേരുന്ന ഒരു പൊതു വഴി പൊടുന്നനെ മുന്നിൽ പ്രത്യക്ഷപ്പെടുകയുമായിരുന്നു. നടന്ന് തീരാറായ വഴി പൊതുവഴിയോട് ചേരുന്നിടത്തെ കവലയിൽ മൂന്ന് നാല് കടകളുള്ളതായും കാണാമായിരുന്നു. കടകൾക്ക് മുന്നിലായി കുറച്ചാളുകൾ വട്ടംകൂടി നിൽക്കുന്നത് ഞാൻ അകലെ നിന്നേ ശ്രദ്ധിച്ചു. അതിരാവിലെ തന്നെ അത്തരം ആൾക്കൂട്ടങ്ങൾ പൊതുവെ കാണാത്ത ഒന്നാകയാൽ അടുത്തേക്ക് ചെല്ലും തോറും തൊട്ടു മുൻപ് നടന്ന ഏതോ അനിഷ്ട സംഭവത്തിന്‍റെ ഫലമാണ് ആ ആൾക്കൂട്ടം എന്ന എന്‍റെ തുടക്കത്തിലെ അനുമാനം ബലപ്പെട്ടുവന്നു. എന്നാൽ അതത്ര കണ്ട് ഗൗരവപ്പെട്ട സംഗതി ഒന്നുമല്ലെന്നും ആൾക്കൂട്ടത്തിന്‍റെ ചലനങ്ങളിൽനിന്ന് വായിച്ചെടുക്കാനായതിനാൽ ഞാൻ സാവകാശമാണ് കവലയിലേക്ക് നടന്നടുക്കുന്നത്. അങ്ങനെ നടന്ന് പോകവേ വഴിയുടെ വശങ്ങളിൽ അവിടവിടെ കണ്ട തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ നിന്ന് ഓരോരോ സ്ഥാനാർത്ഥികൾ പൊള്ളച്ചിരി ചിരിച്ചുകൊണ്ട് കവലയിലേക്ക് നോക്കിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചതായും ഓർക്കുന്നു.

അതെന്തുമാവട്ടെ. നടന്നടുത്തപ്പോൾ കണ്ടതിതാണ്: ആൾക്കൂട്ടത്തിന്‍റെ എതിർ ദിശയിൽ വഴിയുടെ ഓരം ചേർന്ന് പുസ്തകങ്ങൾ നെഞ്ചോട് അടുക്കിപ്പിടിച്ച് രണ്ടു പെണ്‍കുട്ടികൾ നിൽക്കുന്നു. രണ്ടുപേരും ഒരേപോലത്തെ യൂണിഫോം ധരിച്ചവരാണ്. ഒറ്റനോട്ടത്തിൽ തന്നെ സ്കൂൾ കുട്ടികൾ എന്ന് മനസ്സ് പറയും. ഒരു കുട്ടിക്ക് നല്ല മേദസ്സുള്ള ശരീരവും മറ്റേ കുട്ടിക്ക് മെലിഞ്ഞ പ്രകൃതവുമാണ്. രണ്ടുപേരും സമപ്രായക്കാർ എന്ന് തോന്നിയെങ്കിലും അവരങ്ങനെ അടുത്തടുത്ത് നിന്നപ്പോൾ പണ്ടേതോ സ്കൂൾ നാടകത്തിൽ കണ്ട ശകുന്തളയും തോഴിയും തമ്മിലുണ്ടായിരുന്ന അന്തരത്തെ ഓർമപ്പെടുത്തി.

മേദസ്സുള്ള പെണ്‍കുട്ടി കുനിഞ്ഞ് നിലത്തേക്ക് മാത്രം നോക്കിനിന്ന് കരയുകയായിരുന്നു. മറ്റേ പെണ്‍കുട്ടി തോളിൽ കൈവെച്ച് അവളെ ആശ്വസിപ്പിക്കുകയും. അത് കണ്ടപാടെ ഞാൻ അപ്പുറത്തേക്ക് ചെന്ന് ആൾക്കൂട്ടത്തിനിടയിലേക്ക് എത്തിനോക്കി. അവിടെ ബർമുഡടീഷർട്ട് ധാരിയായ ഒരു യുവാവിനെ ആൾക്കൂട്ടം വളഞ്ഞു വച്ചിരിക്കുന്നതായി കണ്ടു. ഓടി രക്ഷപ്പെടാനാവാത്തവണ്ണം അവന്‍റെ കൈകൾ രണ്ടും പിന്നിൽ ചേർത്ത് വച്ച് ഒരു കച്ചത്തോർത്ത് കൊണ്ട് കെട്ടിയിരുന്നു. മുഖം കുന്പിട്ട് നിൽക്കുകയായിരുന്ന അവന്‍റെ നോട്ടം പെണ്‍കുട്ടിയുടെതിനെക്കാൾ നിലംപറ്റിയ ഒരു നോട്ടമായിരുന്നു.

ഞാൻ അടുത്തേക്ക് ചെന്നനേരം ന്ധന്ധഅവന്‍റെ പോക്കറ്റും കൂടെ ഒന്ന് നോക്കിയേര്. പൂവല്ലാതെ വേറെ വല്ലോം ഒളിച്ചുവച്ചിരുന്നോ എന്നറിയാമല്ലോ’’ എന്നൊരാൾ പരിഹാസസ്വരത്തിൽ പറഞ്ഞു. അത് കേട്ടപ്പോൾ അവനോടു ചേർന്ന് നിന്നിരുന്ന ചെറുപ്പക്കാരൻ കൈയ്യിൽ ഉണ്ടായിരുന്ന റോസാപ്പൂക്കുല അൽപ്പം പൊക്കിപ്പിടിച്ചത് എന്‍റെ കണ്ണിൽ പെട്ടു.


ചെറുപ്പകാലത്ത് ഷെർലക് ഹോംസും പെറിമേസനുമൊക്കെ വായിച്ചതിന്‍റെ ഗുണമാവാംസംഭവം ആ യുവാവും പെണ്‍കുട്ടിയും റോസാപ്പൂവും ഉള്ളടക്കമായ എന്തോ ആണെന്ന് പൊടുന്നനെ എനിക്ക് കണക്കുകൂട്ടാൻ കഴിഞ്ഞു. ആൾക്കൂട്ടത്തിന്‍റെ മുൻനിര ബർമുഡയുടെ പോക്കറ്റ് തപ്പുന്നതിൽ മുഴുകിയിരിക്കെ, എന്‍റെ അനുമാനങ്ങൾ എത്രത്തോളം ശരിയാണെന്നറിയാൻ പുറം നിരയിൽ നിന്ന് ദൃക്സാക്ഷി വിവരണത്തിന് യോഗ്യനെന്ന് തോന്നിയ ഒരു മധ്യവയസ്കനെ ഞാൻ കണ്ടെത്തി. നടന്നതെന്തെന്ന് ആംഗ്യഭാഷയിൽ അദ്ദേഹത്തോട് ചോദിച്ചു, നിരയിൽനിന്ന് അൽപ്പം പി·ാറിനിന്ന് അദ്ദേഹം നടന്ന സംഭവം പറഞ്ഞുകേൾപ്പിച്ചത് എന്‍റെ അനുമാനങ്ങൾക്ക് അടിവര ഇടുന്പോലെയായിരുന്നു.

പെണ്‍കുട്ടികൾ നാട്ടിലെ അറിയപ്പെടുന്ന തറവാടുകളിലെ കുട്ടികളും നാട്ടുകാർക്കെല്ലാം പരിചിതരും കവലയിലൂടെ വെളുപ്പിനെ ട്യൂഷൻ പഠിക്കാൻ പോകുന്നവരുമായ സ്കൂൾ വിദ്യാർത്ഥിനികൾ തന്നെയായിരുന്നു. ബർമുഡാധാരി കവലയിൽ നിന്ന് വീണ്ടും വളഞ്ഞുപോകുന്ന വഴിയുടെ അരികിലുള്ള ഇറച്ചിക്കടയിൽ കുറച്ചുകാലം മുൻപ് ജോലിക്ക് വന്ന ഏതോ അന്യ നാട്ടുകാരനും. ഇറച്ചിക്കടയുടെ ഉടമയുടെ ഒരെയൊരു സഹായിയായ അവന്‍റെ പണിയും ഇറച്ചിവെട്ടും വിതരണവും തന്നെയാണ്. ദിവസവും കാലത്ത് വീടുകളിൽ വിതരണം നടത്താനുള്ള ഇറച്ചിപ്പൊതികളുമായി സൈക്കിളിൽ പുറപ്പെടുന്ന അവൻ അന്നേ ദിവസം കവലയിൽ അൽപ്പനേരം കാത്ത് നിന്നിട്ട് പെണ്‍കുട്ടികൾ നടന്നടുക്കവേ കൈയ്യിൽ കരുതിയിരുന്ന റോസാപ്പൂക്കൾ മേദസ്സുള്ള പെണ്‍കുട്ടിയ്ക്ക് നേരെ നീട്ടുകയാണുണ്ടായത്. പെണ്‍കുട്ടി പൂക്കൾ വാങ്ങാൻ വിസമ്മതിച്ച് പെട്ടെന്ന് വഴിയരികിലേക്ക് നീങ്ങി മാറി. അതേത്തുടർന്ന് അവൻ പൂക്കുല അവളുടെ ഷർട്ടിന്‍റെ പോക്കറ്റിലേക്ക് കടത്തിവയ്ക്കുവാൻ ശ്രമിക്കവെ ആ കുട്ടിയും കൂട്ടുകാരിയും ചേർന്ന് നിലവിളിയൂയർത്തി. അത് കേട്ട് കടകളിൽ നിന്ന് ചാടിയിറങ്ങിച്ചെന്നവർ ചേർന്ന് അവനെ പിടിച്ചുവച്ചിരിക്കുകയാണ്. പോലീസ് സ്റ്റേഷനിലേക്കും പെണ്‍കുട്ടിയുടെ അച്ഛനും ഫോണ്‍ ചെയ്തുകഴിഞ്ഞു. അത്രയുമായിരുന്നു ആ സംഭവത്തിന്‍റെ ന്ധകഥയിതുവരെ’.

എന്‍റെ കണ്ണുകൾ പെണ്‍കുട്ടികൾക്ക് നേരെ വീണ്ടും സഞ്ചരിച്ചു ഇത്തവണ അവരുടെ യൂണിഫോം പോക്കറ്റുകളിലേക്കാണ് ഞാൻ നോക്കിയത്. സംശയിച്ചത് പോലെ തന്നെ അത് ആണ്‍കുട്ടികളുടെ ഷർട്ടിലെ പോക്കറ്റ് പോലെ തന്നെയാണ് തയ്ച്ച് വച്ചിരുന്നത്.

ചിത്രം കുറേക്കൂടി വ്യക്തമായപ്പോൾ ഞാൻ ന്ധന്ധകുട്ടികളെ അവിടെനിന്ന് മാറ്റി നിർത്തുകയല്ലേ നല്ലത്?’’ എന്ന് ആഖ്യാതാവിനോട് ചോദിച്ചു. ന്ധന്ധഅത് ശരിയാണ്’’ എന്ന് പറഞ്ഞ് അദ്ദേഹം അതേപ്പറ്റി ആലോചിക്കാൻ എന്ന മട്ടിൽ എന്നെ വിട്ട് നാട്ടുകാരോടു ചേർന്നു.

പിന്നെ അവിടെ നോക്കി നിൽക്കുന്നത് അനാവശ്യമായി തോന്നിയതിനാൽ ഞാൻ കവല വിട്ട് ഇറച്ചിക്കടയുടെ വഴിയേ മുന്നോട്ട് നടന്നു. അൽപ്പം മുന്നോട്ട് നടന്നുചെന്നപ്പോൾതന്നെ ഇറച്ചിക്കട കാണാനായി. അനാഥമായി തുറന്നുകിടന്ന ആ കടയുടെ മുന്നിൽ അപ്പോഴും ചോര വാർന്ന് തീരാത്ത മാംസക്കഷണങ്ങൾ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. അതു കണ്ടപ്പോൾ എന്തോ ആ റോസാപ്പൂക്കുലയുടെ ഓർമ്മയാണ് പെട്ടെന്ന് എനിക്കുണ്ടായത്. ഒരു മൃഗത്തെ കൊന്ന് അതിന്‍റെ മാംസവും കഷണം കഷണമായി വെട്ടിനുറുക്കിയിട്ട് കൈകളിൽ ചോരപ്പാട് മായും മുൻപെയായിരിക്കുമല്ലോ ആ യുവാവ് പ്രണയാതുരനായി റോസാപ്പൂ തേടിപ്പോയത് എന്ന് ഞാൻ അതിശയിച്ചു. അപ്പോൾ റോസാപ്പൂവും കൈയ്യിൽ പിടിച്ചു മണത്തുകൊണ്ടിരിക്കുന്ന വലിയ യുദ്ധവീര·ാരും മൃഗവേട്ടക്കാരുമായിരുന്ന ചില പഴയകാല ചക്രവർത്തിമാരുടെ പണ്ട് പഠിച്ച പാഠപ്പുസ്തകങ്ങളിലെ ചിത്രങ്ങളും എന്തുകൊണ്ടോ എനിക്കോർമ്മ വന്നു.

കടയുടമസ്ഥനും ജനകീയ വിചാരണ ഭയന്ന് സ്ഥലംവിട്ടതാവാംഇറച്ചിക്കടയിൽ ആരെയും കാണാനുണ്ടായിരുന്നില്ല. അവിടംവിട്ടു നടക്കവെ മുന്നോട്ടുള്ള വഴി വീണ്ടും വശങ്ങളിൽ കൃഷി നശിച്ച വയലുകളും ചെളിക്കുണ്ടുകളുമൊക്കെയായി കാണപ്പെട്ടു. ആ വഴി കുറെ ദൂരംകൂടി നടന്നപ്പോൾ എന്‍റെ പതിവ് സവാരിയുടെ പാതിദൂരം ഏതാണ്ട് പിന്നിട്ടതിനാൽ ഞാൻ തിരികെ നടന്നു. തിരികെ കടന്നുപോരുന്പോൾ സംഭവം നടന്ന കവല അതെല്ലാം അപ്പാടെ മറന്നുകഴിഞ്ഞിരുന്നതായി തോന്നി.വളവിനപ്പുറം വഴിയരികിൽ കിടന്ന രണ്ടു മൂന്നു ഓട്ടോ റിക്ഷകളും അവയെ ചുറ്റിപ്പറ്റി നിൽക്കുന്ന ഡ്രൈവർമാരുമല്ലാതെ മറ്റാരെയും കാണാനുണ്ടായിരുന്നില്ല. പോലീസുകാരെത്തി യുവാവിനെയും മേദസ്സുള്ള പെണ്‍കുട്ടിയുടെ പിതാവെത്തി പെണ്‍കുട്ടികളെയും കൂട്ടിക്കൊണ്ടു പോയിക്കാണണം.

വായനക്കാരാഅത്രയുമേയുള്ളൂ സംഭവം.

ന്ധന്ധഓഹോ! അത്രേയുള്ളോ? ഇത് യാഥാർത്ഥ സംഭവമാണെങ്കിലെന്ത്? സ്വപ്നമാണെങ്കിലെന്ത്? അതോർത്ത് ഇത്ര തലപുണ്ണാക്കാൻ എന്തിരിക്കുന്നു?’’ എന്നതാവാം നിങ്ങളുടെ ചോദ്യം. ശരിയാണ്. സമ്മതിക്കുന്നു. സ്വപ്നത്തിൽപോലും കണ്ടാൽ അറപ്പ് തോന്നുന്ന എത്രയോ സംഭവങ്ങളാണ് നമുക്ക് ചുറ്റും യഥാർത്ഥലോകത്ത് ദിനംപ്രതി നടക്കുന്നത് എന്ന സത്യവും അംഗീകരിക്കുന്നു. പക്ഷെ അത്തരം സംഭവങ്ങൾ പെരുത്ത് പെരുത്ത് യാഥാർത്ഥ്യവും സ്വപ്നവും തമ്മിൽ വേർതിരിച്ചറിയാനാവാത്ത ഒരു തകരാറ് എന്‍റെ തലച്ചോറിന് സംഭവിച്ച് കഴിഞ്ഞോ എന്ന ആശങ്കയാണ് എന്നെ അലട്ടുന്നത്.

എന്നാൽ അതല്ല. അനിഷ്ടകരമായ ജീവിതയാഥാർത്ഥ്യങ്ങളെ സ്വപ്നങ്ങളുടെ പുതപ്പിട്ട് മൂടി മനഃസുഖം കണ്ടെത്താനുള്ള ഗൂഢശ്രമമല്ലേ ഞാൻ നടത്തുന്നതെന്നും ചിലനേരം എനിക്ക് തോന്നാതെയില്ല. അങ്ങനെ തോന്നുന്പോൾ ബർമുഡാ ധാരിയായ ആ ഇറച്ചിവെട്ടുകാരൻ യുവാവും അവന്‍റെ ജീവിതയാഥാർത്ഥ്യത്തെ ഒരു പ്രണയ സ്വപ്നത്താൽ മൂടുവാനുള്ള ശ്രമം മാത്രമല്ലേ നടത്തിയുള്ളൂ എന്നും തോന്നിപ്പോകാറുണ്ട്.