അമേരിക്കൻ മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത അഭിനന്ദനീയം (പന്തളം ബിജു തോമസ്)
അമേരിക്കൻ മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത അഭിനന്ദനീയം (പന്തളം ബിജു തോമസ്)
വളരെ വാശിയേറിയ ഈ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ, അമേരിക്കൻ മലയാളികളുടെ വ്യക്തമായ രാഷ്ട്രീയ പ്രബുദ്ധത ഇത്തവണ വളരെയധികം അഭിനന്ദനം അർഹിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാണാത്ത ഒരു നയം ഇത്തവണ രണ്ടു പാർട്ടികളിലെയും പക്ഷക്കാരിൽ ദർശിക്കാനായിരുന്നു. സോഷ്യൽ മീഡിയ മുഖേനയുള്ള പക്ഷം പറച്ചിലുകൾ ഒറിജിനൽ അമേരിക്കക്കാരെ പോലും വെല്ലുന്നതായിരുന്നു. ആരെയും ഭയക്കാനില്ലാതെ, എന്‍റെ രാഷ്ട്രീയ അഭിപ്രായം തുറന്നുപറയുവാൻ ഉള്ള സ്വാതന്ത്ര്യം തരുന്ന ഒരു രാജ്യത്ത് നിന്നുകൊണ്ട് അവിടുത്തെ പൗരാവകാശം പരമാവധി പ്രയോജനപ്പെടുത്തുക എന്നത് അത്ര ഒരു ചെറിയ കാര്യമല്ല. ഇക്കാര്യത്തിൽ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നമ്മുടെ മലയാളി സ്ത്രീകളും മുൻനിരയിൽ ഉണ്ടായിരുന്നു.

ഒരു പാർട്ടിയെ പ്രതിനിധീകരിക്കുമ്പോൾ, ആ പാർട്ടിയുടെ സ്ഥാനാർത്ഥിയെ വിജയിപ്പിച്ചെടുക്കുകയാണ് അവരുടെ മുഖ്യമായ ലക്‌ഷ്യം. അതിനുവേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ മലയാളികൾ ഒരു പടി മുന്നിലായിരുന്നു എന്ന് വേണം കരുതാൻ. അമേരിക്കൻ വോട്ടേഴ്‌സ് ശതമാനത്തിൽ നമ്മൾ വളരെ ന്യൂനപക്ഷമാണെങ്കിലും, നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത എല്ലാവരും അംഗീകരിച്ച് തരുന്നുണ്ട്. സോഷ്യൽ മീഡിയകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടിത്തിയ ഒരു അമേരിക്കൻ തിരഞ്ഞെടുപ്പ് ഇതുന് മുൻപ് ഉണ്ടായിട്ടില്ല. കോവിഡ് മഹാവ്യാധി കാരണം ഉണ്ടായ പ്രതിസന്ധികൾ തരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്രയധികം പ്രചാരണ പരിപാടികൾക്കായി സോഷ്യൽ മീഡിയ ഉപയോഗിച്ചത്. ഡമോക്രാറ്റുകൾ അമേരിക്കയിൽ ചരിത്രം കുറിക്കുകയാണ്. കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റ് ബരാക്ക് ഒബാമ, വനിതാ വൈസ് പ്രസിഡന്റ് കമല ഹാരിസ് അങ്ങിനെ ഇനിയും വരുവാനിരിക്കുന്ന ചരിത്രങ്ങൾക്കായി നമ്മൾക്ക് കാത്തിരിക്കാം.

കൃത്യമായി നികുതി നൽകുന്ന ഒരു ജനത എന്ന് പൊതുവെ ഇന്ത്യക്കാരെ കുറിച്ച് അമേരിക്കൻ സർക്കാരിന് അറിവുണ്ട്. നികുതി ദായകർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ നമ്മുടെ സമൂഹത്തിന് പ്രയോജനപ്രദമാകുന്ന രീതിയിലേക്ക് കൊണ്ടെത്തിക്കണം. അതിനു രാഷ്ട്രീയമായ പിടിപാടുകൾ വേണം. അത് അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് ഒരു അവകാശമായി എത്തിക്കുവാൻ നമ്മളുടെ ഇടയിൽ നിന്ന് നേതാക്കളെ സൃഷ്ടിക്കണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. ചില സംസ്ഥാനങ്ങളിൽ മലയാളികൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമാണ് എങ്കിലും ദേശീയ തലത്തിലേക്ക് നേതാക്കളെ വാർത്തെടുക്കണം.

തിരഞ്ഞെടുപ്പുകൾ വരുമ്പോൾ മാത്രം സജീവ രാഷ്ട്രീയത്തിലേക്ക് വന്നിട്ട് കാര്യമില്ല. നമ്മുടെ കുട്ടികളെ അതിൽ നിന്നും അകറ്റി നിർത്തുവാൻ ഇടപെടരുത്. കഴിവുള്ളവരെ തേടിയെത്തുന്നതാണ് അമേരിക്കൻ രാഷ്ട്രീയം. രാഷ്ട്രീയ മീമാംസയും ദേശസ്നേഹവും ഉണ്ടങ്കിൽ ഇവിടെ ആർക്കും രാഷ്ട്രീയക്കാരനാവാം. അമേരിക്കയിൽ പൊതുജനസേവനം ആദരണീയമാണ്. മനസുണ്ടങ്കിൽ ഉയർന്ന പദവികൾ സ്വായത്തമാക്കാം. വിദ്യാഭാസത്തിൽ മുന്നിൽ നിൽക്കുന്ന സമൂഹത്തിൽ നിന്ന് നമ്മളെ പ്രതിനിധീകരിക്കാൻ നല്ല നല്ല നേതാക്കൾ അമേരിക്കൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തപ്പെടുമെന്നു നമുക്ക് പ്രത്യാശിക്കാം.

useful_links
story
article
poem
Book