പലഹാരപൊതിയും കാത്ത് പാപം ഉണ്ണി
Monday, November 2, 2020 9:45 PM IST
സൂര്യൻ മറഞ്ഞുതുടങ്ങി വീടിന്‍റെ ഉമ്മറത്തു അമ്മ കോഴിക്കുഞ്ഞുങ്ങളെ നോക്കി നടക്കുന്നു. ഉണ്ണി അപ്പോഴും കുന്നിൻചരുവിലെ വീട്ടിൽനിന്നും ദൂരെ വഴിയിലേക്കു നോക്കി നിൽക്കുകയായിരുന്നു. എന്നും ജോലികഴിഞ്ഞു അച്ഛൻ വരേണ്ട സമയം കഴിഞ്ഞു. വരുമ്പോ തന്‍റെ വിയർത്തുനനഞ്ഞ കുപ്പായത്തിന്‍റെ കവറിന് മുകളിൽ ഉണ്ണിക്കുള്ള പലഹാരപൊതി ഇണ്ടാവും അതിനുള്ള കാത്തിരിപ്പിലാണ് പാവം ഉണ്ണി.
ഇരുട്ട് കൂടി കൂടി വന്നു അമ്മ വിളിച്ചു മോനെ അകത്തുവാ. അച്ഛൻ വന്നിട്ടേ അകത്തുകയറു എന്ന് വാശിപിടിക്കണം എന്നുണ്ടെങ്കിലും, ഇരുട്ട് അതൊരു പേടി സ്വപ്നംപോലെ അവനെ തുറിച്ചു നോക്കി. അകത്തുകയറി വാതിലടച്ചു.അമ്മ അടുക്കളയിൽ തിരക്കിട്ട പണികളിൽ മുഴുകി. അപ്പോഴും അച്ഛൻ വരാത്ത സങ്കടത്തിൽ വിങ്ങാൻ വിതുമ്പി നിൽക്കുകയായിരുന്നു ഉണ്ണി.
പെട്ടന്ന് വാതിലിൽ തട്ടണ ശബ്ദം കേട്ട് അവൻ സന്തോഷിച്ചു, തന്‍റെ കുഞ്ഞു കസേരയെടുത്തവച്ചു കതകിന്‍റെ വാതിൽ തുറന്നു. അച്ഛനെ കാണാൻ കൊതിച്ചിരുന്ന ഉണ്ണി പെട്ടന്ന് ഒന്ന് സ്തംഭിച്ചുനിന്നു!. ആരാണിത് ഒരേപോലെ കുപ്പായം ഇട്ട് രണ്ടുപേർ. അച്ഛൻ വന്നോമോനെ എന്ന ചോദ്യവുമായി അടുക്കളയിലെ പുകമറയത്തുനിന്ന് കണ്ണ് തുടച്ചു വന്ന അമ്മയും ഒന്ന് തരിച്ചു നിന്നു. മുറ്റത്തു രണ്ട് പോലീസുകാർ. ഇതല്ലേ രാഘവന്‍റെ വീട് എന്ന പോലീസുകാരുടെ ചോദ്യത്തിന്, നെഞ്ചിൽ ഒരു മിന്നൽപിണർ പാഞ്ഞപോലെ അമ്മ നിന്നു. നിശബ്ദതതയെ കീറിമുറിച്ചുകൊണ്ട് അതിലൊരു പോലീസുകാരൻ പറഞ്ഞു അയാൾ ഇവിടെ ഇല്ലേ കമ്പനിയിൽ പ്രശ്നമുണ്ടാക്കിട്ടാണ് അവന്‍റെ വരവ്. വീട്ടിൽ വന്നാൽ ഉടൻ സ്റ്റേഷനിൽ വരാൻ പറയണം എന്നു പറഞ്ഞു അവർ മടങ്ങി. ആരാണ് വന്നത് അമ്മയുടെ കണ്ണിൽ നിന്നും നിർത്താതെ കണ്ണുനീർ തുള്ളി ഒഴുകുന്നതെന്തേ ഒന്നും മനസിലാകാതെ ഉണ്ണിയും കരഞ്ഞു.
അമ്മ ഉണ്ണിയെയും എടുത്ത് നേരെ കുന്നിറങ്ങി ഓടി. അമ്മയുടെ നെഞ്ച് വേഗത്തിൽ മിടിക്കുന്നത് അവനറിഞ്ഞു. അമ്മ എങ്ങിട്ടാണ് ഓടുന്നത്, എന്താണ് പറ്റിയത് ഒന്നും അവനു മനസിലായില്ല. അച്ഛന്‍റെ കൂടെ ജോലിചെയ്യുന്ന ജോണി ചേട്ടന്‍റെ വീട് മുറ്റത്തേക്കാണ് അമ്മ ഓടിക്കയറിയത്. എത്തിയപാടും ഉണ്ണിയെ താഴെ നിർത്തി നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് അമ്മ നിലവിളിച്ചു അങ്ങേരുടെ മദ്യപാനം നിർത്താൻ ജോണി ചേട്ടൻ എത്ര പറഞ്ഞതാ ഇപ്പൊ കണ്ടില്ലേ പോലീസുകാര് വീട്ടിൽ വന്നു എനിക്കെന്താ ചെയേണ്ടതെന്നറിയില്ല. ഈ കുഞ്ഞിനെകൊണ്ട് ഞാൻ എങ്ങോട്ട് പോവും ദൈവമേ. നീ ഒന്ന് അടങ്ങ് വെറുതെ കരഞ്ഞു കൊച്ചിനെക്കൂടെ വിഷമിപ്പിക്കല്ലേ ഞൻ പോയി അന്വേഷിച്ചു വരാം എന്ന് പറഞ്ഞു ജോണിചേട്ടനും മകനും ടോർച്ചുമായി ഇറങ്ങി. നിങ്ങളിനി വീട്ടിലേക്ക് പോവണ്ട, അവർ പോയി വരട്ടെ എന്ന് പറഞ്ഞു ജോണിച്ചേട്ടന്‍റെ ഭാര്യ ലില്ലിച്ചേച്ചി ഞങ്ങളെ അകത്തേക്കു കൂട്ടികൊണ്ടുപോയി. കഴിക്കാൻ നിർബന്ധിച്ചിട്ടും ഒന്നും കഴിക്കാതെ അമ്മ കിടന്നു. ഉറക്കത്തിന്‍റെ പാതിമയക്കത്തിലും അമയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവനറിഞ്ഞു.
നേരം വെളുത്തു മുറ്റത്തു നിന്ന് അമ്മയുടെ കരച്ചിൽകേട്ടാണ് ഉണ്ണി എഴുന്നേറ്റത്. അവൻ മുറ്റത്തേക്ക് ഓടി, മുറ്റത്തു ജോണിചേട്ടനും കൂടെ അച്ഛനും നിൽക്കുന്നു. അച്ഛൻ ആകെ അവശനാണ് അമ്മ അച്ഛനെ കെട്ടിപിടിച്ചു കരയുവാണ് നിങ്ങൾ ഇങ്ങനെ ആയാൽ ഞങ്ങൾക്കാരാ ഉണ്ടാവുക അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു . അവനും ഓടി അച്ഛന്‍റെ അടുത്തെത്തി അച്ഛന്‍റെ കയ്യിൽ പലഹാര പൊതിയില്ല. മുഖത്തു പുഞ്ചിരിയില്ല. അവനെ കണ്ടതും അച്ഛൻ അവനെ എടുത്ത് കെട്ടിപിടിച്ചു കരഞ്ഞു തുടങ്ങി. ഒരിക്കലും അച്ഛൻ കരയുന്നത് അവൻ കണ്ടിട്ടില്ല.അച്ഛനെന്തിനാ കരയണേ എന്ന ഉണ്ണിയുടെ ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു അച്ഛന്‍റെ മറുപടി. ഇനിയെങ്കിലും നീ ഒന്ന് സൂക്ഷിച്ച് ജീവിക്കാൻ നോക്ക് ആ കൊച്ചിന്‍റെ മുഖത്തു ഇപ്പോഴാണ് ഒരു സന്തോഷം വന്നത് എന്ന ജോണി ചേട്ടന്‍റെ വാക്കിനു മറുപടി കൊടുക്കാൻപോലും ആവാതെ അച്ഛൻ തലകുനിച്ചു നിന്നു.
എല്ലാം കെട്ടടങ്ങിയ ശാന്തതയിൽ അച്ഛൻ ഉണ്ണിയെയും തോളിൽ വച്ചു അമ്മയുടെ കയ്യുംപിടിച്ചു ദൂരെ കുന്നിൻമുകളിലെ വീട്ടിലേക്ക് നടന്നു. അപ്പോഴും എന്തിനാണ് അച്ഛൻ കരഞ്ഞത് ! ഉണ്ണിക്ക് പലഹാരം കൊണ്ടുവരാൻ മറന്നതിനാണോ. എന്ന ചിന്തയായിരുന്നു ഉണ്ണിയുടെ മനസുമുഴുവൻ.
ജിജിൽ ഡിസൂസ