സമാധാനത്തിന്‍റെ നാട്
Thursday, November 19, 2020 5:34 PM IST
ചെറുപ്പത്തിൽ വല്ല്യപ്പച്ചൻ പറയാറുള്ള യുദ്ധകഥകൾ കേട്ടാണ് വളർന്നത് .വല്ല്യപ്പച്ചൻ ഒരുപാട് കാലം സിറിയൻ പട്ടാളക്കാരനായിരുന്നു . രണ്ടാം ലോകമഹാ യുദ്ധകാലത്തെ വല്ല്യപ്പച്ചന്‍റെ യുദ്ധ വീരസങ്ങൾ കേട്ട് ഒരുപാട് കോൾമയിർ കൊണ്ടിട്ടുണ്ട് .അത് കേൾക്കാൻ തന്നെ ഒരാവേശമായിരുന്നു.പക്ഷെ യുദ്ധം ഇത്രയും ഭീകരമാണെന്ന് ഇപ്പോൾ അനുഭവിക്കുമ്പോഴാണ് ബോധ്യമാകുന്നത് . യുദ്ധം പോലെത്തന്നെ പേടിപെടുത്തുന്നത് മുൻപ് പ്രിയപെട്ടവരെ പോലെ കരുതിരുന്നവർ ഇന്ന് 'കാഫിറുകൾ 'എന്ന് വിളിച്ചു മതത്തിന്റെ പേരിൽ തോക്കും കത്തിയും എടുത്തു കൊല്ലാൻ വരുന്നത് കാണുമ്പോഴാണ് .ഈ മനുഷ്യർക്ക് എന്താണ് ഇത് പറ്റിയതെന്ന് അറിയാൻ മേലാ . കഴിഞ്ഞ മാസം ആദ്യ കുർബാനയുടെ അന്ന് തോമസച്ചനെ പിച്ചി ചീന്തി അൾത്താരയിൽ പൊട്ടി ചിതറിയ ബോംബിന്‍റെ നടുക്കം ഇപ്പോഴും അന്നയുടെ കണ്ണിലും കാതിലും വന്നു ആഘാത്തോടെ പതിക്കുന്നുണ്ട്. പിറ്റേന്ന് പള്ളിയും സ്കൂളും അവർ നിലം പരിശാക്കിയെന്ന് അപ്പച്ചൻ അമ്മയോട് പറയുന്നത് കേട്ടപ്പോൾ ഉള്ളിൽ ഭയം ഇരട്ടിച്ചു .
''ആരുടെ ബോംബിലാണെല്ലാം തിരുവാന്ന് കർത്താവിന് മാത്രം അറിയാം ''
അമ്മ,വെളിപാടിന്‍റെ പുസ്തകത്തിൽ സ്ത്രിയെ വിഴുങ്ങാൻ വന്ന കരാള സർപ്പത്തോട് പോരാടാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന മിഖായേലിനെ കുറിച്ചുള്ള വചനം വായിച്ചിട്ടു,വേദപുസ്തകം തലയിണയുടെ അടിയിലേക്ക് വച്ചുകൊണ്ടു പറഞ്ഞു .അമ്മയുടെ മനസ്സിൽ ഓരോ ദിനവും കൂടി കൂടി വരുന്ന ആധി നീണ്ട മൗനത്തിലൂടെയും വാക്കുകളിലൂടെയും കിനിഞ്ഞിറങ്ങുന്നതു അന്നയുടെ മനസ്സിനെ വല്ലാതെ പൊള്ളിക്കുന്നുണ്ട് .
പുരയ്ക്കു മുകളിലൂടെ പായുന്ന അവസാനിക്കാത്ത ബോംബർ വിമാനങ്ങൾ നെഞ്ചിൽ ഭയത്തിന്‍റെ പെരുമ്പറ കൊട്ടുന്നത് അന്നയ്ക്ക് അറിയാൻ പറ്റുന്നുണ്ട് .കഴിഞ്ഞ തവണത്തെ പൊട്ടിത്തെറി ഒരൽപം മാറിയിരുന്നെങ്കിൽ എല്ലാം തീരുമായിരുന്നു .അമ്പതു വാര മാത്രം അകലെ അപ്പച്ചനെയും അമ്മയെയും മൂന്നര വയസുള്ള കുഞ്ഞനുജൻ ജോഷ്വയെയും വെറുതെ വിട്ടു കുറെ പേരുടെ ജീവിതം കൊണ്ട് ആ ബോംബർ വിമാനം പോയി .
തോക്കുകളുടെ കൊലവിളിയും,വിമാനങ്ങളുടെ കാതടപ്പിക്കുന്ന ഇരമ്പലും നേർത്തുനേർത്ത് ഇല്ലാതാകുന്ന ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഭാഗ്യം കനിഞ്ഞു തരുന്ന രാത്രികളിൽ അന്ന പഴയ കാലം ഓർത്തെടുക്കാൻ ശ്രമിക്കും .ആദ്യമായി അപ്പച്ചന്‍റെയും അമ്മയുടെയും കൂടെ സാൻ മാർക്കറ്റിൽ ക്രിസ്തുമസിന് പുത്തൻ ഉടുപ്പ് മേടിക്കാൻ പോയതു മറക്കാൻ കഴിയില്ല .അന്നൊരു പേർഷ്യൻ കടയിൽ കണ്ട നല്ല ഭംഗിയുള്ള ,വില കൂടിയ മുത്തു മാലയ്ക്കു വേണ്ടി വാശിയോടെ താൻ കരഞ്ഞപ്പോൾ അവസാനം അപ്പച്ചൻ കൈയിൽ ഉള്ള കാശ് മുഴുവൻ കൊടുത്തു ആ മാല മേടിച്ചു തന്നു . അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല .ആ രാത്രി വളരെ വൈകിയും വട്ട കണ്ണാടിക്കു മുന്നിൽ ചന്തം നോക്കിനിൽക്കുന്ന ആ പഴയ അന്ന ഇപ്പോഴും തന്‍റെ ഉളളിലുണ്ട്.
ആദ്യമായി വയസ് അറിയിച്ച ദിവസം .ആ സന്തോഷത്തിൽ അപ്പച്ചൻ എന്തോ വലിയ സമ്മാനം മേടിക്കാൻ പോയതായിരുന്നു.അന്ന് ഉറങ്ങാതെ വഴി നോക്കി ഇരുന്ന തന്‍റെ മുന്നിലേക്ക് ചോരയിൽ കുളിച്ചു,നിലവിളിച്ചു,ഏന്തി വലിഞ്ഞാണ് അപ്പച്ചൻ വന്നത് . വയസറിയിച്ചപ്പോഴത്തെ ചോര ചോരയല്ലെന്നും വേദനയുടെ നിറമുള്ള കട്ട ചോരയാണ് ചോരയെന്നും അന്ന് മനസിലായി . മാംസം പറിഞ്ഞു തൂങ്ങിയ അപ്പച്ചന്‍റെ വലതു കാലിലേക്ക് നോക്കിയപ്പോൾ തല പെരുത്തു കയറി .
ആശുപത്രയിലെ ചോര തുപ്പിയ വരാന്തയിൽ അപ്പച്ചന്‍റെ അരികു പറ്റി അന്ന ഇരുന്നു . ജോഷ്വ കരഞ്ഞു മടുത്തപ്പോൾ അമ്മയുടെ മടിയിൽ മയക്കം പിടിച്ചു .നിലയ്ക്കാത്ത നിലവിളികളോടെ ചോര വാർന്നു മനുഷ്യർ വരാന്ത നിറഞ്ഞു കൊണ്ടെയിരുന്നു .
"മോളെ "
കൂട്ട നിലവിളികളുടെ ഇടയിലും അപ്പച്ചന്‍റെ വേദനയിൽ പതിഞ്ഞ നേർത്ത ശബ്ദം അന്ന തിരിച്ചറിഞ്ഞു .അപ്പച്ചൻ പോക്കറ്റിൽ കരുതിയ കൊച്ചു സിൽവർ വാച്ച് എടുത്ത് അവളുടെ കൈയിൽ കെട്ടി .എന്നിട്ടു അവളുടെ മുഖത്ത് വേദനയുടെ മുകളിൽ നിലാവ് പോലെ തെളിഞ്ഞു വന്ന സന്തോഷം കണ്ടുകൊണ്ട് ചോദിച്ചു
"ഇഷ്ടായോ "
"ഉം "
അവൾ വാച്ചിലെ ചില്ലിൽ ഉണങ്ങി പിടിച്ച ചോര ഉമ്മിനീര് കൊണ്ട് തുടച്ചു .ചോരയുടെ മറ മാറി സൂചി ചലിച്ചു തുടങ്ങിയപ്പോൾ അവൾ അപ്പച്ചന്‍റെ മുഖത്തേയ്ക്കു നോക്കി . സന്തോഷവും സങ്കടവും ഒരുപോലെ പെയ്തിറങ്ങിയ ആ നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി . അപ്പച്ചൻ വികാരാധീനനായി അന്നയെ നെഞ്ചോടു ചേർത്തു .
വീണ്ടും ആളുകൾ വന്നുകൊണ്ടെയിരുന്നു .
നിലവിളികൾ ഉച്ചത്തിലായി .
ചോരയുടെ മണം കൂടി.
"അപ്പച്ചാ എന്നായി യുദ്ധം തിരുവാ ?"
ജീവിതം വല്ലാതെ മടുത്തത് പോലെ അവൾ അപ്പച്ചനെ നോക്കി .
"അറിയില്ല "
"എന്തിനായിയുദ്ധം? "
" ഒരു കൂട്ടര് പറയുന്നു മതത്തിനു വേണ്ടിയാന്ന് മറ്റേക്കൂട്ടര് പറയുന്നു സമാധാനത്തിനു വേണ്ടിയാന്ന്. എന്തിനാന്നാർക്കറിയാം മോളെ "
"പക്ഷെ മരിക്കുന്നത് നമ്മളെ പോലുള്ള പാവങ്ങളാന്ന് മാത്രം "
അമ്മയുടെ വാക്കുകളിൽ നുരഞ്ഞു പൊങ്ങിയ പ്രതിഷേധം അവൾ കണ്ടു .അപ്പച്ചൻ ഒന്നും പറയാൻ ഇല്ലാത്തതുപോലെ പ്രതിഷേദവും, സങ്കടവും ഒരുപോലെ മിന്നി മറഞ്ഞ കണ്ണുകളോടെ അമ്മയുടെ മടിയിൽ തല വച്ച് ഉറങ്ങുന്ന ജോഷ്വയെ മെല്ലെ തലോടി .
"ഞങ്ങളെയങ്ങ് ബോംബിട്ട് കൊന്നുകള .ഞങ്ങക്കിനി ജീവിക്കണ്ട"
ശരീരമാസകലം ചോര ചിതറിയ ബാൻഡേജു ചുറ്റിയ ഒരു മധ്യവയസ്‌കയായ സ്ത്രി വേദനയോടെ അലറി .
വീട്ടിലേക്കു നടക്കുമ്പോൾ ആകാശത്തുകൂടി രക്ത ദാഹിയെ പോലെ പാഞ്ഞു വരുന്ന ഒരു ബോംബർ വിമാനം കണ്ട് അപ്പച്ചന്റെ നെഞ്ചിൽ ഭയത്തിന്റെ കൊള്ളിയാൻ മിന്നി .
"ഒന്നിച്ചിങ്ങനെ നടന്നാ അപകടമാ.രണ്ടായി മരത്തിന്‍റെ മറവു പറ്റി നടക്ക്"
ബോംബർ വിമാനം അവരെ കടന്നുപോയപ്പോൾ അന്ന ഒരല്പം ആശ്വാസത്തോടെ വലതു കയ്യിലെ നിലയ്ക്കാത്ത വിറയലോടെ ഓക്ക് മരത്തെ കൂച്ചു വിലങ്ങിട്ടതുപോലെ
ബലത്തിൽ വരിഞ്ഞു മുറുക്കി,പടർന്നു തൂങ്ങിയ
കാട്ടു വള്ളികളിൽ ഞാന്നുകൊണ്ട് സ്വയം പറഞ്ഞു :
"ഓ...കർത്താവേ രക്ഷപെട്ടു "
രാത്രി കുറെ നേരം അപ്പച്ചൻ മുറ്റത്തിന്‍റെ നടക്കല്ലിൽ കുത്തിയിരുന്ന് സഹ്‌റാൻ ദഹാബിയുടെ മഞ്ഞു പാതി വിഴുങ്ങിയ ഒലിവു തോട്ടത്തിലേക്ക് നോക്കി ചുരുട്ട് പുകച്ചു കൊണ്ടിരുന്നു . നിലാവിൽ അപ്പച്ചന്‍റെ തലയ്ക്കു വട്ടം പിടിച്ചു നിന്ന പുക അപ്പച്ചന്‍റെ നെഞ്ചിലെ എരിയുന്ന നെരിപോടിൽ നിന്ന് ഉയരുന്നതാണെന്ന് അന്നയ്ക്ക് തോന്നി . അപ്പച്ചൻ എന്തോ തീരുമാനിച്ചുറച്ചതുപോലെ ജോഷ്വയുടെ അരികിൽ,പുൽപായിൽ ഉറങ്ങാൻ കിടന്ന അമ്മയുടെ അടുത്തു വന്നിരുന്നു.
"എനിക്കിനി പ്രതീക്ഷയില്ല .ഈ യുദ്ധവും മത തീവ്രവാദികളും നമ്മളേം കൊണ്ടേ പോകു. നമുക്ക് സിറിയ വിട്ടെങ്ങോട്ടെങ്കിലും പോയാലോ .പണിക്ക് പോയിട്ട് അഴ്ചകളായി .ഇങ്ങനെപോയാൽ നമ്മള് പട്ടിണി കിടന്നു ചാകും .ഇവിടെ ഭയൊം ,പട്ടിണിയുല്ലാതെ വേറൊന്നുയില്ല. "
ഉറക്കം വരാതെ തൊട്ടടുത്ത പായിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന അന്ന ആദ്യമായി അപ്പച്ചന്‍റെ തൊണ്ട ഇടറുന്നത് കണ്ടു
ഒന്നും മനസിലാകാത്തതുപോലെ അമ്മ ചോദിച്ചു :
"എങ്ങോട്ടു പോകാൻ "
"മതത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലാത്ത ,യുദ്ദയില്ലാത്ത , പട്ടിണി കിടക്കണ്ടാത്ത, സമാധാനമുള്ള ഏതെങ്കിലും നാട്ടിലേക്ക് ,"
അന്നയുടെ കണ്ണ് നിറഞ്ഞു . വല്ല്യപ്പച്ചനും വല്ല്യമ്മയും ജീവിച്ചു മരിച്ച ,ചെറുപ്പത്തിൽ ഒരുപാട് കളിച്ചു നടന്ന ഈ മണ്ണ് വിട്ടു എന്നന്നേയ്‌ക്കുമായി പോകുവാണ്.
"നമ്മടെ വിയർപ്പാണി മണ്ണ് ,എത്രയോ കാലം ചോര നീരാക്കി അദ്ധ്വാനിച്ചിട്ടാണിത്രേം ഉണ്ടാക്കിയത്.എന്നിട്ടിതെല്ലാം ഉപേക്ഷിച്ചു പോകുവാന്നു വച്ചാ..."
അമ്മ ,ഉള്ളിൽ ഉരുണ്ടു വന്ന വിങ്ങൽ കടിച്ചമർത്താൻ പാടുപെട്ടു
"ഈ മണ്ണ് വിട്ടു പോകുമ്പോൾ നെഞ്ച് പറിച്ചെറിയുന്നപോലാ ''
അമ്മ ഉള്ളിൽ നീറി പുകയുന്ന സംഘർഷങ്ങളുടെ കൊടും കാറ്റിൽ ആടി ഉലഞ്ഞു. അവസാനം ഒന്ന് രണ്ടു ദീർഘ നിശ്വാസങ്ങൾക്കു ശേഷം പറഞ്ഞു:
''എന്നാലും സാരയില്ല ഇനി വയ്യ "
ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു . അപ്പച്ചൻ ഒന്നും പറയാതെ തല കുനിച്ചു ഉള്ളിൽ കനത്തുവന്ന വിഷാദത്തോടെ പുറത്തേയ്ക്കു നടന്നു.അമ്മ വീണ്ടും ഉള്ളിലെ വിങ്ങൽ അടക്കാനാവാതെ തലയിണയിൽ മുഖം ചേർത്ത് വിതുമ്പി.
അപ്പച്ചൻ പറഞ്ഞ സമാധാനത്തിന്‍റെ നാട് അന്ന പതുക്കെ സ്വപ്നം കണ്ടു തുടങ്ങി. ഒരുകാലത്തു പ്രിയപ്പെട്ടവർ എന്ന് കരുതിയവർ ഇന്ന് വിശ്വാസത്തിന്‍റെ പേരിൽ ശത്രുക്കളായി കൊല്ലാൻ കാത്തിരിക്കുന്ന ഒരു നാട്ടിൽ തങ്ങൾ അധിക പറ്റാണെന്നു അവൾക്കു തോന്നി . ഭീതി വിതയ്ക്കുന്ന യുദ്ധ വിമാനങ്ങളുടെയും കാതടപ്പിക്കുന്ന വെടി യൊടിച്ചകളുടെയും എണ്ണം കൂടിതുടങ്ങിയപ്പോൾ സമാധാനം അടക്കാനാവാത്ത ഒരു മോഹമായി അവളുടെ ഉള്ളിൽ പടർന്നു കയറി .
‘'എന്‍റെ കർത്താവേ ആ സാമാധാനത്തിന്‍റെ നാട്ടിലൊന്നു വേഗം എത്തിരുന്നെങ്കിൽ ''
അവൾ സ്വയം പറഞ്ഞിട്ട് പിന്നെയും പായിൽ ഒന്ന് രണ്ടു തവണ തിരിഞ്ഞു മറിഞ്ഞും കിടന്നു .എന്നിട്ടും ഉറക്കം വരാതെ പായിൽ മുട്ട് കുത്തി നിന്ന് മുറ്റത്തെ ഓക്ക് മരത്തിനു ചുവട്ടിൽ ഇരുന്നു ചുരുട്ട് പുകച്ചുകൊണ്ടിരിക്കുന്ന അപ്പച്ചനെ നോക്കി .ഭയവും ആശങ്കയും വെട്ടുകത്തികൊണ്ടു അപ്പച്ചന്‍റെ ഉറക്കത്തെ വെട്ടി മാറ്റിയിട്ടു നാളുകളായി .മുറ്റത്തു അപ്പച്ചന്‍റെ മനസ്സു പിടയുമ്പോൾ എങ്ങനെ അകത്തു ഈ പായിൽ കിടന്നു ഉറങ്ങാൻ പറ്റും . മാനത്തേയ്ക്ക് കണ്ണും നട്ട് പോർ വിമാനങ്ങളുടെ വരവും കാത്തുള്ള ഇരിപ്പാണ്. ഇടയ്ക്കു സഹ്‌റാൻ ദഹാബിയുടെ തോട്ടത്തിലേക്കും ഒരു നോട്ടം എറിയുകയും വേണം .എപ്പഴാ ഇരുട്ടിന്‍റെ മറവിൽ കത്തിയും തോക്കുമായി കാഫിറുകളെ കൊന്നുടുക്കാൻ മത തീവ്രവാദികൾ വേട്ടയ്ക്ക് ഇറങ്ങുക എന്ന് പറയാൻ ഒക്കത്തില്ല
"അപ്പച്ചാ നമ്മളെന്നാ സമാധാനത്തിന്റെ നാട്ടിൽ പോകുന്നെ "
സഹ്‌റാൻ ദഹാബിയുടെ ഒലിവു തോട്ടത്തിനു അരികിലെ ചെമ്മൺ പാഥയിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ അന്ന ചോദിച്ചു .
"പോകാം മോളെ .അവിടെ ചെന്നാ നമ്മുടെ പഴയ സന്തോഷത്തിന്‍റെ കാലം തിരിച്ചു വരുട്ടോ. മോക്ക് വീണ്ടും സ്കൂളി പോകാം .ജോഷ്വയെ നമുക്ക് നഴ്സറിയി വിടണം"
"ശരിക്കും "
"ഉം"
"അവിടെ മനുഷ്യരെങ്ങനാ മതം ചോദിച്ചാളുകളെ കൊല്ലാൻ വരുവോ"
അന്നയുടെ പ്രായത്തിൽ കവിഞ്ഞ ആശങ്ക കണ്ട് അപ്പച്ചൻ അവളുടെ തോളിൽ മെല്ലെ തലോടി
"ഇല്ല മോളെ "
കമ്പി വേലിക്കു വെളിയിലേക്ക് അവരെ എത്തി നോക്കികൊണ്ട് പടർന്നു കിടന്ന ഒലിവുചില്ലയിലെ പഴുത്തു തൂങ്ങിയ ഒലിവുപഴങ്ങൾ കൊത്തി പറിക്കാൻ വന്നു തൂങ്ങിയ,വെള്ളയും പച്ചയും ഇടകലർന്ന ചന്തമുള്ള രണ്ടു ഇണപ്രാവുകളെ കാവൽക്കാർ എറിഞ്ഞോടിച്ചു .
''പാവങ്ങൾ വെശന്നിട്ടാരിക്കും''
അപ്പച്ചന്‍റെ ഉള്ളിൽ തിളച്ചു മറിഞ്ഞ പ്രതിഷേധം നാവിൻ തുമ്പിലേക്കു തികട്ടി വന്നു .
''ചെകുത്താൻമാരാ ''
അപ്പച്ചൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ ഇടതുകാലിന്‍റെ മുട്ടിന് താഴെ തടിച്ചു കിടന്ന മുറി പാടുകളിൽ കൈ വിരൽ ഓടിച്ചു .അപ്പച്ചൻ ,അഞ്ചാം പനി വന്നു കിടപ്പിലായി,ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽ പാലത്തിലൂടെ നടക്കുന്ന കാലം .അന്ന് വിശപ്പ് മൂത്തപ്പോൾ അമ്മയ്ക്ക് പിന്നെ ഒന്നും നോക്കാനില്ലാരുന്നു . സഹ്‌റാൻ ദഹാബിയുടെ പഴുത്തു തൂങ്ങിയ ഒലിവു പഴങ്ങൾ വല്ലാതെ ഉദരത്തെ മോഹിപ്പിച്ച ഒരു രാത്രി അമ്മയും താനും മുള്ളു വേലി ചാടി . കാവൽക്കാർ ഇല്ലാത്ത സമയം നോക്കിയാണ് കേറിയത് എന്നിട്ടും പഴം പറിച്ചു ഇറങ്ങാന്നേരം അവർ വളഞ്ഞിട്ടു പിടിച്ചു . സഹ്‌റാൻ ദഹാബി കൽപ്പിച്ച ശിക്ഷ മുക്കാലിൽ കെട്ടിയുള്ള അൻപത്തിയൊന്ന് അടി ആയിരുന്നു .ഇപ്പഴും ഒലിവു പഴം കാണുമ്പോൾ നെഞ്ചിൽ നിന്ന് കൈ കാലുകളിലേക്കു ഒരു വിറയൽ ഇരച്ചു വരും .
''ഇവിടുന്നു പോകുന്നതാ നല്ലതു അപ്പച്ചാ ''
ഭീതിപെടുത്തുന്ന ഓർമ്മകൾ മിന്നൽ പിണർപോലെ നിന്ന് കത്തിയപ്പോൾ അവൾ അറിയാതെ പറഞ്ഞു പോയി . അവളുടെ മനസ്സിന്റെ വിങ്ങലുകൾക്കു ഇടയിലൂടെ പടർന്നു വന്ന വേദന കൂർത്ത മുള്ളുകൾ കൊണ്ട് ഹൃദയത്തെ കുത്തി നോവിച്ചതുപോലെ അപ്പച്ചൻ പുറം കൈകൊണ്ടു നിറഞ്ഞു തുളുമ്പിയ കണ്ണീർ തുടച്ചു .എന്നിട്ടു വിറയൽ വീണ അവളുടെ കൈയിൽ മുറുകെ പിടിച്ചു ചെമ്മൺ പാഥയിലൂടെ മനസ്സിനെ കീഴ്‌പ്പെടുത്തിയ വിങ്ങലുകൾക്കു അപ്പുറം മറ്റൊന്നും മിണ്ടാനാവാതെ നടന്നു.
വൈകിട്ട് വിറയോടെ വീട്ടിൽ വന്ന അപ്പച്ചൻ,ഇടറിയ ശബ്ദത്തിൽ അമ്മയോട് പറയുന്നത് കേട്ടു ;
''അബുമുസാക്കും കൂട്ടരും കഴുത്തിൽ കത്തി വച്ചുകൊണ്ടു പറഞ്ഞെ അവര് പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ ഇവിടുന്ന് പൊയ്‌ക്കോണന്നാണ് അല്ലെങ്കി കഴുത്തറത്ത് കൊല്ലുന്ന് ''
അമ്മ ഒന്നും മിണ്ടാനാവാതെ ഒരു മരവിപ്പോടെ അപ്പച്ചനെ നോക്കി നിന്നു.അപ്പോൾ അപ്പച്ചൻ പറഞ്ഞു :
'' റാക്കയിൽ അവർ നാലു സിസ്റ്റർമ്മാരെ തട്ടി കൊണ്ട് പോയി .ഒരാളെ പള്ളി മുറ്റത്തു കൊന്ന് കെട്ടി തൂക്കി ''
ഭീതി പെടുത്തുന്നതും നൊമ്പര പെടുത്തുന്നതുമായ വാർത്തകൾ ഇപ്പോൾ അന്നയുടെ മനസ്സിന് ഒരു മരവിപ്പ് മാത്രമാണ് ഉണ്ടാക്കുന്നത്.എന്തിനെയും നേരിടാൻ മനസ്സ് കുറേയൊക്കെ ഭാഗപെട്ടത് പോലെ . എങ്കിലും,മനുഷ്യർ എത്ര പെട്ടന്നാണ് വിശ്വാസത്തിന്റെ പേരിൽ വെറുക്കപെട്ടവരായി മാറുന്നത് എന്ന ചിന്ത അവളുടെ ഉള്ളിൽ വീണ്ടും വീണ്ടും കടന്നു വന്നു . അബു മുസാക്കിന്റെ മോൾ,സൈറ സ്കൂളിലെ തെന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു . അവളും ബാപ്പയും ഉമ്മയും ഒരുപാട് തവണ ഇവിടെ വന്നിട്ടുണ്ട് . അവരോട് അപ്പച്ചനും അമ്മയ്ക്കും എന്ത് സ്നേഹമായിരുന്നു .
എന്നിട്ടും!
സൈറയ്ക്ക് ഇപ്പോൾ തന്നോട് വെറുപ്പായിരിക്കുമോ . ആയിരിക്കില്ല .അവൾക്കങ്ങനെ ആകാൻ കഴിയില്ല .
രാത്രിയിൽ കിടക്കുന്നതിനു മുൻപ് അമ്മ വേദപുസ്തകം എടുത്ത്, മെഴുകുതിരി വെളിച്ചത്തിൽ പുറപ്പാടിന്റെ പുസ്തകത്തിൽ യഹോവ മോശെയെയും ഇസ്രായേലി മക്കളെയും കൊണ്ട് ചെന്നെത്തിച്ച വാഗ്ദത്ത ദേശത്തെക്കുറിച്ചു വായിക്കുന്നത് വല്ലാത്തൊരു കൗതുകത്തോടെയും ആവേശത്തോടെയും അന്ന കേട്ടിരിക്കുന്നത് കണ്ട് അപ്പച്ചൻ പറഞ്ഞു;
''അതുപോലൊരു ദേശത്ത് കർത്താവ് നമ്മളെയും കൊണ്ടുചെന്നെത്തിക്കും മോളെ ''
അവൾ ,അപ്പച്ചൻ പറഞ്ഞ സ്വപ്നങ്ങളിൽ മനസ്സ് ചേർത്തു .
ഉള്ളതെല്ലാം ഉപേക്ഷിച്ച് അപ്പച്ചന്‍റെയും അമ്മയുടെയും , ജോഷ്വയുടെയും ഒപ്പം വീട് വിട്ട് ഇറങ്ങിയപ്പോൾ നെഞ്ച് പിടഞ്ഞു .ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല.അമ്മ ഹൃദയത്തിൽ ഒട്ടിപ്പിടിച്ച ഓർമ്മകളെ അടർത്തി മാറ്റാനാവാതെ തിരിഞ്ഞു നിന്ന് വിതുമ്പി. ജോഷ്വ അപ്പച്ചന്‍റെ തോളിൽ ഇരുന്നു കൈയിൽ കിട്ടിയ ഒരു കളി വണ്ടിയുടെ ചക്രം തിരിക്കുകയാണ് . പെട്ടന്ന് എവിടെനിന്നോ വീശിയടിച്ച ഒരു കാറ്റിൽ ഒലിവു മരങ്ങൾ കൊമ്പ് കോർത്തു . കാവൽക്കാർ വട്ടം ഇരുന്നു സൊറ പറഞ്ഞു ചീട്ടു കളിയാണ് . അവളെയും അമ്മയെയും കെട്ടിയിട്ട,നന്നെ ഉയരം കൂടിയ ഒലിവു മരത്തിന്‍റെ ചില്ലകൾ വീശി അടിച്ച ഒരു കാറ്റിൽ ഭീകര രൂപിയെ പോലെ അവരെ ഒന്ന് എത്തി നോക്കിയിട്ടു തിരിച്ചു പോയി .
ഒലിവു തോട്ടം പിന്നിട്ട് ഗട്ടർ ഒട്ടു മുക്കാലും കാർന്നു തിന്ന ടാർ ഇട്ട റോഡിലേക്ക് കയറിയപ്പോൾ കുന്നിൻ ചെരുവിന് താഴെ തകർന്നൊടിഞ്ഞു കിടക്കുന്ന സെന്റ് മേരിസ് പള്ളി അന്നയെ വേദനയോടെ നോക്കി . ആദ്യമായി വല്ല്യപ്പച്ചന്‍റെ കൈ പിടിച്ചു വിശുദ്ധ കുർബാനയ്ക്കു വന്നത് നൊമ്പര പെടുത്തുന്ന ഒരോർമ്മയായി മനസ്സിൽ മിന്നി മറഞ്ഞു .ആ പള്ളി പറമ്പിൽ വല്ല്യപ്പച്ചനും, വല്ല്യമ്മച്ചിയും ഒന്നും അറിയാതെ ശാന്തമായി ഉറങ്ങുന്നുണ്ട് .പോയ് ഒന്ന് യാത്ര പറയേണ്ടതായിരുന്നു . സാരയില്ല. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഈ ഓട്ടം അവർക്കു മനസിലാകും .
പള്ളി പറമ്പിലേക്ക് തിരിഞ്ഞു നോക്കികൊണ്ട് അന്ന നടന്നു . ആദ്യ കുർബാനയുടെ അന്ന് ഹൃദയത്തിൽ പതിച്ച ആ പിന്നൽ പിണർ ഇപ്പോഴും കാതുകളിൽ മുഴക്കത്തോടെ ഭീതിയുടെയും വേദനയുടെയും പ്രതിധ്വനി ഉണ്ടാക്കുന്നുണ്ട്. പാവം.സ്നേഹിക്കാൻ മാത്രം അറിയുന്ന തോമസ് അച്ഛൻ .ആദ്യ കുർബാനയുടെ അന്ന് തോമസച്ചൻ തന്ന തൂവെള്ള കൊന്ത,കഴുത്തിൽ ഒരു നൊമ്പര സ്മാരകം പോലെ കിടക്കുന്നതു അവൾ അറിഞ്ഞു .
"എല്ലാം നല്ലതിന് വേണ്ടിയാ.കർത്താവ് കാട്ടിത്തരുന്ന വഴിയാണിതെന്നു കരുതി സമാധാനിക്ക്"
അമ്മയുടെ ഏങ്ങലടി ഹൃദയത്തിൽ കൊണ്ടപ്പോൾ അപ്പച്ചൻ പറഞ്ഞു.
കുറെ ആളുകൾ തിങ്ങി നിറഞ്ഞ ,നമ്പർ പ്ലേറ്റ് കഷ്ടിച്ചു വായിക്കാവുന്ന എല്ലും തോലുമായ ഒരു വാനിന്‍റെ തറയിൽ അവർ ഞെരുങ്ങി ഇരുന്നപ്പോൾ ഡ്രൈവർ പറഞ്ഞു :
"രാത്രിയാണെങ്കിലും ലൈറ്റ് ഇട്ടു പോകാൻ പറ്റത്തില്ല .ഏതെങ്കിലും വിമാനത്തിന്റെയോ തീവ്രവാദികളുടെയോ കണ്ണിൽ പെട്ടാ തീർന്നെല്ലാം .ഒറ്റ ബോബ്.ഭും "
ഇരുട്ടിനോടും ,കോട മഞ്ഞിനോടും പടപൊരുതി വാൻ മുന്നോട്ടു പൊയ്ക്കൊണ്ടെയിരുന്നു .ഒന്നു രണ്ടു വണ്ടികൾ ഇടിക്കാൻ നേർക്ക് ചീറി വന്നു .ഭാഗ്യം ഒന്ന് കൊണ്ടു മാത്രം ചെറിയ ഉരസൽ ഉണ്ടാക്കി തെന്നി മാറി പോയപ്പോൾ അന്നയുടെ നെഞ്ചിൽ ഭയത്തിന്റെ കൊള്ളിയാൻ മിന്നി .അവൾ ജോഷ്വയുടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് അപ്പച്ചനോടും അമ്മയോടും ചേർന്ന് നിന്നു .
ഇരുട്ടും മഞ്ഞും പാതി വിഴുങ്ങിയ ഒരു കടൽ തീരത്ത് അവർ എത്തി . വിമാനത്തിന്‍റെ ഇരമ്പലും വെടിയൊച്ചകളും നിലച്ച ഒരു സമയമായതുകൊണ്ട് അവിടം പള്ളിപറമ്പിലെ ശംശാനം പോലെ മൂകമായി അന്നയ്ക്ക് തോന്നിച്ചു . പതിഞ്ഞ താളത്തിൽ നുരഞ്ഞു അടിച്ചു വരുന്ന തിരകളിലേക്കു നോക്കി നിന്നപ്പോൾ അമ്മ തെല്ലു ദേക്ഷ്യത്തോടെ അവളുടെ കൈയിൽ പിടിച്ചു വലിച്ചു . ചുവന്ന ലൈറ്റ് കത്തിച്ചു നിർത്തിയിട്ട ഒരു റബർ ബോട്ടിനു അടുത്തെത്തിയപ്പോൾ ഡ്രൈവർ പറഞ്ഞു;
"എല്ലാരും ആ ബോട്ടിലേക്ക് കേറിക്കോ "
ഡ്രൈവർ പറയുന്നത് കേട്ട് എല്ലാരും ആശങ്കയോടും ഭയത്തോടും കണ്ണ് മിഴിച്ചു
"ഈ ബോട്ടിലാണോ ഇത്രേം ദൂരം പോകണ്ടത് "
ആളുകൾ കയറാൻ മടിച്ചപ്പോൾ ഡ്രൈവർ പറഞ്ഞു;
"ആരും പേടിക്കണ്ട .അരമണിക്കൂറു പോയാൽ പുറം കടലിൽ കപ്പലുണ്ട് "
ഡ്രൈവറുടെ വാക്കു കേട്ടപ്പോൾ അന്നയ്ക്ക് ആശ്വാസമായി .
അന്നയെയും ജോഷ്വയെയും ചേര്‍ത്തു നിര്‍ത്തിയിട്ട് അപ്പച്ചൻ പറഞ്ഞു:
"രണ്ടു പേരും അപ്പച്ചനെ മുറുകെ പിടിച്ചു നിന്നോ കേട്ടോ "
"ഉം "
അരണ്ട വെളിച്ചത്തിൽ പതഞ്ഞു പൊങ്ങിയ തിരകൾക്കു ഇടയിലൂടെ ആടി ഉലഞ്ഞ ബോട്ട് ഇടയ്‌ക്കിടയ്ക്ക് ഭീതി ഉണ്ടാക്കികൊണ്ടിരുന്നു.അന്ന ആദ്യമായിട്ടാണ് ബോട്ടിൽ കയറുന്നത് .പണ്ട് വല്ല്യപ്പച്ചൻ പറഞ്ഞ ,കടലിലൂടെ നീന്തി രാജകുമാരിയെ കാണാൻ പോയ രാജകുമാരന്‍റെ കഥ ഓർമ്മവന്നു .കടൽ തട്ടിലെ ഭീകര രൂപികളായ ചുഴികൾ രാജകുമാരനെ വിഴുങ്ങിയപ്പോൾ ഓളപടവുകള്‍ക്കു അടിത്തട്ടില്‍ പവിഴങ്ങൾക്കു കാവലിരിക്കുന്ന ഒരു കൂറ്റൻ കൊമ്പൻ തിമിംഗലം രാജകുമാരനെ രക്ഷിച്ചു കരയില്‍ എതിച്ചത്രേ. വല്ല്യപ്പച്ചന്‍റെ അപസർപ്പ കഥകൾ ഓർമ്മകളെ ചുരണ്ടി എടുത്തത് പോലെ അവൾ ആ കഥയിൽ തെല്ലു നേരം അഭിരമിച്ചു .വിളറിയ ആകാശ കീറിനു കീഴെ കാറ്റാടി പമ്പരം പോലെ ഇളകി മറയുന്ന തിരകള്‍ക്കിടയില്‍ അവള്‍ രാജകുമാരനെ രക്ഷിച്ച കൊമ്പൻ തിമിംഗലത്തെ തിരഞ്ഞു . നിലാവ് തെളിഞ്ഞു വന്നപ്പോള്‍ കടല്‍ അല്പം ശാന്തമായതുപോലെ തോന്നി . അവള്‍ അപ്പച്ചന്‍റെ കൈയി പിടിച്ചുകൊണ്ട് ബോട്ടിന് അരികിലേക്ക് ചേര്‍ന്ന് നിന്നുകൊണ്ട് കയ്യിൽ ഉപ്പു വെള്ളം കോരി എടുത്തു ജോഷ്വയുടെ മേൽ ഞൊട്ടി .അവൻ കടുപ്പിച്ച മുഖത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ കവിളിൽ കുസൃതി ചിരി ചുഴികൾ തീർത്തു. അത് കണ്ടു അപ്പച്ചൻ പുരികം ഞെരിച്ചപ്പോൾ അവൾ അനസുരണക്കാരിയെ പോലെ ജോഷ്വയ്ക്കു ചമ്മിയ ഒരു നോട്ടം എറിഞ്ഞു. അത് ഇഷ്ടപെട്ടത് പോലെ ജോഷ്വ അപ്പച്ചനോട് ചേർന്ന് നിന്നു.
കടല്‍ വീണ്ടും പേ പിടിച്ച പോലെ തൊട്ടുതൊട്ടില്ലന്നപോലെ നുരഞ്ഞു പതഞ്ഞു ആര്‍ത്തലക്കുന്നത് കണ്ട് കറപിടിച്ച നീണ്ട താടിയുള്ള ഒരു വൃദ്ധന്‍ ഊന്നു വടികൊണ്ട് ബോട്ടിന്റെ തറയിൽ ഒന്ന് രണ്ടു തവണ കുത്തിട്ട് വിറയലോടെ അലറി;
"എവിടാ കപ്പല് ? ഞങ്ങളെയി കടലി കൊല്ലുവോ? "
ആളുകളുടെ വാക്കുകളിൽ ചിന്നി ചിതറിയ ഭയവും ദേക്ഷ്യവും അന്നയുടെ നെഞ്ചിൽ കൊമ്പുകോർത്തു .അപ്പച്ചന്‍റെ മുഖം ദേഷ്യം കൊണ്ട് കനക്കുന്നതു അവൾ കണ്ടു .അമ്മയ്ക്ക് എല്ലാത്തിനും മറുപടി കരച്ചിലാണ് . ഡ്രൈവർ പറഞ്ഞു കൊണ്ടിരുന്ന മുടന്തൻ ന്യായങ്ങളിൽ നിന്ന് അന്നയ്ക്ക് ഒരു കാര്യം പിടികിട്ടി കപ്പൽ ഒരിക്കലും വരില്ല.
ആളുകളുടെ പ്രതിഷേധം തല്ലിൽ എത്തുമെന്ന് കണ്ടപ്പോൾ ഡ്രൈവർ പറഞ്ഞു :
"വന്ന അത്രേം കൂടി പോയാ പറഞ്ഞ സ്ഥലത്തെത്താം .അതോ തിരിച്ചു പോണോ? "
ഡ്രൈവർ പ്രതീക്ഷിച്ചതു പോലെ തന്നെ ആർക്കും തിരിച്ചു പോകണ്ട .കാശ് ഒന്നും പോകാതെ മൊത്തം പോക്കറ്റിൽ ആയതിന്‍റെ സന്തോഷത്തിൽ ആയാൾ അപ്രതീക്ഷിതമായി പൊങ്ങി വന്ന ഒരു കൂറ്റൻ ഒറ്റയാൻ തിരയെ വെട്ടിച്ചു കയറിയപ്പോൾ ബോട്ട് പിന്നോട്ടൊന്ന് ആഞ്ഞു . ആളുകൾ വഴുതി അലർച്ചയോടെ ബോട്ടിന്‍റെ തറയിലേക്ക് വീണു . അന്നയും ,ജോഷ്വയും അപ്പച്ചന്‍റെ കാലിൽ അള്ളി പിടിച്ചു നിന്നു. ആളുകൾ മുട്ടൻ തെറി വിളിച്ചപ്പോൾ ഡ്രൈവർ ഇതൊക്കെ സാധാരണമാണെന്ന മട്ടിൽ കൈ ഉയർത്തി കാണിച്ചു ചിരിച്ചു . അപ്പോൾ ആകാശത്തു ഏകാകിയായി കത്തി നിന്ന,ആ നക്ഷത്ര പൊട്ടിനെയും മായിച്ചുകൊണ്ട് കടലിനെ ഇരുട്ട് എടുത്തു.മുഴക്കത്തോടെയുള്ള മിന്നൽ പിണറുകൾ ഇരുട്ടിൽ വിള്ളലുകൾ തീർത്തു കടന്നു പോയതിന്റെ പിന്നാലെ തിരമാലകൾ ഭ്രാന്തു പിടിച്ചതുപോലെ ഇളകി മറിയുന്നത് കണ്ട് അന്ന ഭയത്തോടെ അപ്പച്ചനെ വട്ടംപിച്ചു.ജോഷ്വ അമ്മയെയും അന്നയെയും ഇറുകി പിടിച്ചു വാവിട്ടു കരഞ്ഞു.താളം പിഴച്ച ഒരു നിമിഷം അലറി വിളിച്ച ഒരു കൂറ്റൻ തിരയിൽ തട്ടി ബോട്ടു കീഴ്മേൽ മറിഞ്ഞു .ഉയർന്നു മറിഞ്ഞ തിരകളിൽ നിന്ന് കൂട്ട നിലവിളികൾ ആകാശത്തിന്‍റെ ദിക്കുകളിൽ നിലയ്ക്കാതെ അലയടിച്ചു.
അന്നയ്ക്കു ഓർമ്മ തെളിഞ്ഞപ്പോൾ ഏതോ ഒരു ആശുപത്രി വരാന്തയിലെ കട്ടിലിൽ കിടക്കുകയാണ് . അവൾ തല ഉയർത്തി നോക്കിയപ്പോൾ തൊട്ടടുത്ത ഭിത്തിയോട് മുഖം ചേർത്തു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അപ്പച്ചൻ ഇരിക്കുന്നു .
അവൾ അമ്മയെയും ജോഷ്വയെയും തിരഞ്ഞപ്പോൾ അപ്പച്ചൻ പറഞ്ഞു
"അവര് കർത്താവിന്റെ അടുത്തേയ്ക്കു...."
വാക്കുകൾ പറഞ്ഞു മുഴുവിക്കാനാവാതെ അണപൊട്ടിയ ഉള്ളിലെ വിങ്ങലുകൾ അടക്കാനാവാതെ അപ്പച്ചൻ ഭിത്തിയിൽ മുഖം ചേർത്തു വിതുമ്പി. അപ്പച്ചന്‍റെ വാക്കുകൾ അവളുടെ ഉള്ളിൽ വല്ലാത്തൊരു ഒരു മരവിപ്പാണ് ഉണ്ടാക്കിയത്. പറിച്ചു മാറ്റാൻ ആവാത്ത പൊക്കിൾകൊടി പോലെ ഓർമ്മ നശിക്കുന്നതിന്‍റെ അവസാന നിമിഷം വരെ തന്റെ കൊന്തയിലും ഉടുപ്പിലും അള്ളിപിടിച്ചു തൂങ്ങിയ ജോഷ്വയുടെ കൈ എപ്പോഴാണ് വിട്ടുപോയത് . അമ്മയുടെയും ജോഷ്വയുടെയും നിലവിളികൾ ഭൂഖണ്ഡങ്ങൾ പിളരുമാറ് കടലിനു അടി തട്ടിൽ നിന്ന് അവളുടെ കാതുകളിലേക്കു ഇരച്ചു വന്നു. മനോനില തെറ്റിയ ഒരു ഭ്രാന്തിയെ പോലെ അന്ന മുടിയിൽ പിച്ചി അലറി കരഞ്ഞു.
എവിടെയും എത്താതെ, ദുരന്തം മാത്രം ബാക്കിവച്ച ആ യാത്രയുടെ പര്യാവസാനം ലബനോൻ പട്ടാളക്കാർ കനിഞ്ഞു നൽകിയ ഒരു അഭയാർത്ഥി ക്യാമ്പിലായി .കാല ബോധം ഇല്ലാതെ യുദ്ധത്തിനു ഭ്രാന്തു കൂടി കൊണ്ടിരുന്നു .
"റഷ്യയെം ബോംബിടാൻ ഇറങ്ങിന്നാ പറയുന്നെ"
പോക്കറ്റ് റേഡിയോ കേട്ടുകൊണ്ടിരിക്കുന്ന ഒരു മധ്യവയസ്കൻ പറഞ്ഞു .
അന്ന പൊട്ടിയ കൊന്ത കോർക്കുന്നതിനിടയിൽ അവർ പറയുന്നത് ശ്രദ്ധിച്ചു.
''എല്ലാ ബോംബിനും ഒരേ ഭാഷയാ .ശിഷിക്കാനൊരു ബോംബും രക്ഷിക്കാൻ വേറൊരു ബോംബുയില്ല''
വലതു കാലിന്‍റെ പകുതി ബോംബ് കൊണ്ടു പോയ ഒരു ചെറുപ്പക്കാരൻ വോക്കിങ് ക്രച്ചിൽ തൂങ്ങി പുറത്തേയ്ക്കു നടക്കുന്നതിനിടയിൽ പറഞ്ഞു .യുദ്ധത്തിന്‍റെ രാഷ്ടിയം പിടികിട്ടാതെ അന്ന വരാൻ ഇരിക്കുന്ന ദുരന്തങ്ങളെ കുറിച്ചു ഓർത്തു പകച്ചിരുന്നു.അഭയാർത്ഥി ക്യാമ്പിനു മുകളിലൂടെ ഓരോ വിമാനം പായുമ്പോഴും അവൾ മരണം പ്രതീക്ഷിച്ചു. ഇങ്ങനെ എത്രനാൾ?.ഭീതിയോടെ ഇങ്ങനെ കഴിയുന്നതിനെക്കാൾ നല്ലത് കടലിൽ വച്ച് ജോഷ്വായോടും ,അമ്മയോടുമൊപ്പം മരിക്കുന്നതായിരുന്നെന്ന് അവൾക്കു തോന്നി.സങ്കടങ്ങളുടെയും സന്ദേഹങ്ങളുടെയും നിലയ്ക്കാത്ത കൂറ്റൻ ചുഴികളിൽ അവൾ മുങ്ങി താണു .
അഭയാർത്ഥി ക്യാമ്പിൽ റൊട്ടിക്കും വെള്ളത്തിനും കാത്തു നിൽക്കുമ്പോൾ ഒരു പട്ടാള ഉദ്യോഗസ്ഥൻ മറ്റൊരു പട്ടാളക്കാരന്‍റെ ചെവിയിൽ പറഞ്ഞത് അന്ന കേട്ടു
"പുതിയ ധാരണ ഉണ്ടാക്കിയിട്ടുണ്ട് .തത്കാലം അഞ്ചുറ് പേരെ അടുത്ത മാസം യുറോപ്പിലേക്ക് വിടും .ആരൊക്കെയാ പോകുന്നെന്നു നറുക്കിട്ടു തീരുമാനിക്കും "
ആ കാര്യം അപ്പച്ചനോട് പറഞ്ഞപ്പോൾ അപ്പച്ചന്‍റെ മുഖത്തു തെളിഞ്ഞുവന്ന പ്രതീക്ഷ അവളുടെ മനസ്സിന്‍റെ വ്യഥകളിൽ ചെറിയ ആശ്വാസത്തിന്‍റെ അലകൾ തീർത്തു.
'ഇത്രേ ആളുകളിന്നു നറുക്കു വീഴുക അത്ര എളുപ്പമുള്ള കാര്യയല്ല .എന്നാലും പ്രതീക്ഷയുണ്ട് ''
"നമുക്കാ ഭാഗ്യയുണ്ടാകുവോ അപ്പച്ചാ "
അന്നയുടെ മുഖം പിന്നെയും വാടിയതു കണ്ടു അപ്പച്ചൻ അവളെ ചേർത്ത് പിടിച്ചിട്ടു, അവളുടെ കലങ്ങിയ കണ്ണുകളിലേക്കു നോക്കിട്ടു പറഞ്ഞു;
"നമ്മൾ പോകും മോളെ .കർത്താവിനിയെങ്കിലും നമ്മുടെ പ്രാർത്ഥന കേൾക്കാതിരിക്കില്ല "
രാത്രി കിടന്നിട്ട് അവൾക്കു ഉറക്കം വന്നില്ല.എല്ലാവരും പോകുന്നതിനെകുറിച്ചാണ് ചർച്ച.എല്ലാവർക്കും പോകണം.എല്ലാവർക്കും ജീവിക്കണം. പാതി വഴിയിൽ ദയയില്ലാതെ ദുരന്തം പിച്ചി ചീന്തിയ ആ യാത്ര അവളെ വീണ്ടും വല്ലാതെ നൊമ്പരപ്പെടുത്തി .
ഏതോ കുട്ടിയുടെ കരച്ചിൽ കേട്ടാണ് അന്ന രാവിലെ ബെഡിൽ നിന്ന് ഉണർന്നത് .ജോഷ്വയുടെ അതെ പ്രായം തോന്നിക്കുന്ന ഒരു കുട്ടി .ക്യാമ്പിൽ വന്നിട്ട് ഏതാനും മണിക്കൂറെ ആയിട്ടുള്ളു.നല്ല പനി. കൂടെയുള്ളത് പ്രായം ചെന്ന തട്ടം ഇട്ട ഒരു സ്ത്രിയാണ്.അത് വല്ല്യയുമ്മയായിരിക്കുമെന്ന് അവൾ ഉറപ്പിച്ചു
അപ്പോൾ ആരോ പറഞ്ഞു :
"കഷ്ടം ആ കുട്ടിടെ ഉമ്മേം ബാപ്പേം ഇന്നലെ ബോംബാക്രമണത്തിൽ മരിച്ചു "
അത് കേട്ടപ്പോൾ അന്നയ്ക്ക് സങ്കടം വന്നു. അന്നയുടെ അപ്പച്ചൻ ആ കുട്ടിയുടെ നെറ്റിയിൽ തൊട്ടു നോക്കിയിട്ടു പറഞ്ഞു:
"നല്ല ചൂടുണ്ട് .നമുക്കുടനെ ഡോക്ടറുടെ എടുത്തു കൊണ്ടുപോണം"
അപ്പച്ചൻ കുട്ടിയെയും എടുത്തു നടന്നു.കണ്ണിൽ നിന്ന് മറയുന്നതു വരെ അപ്പച്ചന്‍റെ തോളിൽ പറ്റി പിടിച്ചു കിടക്കുന്ന അവന്‍റെ വിളറിയ മുഖത്തേയ്ക്കു അവൾ നോക്കിനിന്നു . ജോഷ്വയും ഇങ്ങനെയായിരുന്നു എന്തെങ്കിലും അസുഖം വന്നാൽ അപ്പച്ചന്‍റെയും അമ്മയുടെയും തോളിൽ ഇങ്ങനെ പറ്റിപിടിച്ചു കിടക്കും .മൂന്നാം നാൾ കടൽ കരയിൽ അടിഞ്ഞ ജോഷ്വയുടെ തണുത്തു മരവിച്ച രൂപം വീണ്ടും അവളുടെ മനസിൽ നൊമ്പരത്തിന്‍റെ വേലിയേറ്റം തീർത്തു . ആർത്തലയ്ക്കുന്ന തിരകൾക്കു ഇടയിലൂടെ മരണത്തെ തട്ടി തെറിപ്പിച്ചു, ജീവ വായുവിനെ എത്തിപ്പിടിക്കാൻ വെമ്പുന്ന ജോഷ്വയുടെ തണുത്ത കൈ അവളുടെ മനസ്സിന്‍റെ കോശങ്ങളെ മരവിപ്പിച്ചു . അവൾ തലയിണയിൽ മുഖം താഴ്ത്തി നേർത്ത ശബ്ദത്തിൽ ഏങ്ങലടിച്ചു കരഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു,അസുഖം മാറി തിരിച്ചു വന്നപ്പോൾ അവൻ അന്നയ്ക്ക് ഒരു കൂട്ടായി .അവൾ അവനിൽ ജോഷ്വയെ കണ്ടു. യുദ്ധ വിമാനങ്ങളുടെ നിലക്കാത്ത ഭീതി വിതയ്ക്കുന്ന നിലവികളിലും അവർ ഒരുപാടു വേദന മറന്നു ചിരിച്ചു .കളിച്ചു .ജീവിച്ചു. പൊക്കിൾകൊടി ബന്ധം ഇല്ലാതെയും തീവ്ര ബന്ധം ഉണ്ടാകുന്നതിന്‍റെ ജീവശാസ്ത്രം അവൾ അനുഭവിച്ചു.വല്ല്യയുമ്മയ്ക്കു അവന്‍റെ പേര് ഓർക്കാൻ കഴിയാത്തതുകൊണ്ട് അന്ന അവനെ അജ്‌മൽ എന്ന് വിളിച്ചു.
നറുക്കു എടുപ്പിന്‍റെ തലേന്ന് രാത്രി അജ്‌മലിന് വീണ്ടും പനി പിടിച്ചു.വെളുക്കുവോളം പനിയുടെ ഏറ്റക്കുറച്ചിലിന് അനുസരിച്ചു അന്ന അവന്‍റെ നെറ്റിയിൽ തുണി നനച്ചിട്ടു അവനു കാവലിരിന്നു . രാവിലെ അപ്പച്ചൻ പോകാൻ ഇറങ്ങിയപ്പോൾ അവൾ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അജ്‌മലിനെ നോക്കിട്ടു സ്വയം പറഞ്ഞു:
''എന്‍റെ കർത്താവേ അജ്‌മലിന് കൂടി ഞറക്കു വീഴണേ.ഇവനെ പിരിഞ്ഞൊരു യാത്ര ഓർക്കാനെ വയ്യ'’
പനി അൽപ്പം കുറഞ്ഞതിന്‍റെ ഉന്മേഷത്തിൽ ബെഡിന് അരികിലെ സിമന്‍റ് തറയിൽ ഇരുന്നു പകുതി പൊട്ടിയ ഒരു കളിവിമാനം നിരക്കിക്കൊണ്ടിരിക്കുന്ന അജ്‌മലിന്‍റെ കൊച്ചു കൈകളിൽ തലോടിയപ്പോൾ കൊടിയിറങ്ങാത്ത പനി ചൂട് അവളുടെ ശരീരത്തിലേക്ക് പകരുന്നത് അന്ന അറിഞ്ഞു.
ബോബർ വിമാനത്തിന്റെ കാതടപ്പിക്കുന്ന ഇരമ്പൽ കേട്ടാണ് അന്ന ഉച്ച മയക്കത്തിൽ നിന്ന് ഉണർന്നത് . അജ്‌മൽ,വല്ല്യയുമ്മയുടെയൊപ്പം അപ്പുറത്തെവിടെയോ ആണ്. അപ്പച്ചൻ നറുക്കെടുപ്പിന്‍റെ വിധി അറിയാൻ പോയിട്ടു ഇനിയും മടങ്ങി വന്നിട്ടില്ല.പറഞ്ഞറിയിക്കാ നാവാത്ത ഭയവും ,അരക്ഷിതാവസ്ഥതയും ഇട കലർന്ന ഒരു വികാരം എല്ലാവരുടെയും തലച്ചോർ ഞരമ്പുകളിലേക്ക് ഇഴഞ്ഞു കയറുന്നതു അവൾ കണ്ടു.വിമാനത്തിന്‍റെ ശബ്ദം കൂടുതൽ ഉച്ചത്തിൽ ആയതോടെ ആളുകൾ ക്യാമ്പിന് വെളിയിലേക്ക് ഓടി.ഭൂമിയുടെ എല്ലാ കോശങ്ങളെയും വിറപ്പിച്ചു കൊണ്ട് കർണ്ണ പടത്തിലേക്കു വലിയ മുഴക്കത്തോടെ വെടിയൊച്ചകൾ തുളച്ചു കയറി .പിന്നെ ഒരു പൊട്ടിത്തെറിയായിരുന്നു.ചുറ്റിലും കൂട്ട നിലവിളിയും ,ചോരയും മാത്രം.അന്ന എണീക്കാൻ ശ്രമിച്ചു .ശരീരത്തിനൊരു മരവിപ്പ് മാത്രം .ഇരുട്ട് കയറിയ കണ്ണുകളിലൂടെ അവൾ കാഴ്ചയെ തിരിച്ചു പിടിക്കാൻ ശ്രമിച്ചു.കുടൽ വള്ളികൾ കോർത്ത മേൽക്കൂര നിലം പരിശായി ,പൊടിമണ്ണിൽ ചോര വാർന്നു കിടന്നു .
അജ്‌മൽ എവിടെയാണ് ?അപ്പച്ചൻ ഒന്നു വേഗം വന്നിരുന്നെങ്കിൽ.അടിവയറ്റിൽ നിന്ന് ഒഴുകി പരന്ന ചോര ഭൂപടം പോലെ പരന്നുകൊണ്ടിരുന്നു.പ്രപഞ്ചത്തിന് അപ്പോൾ ചോരയുടെ കളറാണെന്ന് അന്നയ്ക്ക് തോന്നി.അതിൽ അവൾ,അപ്പച്ചൻ പറഞ്ഞ സമാധാനത്തിന്‍റെ നാട് തിരഞ്ഞു. അപ്പോൾ സമാധാനത്തിന്‍റെ നാട് അവളെ നോക്കി വേദനയോടെ മന്ദഹസിച്ചു .
ജിൻസൻ ഇരിട്ടി