വിദേശ ഇന്‍റർവ്യു
<font face=ML-TTKarthika size=5> <b>വിദേശ ഇന്‍റർവ്യു </b></font>
മധുരമായി പുഞ്ചിരിച്ചു നിൽക്കുന്ന സെൻട്രൽ ലണ്ടൻ. ഇളം തണുപ്പുണ്ട്. ഡോ.ബെന്നി മൂകനായി റോം ഫോർഡിലേക്കുള്ള ബസ് കാത്തു നിന്നു. തലക്ക് മുകളിലൂടെ പ്രാവുകൾ പറന്നകന്നു. കണ്ണുകൾ ഉയർത്തിപ്പിടിച്ച് നിൽക്കവേ അതിമനോഹരമായ ചുവപ്പ് നിറമുള്ള ഇരുനില വാഹനമെത്തി. അതിൽ കയറി. മനസിന്‍റെ ഉള്ളറകളിൽ ഇടം പിടിച്ചത് ഇവിടുത്തെ ഇന്‍റർവ്യൂ ആണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് എടുത്ത തന്‍റെ സർട്ടിഫിക്കറ്റകൾക്ക് നേരെ ഇവർ കണ്ണടക്കുന്നു. ഇന്ത്യൻ സർട്ടിഫിക്കറ്റിന് വലിയ വിലയില്ലെന്ന് മനസ്‌സിലായി. ലോകം വെട്ടിപ്പിടിച്ച് സന്പത്തുണ്ടാക്കിയതുപോലെ വിദ്യ രംഗത്തും ഇവർ സന്പന്നരാണ്. ഇന്ത്യയിൽ കൈക്കൂലി അല്ലെങ്കിൽ സ്വജനപക്ഷവാദത്തിലെങ്കിലും ഒരു തൊഴിൽ ഒപ്പിച്ചെടുക്കാം. കഴിഞ്ഞ ഇന്‍റർവ്യൂകളിൽ കണ്ടത് അയോഗ്യർ യോഗ്യതയുള്ളവർക്ക് വഴിമാറി കൊടുക്കുന്നതാണ്. മനോർ പാർക്കിലിറങ്ങി ഈസ്റ്റാമിലെ വീട്ടിലേക്ക് നടന്നു.

നാട്ടിൽ നിന്ന് വന്നിട്ട് ഏഴു മാസമായി ഇതിനിട നാലഞ്ച് ഇന്‍റർവ്യൂകൾ കഴിഞ്ഞു. സംഘർഷം നിറഞ്ഞ മനസിൽ ആകെയുള്ള ആശ്വാസം ഭാര്യയുടെ സാന്ത്വനമരുളുന്ന വാക്കുകളും ആ മാറിൽ തല ചായ്ച്ചുറങ്ങുന്ന നിമിഷങ്ങളും മാത്രം. ഇന്‍റർവ്യൂ പലപ്പോഴും പ്രഹസനമാണെന്നു തോന്നാറുണ്ട്. എങ്കിലും ഉദ്യോഗാർത്ഥിയോട് കാട്ടുന്ന ആദരവും സ്നേഹം തുളുന്പുന്ന വാക്കുകളും കാപ്പിസൽക്കരവും ആരിലും ആത്മവിശ്വാസം വർധിപ്പിക്കും. ഇന്‍റർവ്യു കഴിഞ്ഞ് ജോലി കിട്ടുമെന്ന് പ്രതീക്ഷ ഉള്ളിൽ മുളച്ചുവരുന്പോൾ ഒരു കത്ത് ലഭിക്കു. ആവേശത്തോടെ തുറക്കും അനുകന്പ നിറഞ്ഞ ഏതാനം വാക്കുകൾ.

സ്വന്തം നാട്ടിലായിരുന്നെങ്കിൽ കാശും കള്ളുകൊടുത്ത് ഭ്രാന്തൻ ആൾക്കുട്ടത്തെയും സംഘടിപ്പിച്ച് മുദ്രാവാക്യമുയർത്താമായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. അതുമല്ലെങ്കിൽ കൈക്കൂലിയുടെ വളഞ്ഞവഴികൾ. ഇവിടെ ഇതൊന്നും വിലപ്പോവില്ല. വളഞ്ഞവഴികളിൽ പോകുന്നവരെ നേരായ വഴിയിലാക്കാൻ ഇവിടെ ഇരുന്പുവലകളുണ്ട്. മനസാകെ കലുഷിതമാകുന്നു. ജീവിതത്തിൽ നെയ്തെടുത്ത മോഹങ്ങൾ അപ്പാടെ വിസ്മൃതിയിലാവുകയാണ്.

കഷ്ടപ്പാടിനും വേദനകൾക്കുമിടയിലും മോഹങ്ങൾ ഒരിക്കലും അറുതിയുണ്ടായിട്ടില്ല. പഠനത്തിൽ മുൻപന്തിയിലായിരുന്നെങ്കിലും ഒരു കർഷകകുടുംബത്തിന്‍റെ പരിവട്ടങ്ങൾ എന്നും കൂടെയുണ്ടായിരുന്നു. മെഡിസിന് പഠിക്കുകയെന്നത് അതിമോഹമായി പലർക്കും തോന്നുകയും ചെയ്തു. ലണ്ടനിൽ നിന്ന് ഉയർന്ന ബിരുദങ്ങൾ നേടണമെന്ന മോഹത്തിന് വഴിതുറന്നത് ലണ്ടനിൽ ജനിച്ചു വളർന്ന ബീനയുടെ മാതാപിതാക്കൾ നൽകിയ പരസ്യത്തിലൂടെയായിരുന്നു. ആർഭാടങ്ങളൊന്നുമില്ലാതെ വിവാഹം.

അത്ഭുതങ്ങളുടെ ലോകത്ത് എത്തിയതുപോലെയായിരുന്നു. ഇവിടെ ലണ്ടനിലെ കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിലും ഒരു ജോലി സംഘടിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്തയത്രയും. ആശുപത്രികളിൽ തൊഴിൽ സാധ്യതകൾ നന്നേ കുറവെന്ന് മനസിലായി. പലരും വൻതുകകൾ മുടക്കിയാണ് പഠിക്കാനായി എത്തുന്നത്. നിത്യച്ചെലവിനായി കടകളിലും ഫാക്ടറികളിലും ജോലിക്കാരാകാൻ ഡോക്ടർമാർപോലും തയാറാവുന്നത് ശരിക്കും അതിശയിപ്പിക്കുകതന്നെ ചെയ്തു. സന്പന്ന രാജ്യത്ത് ദരിദ്രനായി അനാഥത്വത്തിന്‍റെ അത്യന്നതങ്ങളിൽ എത്തിനിൽക്കുന്നവൻ.

കന്പ്യൂട്ടർ പരിജ്ഞാനം ഉപയോഗപ്പെടുത്തി മറ്റ് ഏതെങ്കിലും ജോലി തരപ്പെടുത്താനാവുമോ എന്ന് ബെന്നി ശ്രമിച്ചു. കന്പ്യൂട്ടർ പരീക്ഷ പാസാകുമെങ്കിലും തുടർന്നുള്ള ചോദ്യങ്ങൾ ശരിക്കും കുഴയ്ക്കുകതന്നെ ചെയ്തു.

ലണ്ടനിൽ എത്രവർഷമായി ജോലി ചെയ്യുന്നു? എന്തൊക്കെ ജോലികളാണ് അറിയാവുന്നത്? ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് അഞ്ചുവർഷത്തെ സ്വഭാവ സർട്ടിഫിക്കറ്റ് ലഭിക്കുമോ? ഈ രാജ്യത്ത് പഠിച്ച രേഖകൾ വല്ലതുമുണ്ടൊ? ക്രിമിനൽ കുറ്റവാളിയല്ലെന്ന് തെളിയിക്കുന്ന പോലീസ് രേഖകൾ കൈയിലുണ്ടോ? ചോദ്യങ്ങളെല്ലാം തന്നെ ഒഴിവാക്കാനെന്നുതന്നെ തോന്നി ബെന്നിക്ക്.

വെളുത്തവരും പണ്ടെങ്ങോ കുടിയേറിയ കറുത്തവരും കൂടി സ്ഥാനമാനങ്ങളെല്ലാം അവരുടെ ജനതയ്ക്കായി വീതിച്ചെടുക്കുന്നു. അവരുടെ മദ്ധ്യത്തിലേയ്ക്ക് എത്തിപ്പെടുന്നവർ ശത്രുവിനെപ്പോലെയാണ്. അവർ പിടികൂടി ചോദ്യംചെയ്ത് തല്ലിയോടിക്കും. മറ്റ് രാജ്യക്കാരുടെ മുന്നിൽ മാന്യ·ാരാകാൻ തൊഴിൽ ഒഴിവുണ്ടെന്ന പരസ്യം ചെയ്യു. തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യക്കാരനുമെത്തും. അവർക്കറിയാവുന്ന ഭാഷയായ ഇംഗ്ലീഷിനെക്കാൾ നാലും അഞ്ചും ഭാഷകൾ അറിയാവുന്നവരാണ് ഇൻർവ്യൂവിൽ പങ്കെടുക്കുന്ന ഇന്ത്യക്കാരിൽ പലരും. ലോകത്തെ സേവിക്കാനെന്ന പേരിൽ വിദേശികളെ പലവിധ പേരിൽ ഇറക്കുമതി ചെയ്യുന്നത് കുറഞ്ഞ നിരക്കിൽ ജോലി ചെയ്യിക്കാനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.


നിറക്കൂട്ടുള്ള തടവറകളാണിവിടെ. പാറാവുകാരനാവട്ടെ വെള്ളക്കാരൻ കുതിരപ്പുറത്തിരിക്കുന്ന യജമാനൻ. അവരുടെ ഭാണ്ഡം ചുമക്കാൻ തന്നെപ്പോലെയുള്ള കഴുതകൾ ആർക്കും പരാതികളില്ല. അനുസരണ മാത്രം. അഭയംതേടി വന്നവനെ ആട്ടിയോടിക്കുന്ന അടിമയാക്കുന്ന നിയമങ്ങൾ.

ബസ് അടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോഴാണ് ബെന്നി ചിന്തയിൽനിന്ന് ഉണർന്നത്. ഇവിടെ ജനിച്ചുവളർന്നവരാണെന്ന് തോന്നുന്ന രണ്ട് ഇന്ത്യക്കാരാണ് അടുത്ത സീറ്റിലിരുന്നത്. ഇന്ത്യയിൽ നിന്നെത്തിയ ഹിന്ദിനടിയോട് കാട്ടിയ വർണ്ണവിവേചനത്തെക്കുറിച്ചാണ് അവർ സംസാരിച്ചത്. ഒരു വിധത്തിൽ താനും അതിന് ഇരയല്ലേ?

വീട്ടിലെത്തുന്പോൾ എങ്ങും ഇരുട്ട് പരന്നിരുന്നു. ഡോർബെൽ അടിച്ചപ്പോൾ ബീന ഓടിയെത്തി. ആകാംക്ഷയോടെ കതകു തുറന്നു അവളുടെ പുഞ്ചിരിക്കുന്ന മുഖം ഉള്ളൊന്നു തണുപ്പിച്ചു. ഇവിടെ ജനിച്ചുവളർന്നെങ്കിലും ബീനയുടെ മലയാളത്തനിമയും സ്നേഹവും ബെന്നിയെ കൂടുതലായി അവളിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു. അവൾ പരിഭവത്തോടെ ചോദിച്ചു.

"എന്താ ഡിയർ ഇത്ര ലേറ്റായത്’’

"മൂന്നുമണിക്കല്ലായിരുന്നോ ഇന്‍റർവ്യൂ, ഇവിടെ നാലുമണിക്കേ ഇരുട്ടു വരുന്നത് എന്‍റെ കുറ്റമാണോ?’’

"ഒരിക്കലുമല്ല, അത് ഇരുട്ട് ഉണ്ടാക്കിയ ആളിന്‍റെ കുറ്റമാ. കുടിക്കാൻ എന്താ വേണ്ടത് ? ഇന്നത്തെ ഇന്‍റർവ്യു എങ്ങനെയുണ്ടായിരുന്നു. ഹൗ യൂ ഫീൽ ഇറ്റ്?’’

"ആസ് യൂഷ്വാൽ കുടിക്കാൻ കാപ്പിയും നല്ല ബിസ്കറ്റും കിട്ടി.’’

" ഓ, ദാറ്റ്സ് ഗുഡ്’’

ബെന്നിയുടെ മുഖത്ത് നിരാശ നിറഞ്ഞിരുന്നു. അവളുടെ തിളങ്ങുന്ന കണ്ണുകളിലേയ്ക്ക് ബെന്നി ഉറ്റുനോക്കിയിട്ട് ചോദിച്ചു.

"ബീന, ഞാനൊരു ജോലിക്ക് വലയുന്നത് കാണുന്പോൾ നിനക്ക് വിഷമമില്ലേ’’
"നോട്ട് അറ്റ് ഓൾ. ഞാനും ധാരാളം ഇന്‍റർവ്യുവിന് പോയിട്ടുണ്ട്. ഈ പേരിൽ കുറെ സ്ഥലമെങ്കിലും കാണാമല്ലോ?’’

"യെസ്, വെരി നയിസ് ട്രിപ്പ്. എന്‍റെ ബോറിംഗ് നിനക്കറിയില്ലല്ലോ?’’
"മൈ ഡിയർ, ഡോണ്‍ട് ബീ അപ്സെറ്റ്. ബോറിംഗ് മാറാൻ ഞാനില്ലേ. ആദ്യം ഈ തുണിയെല്ലാം മാറിയിട്ട് ഒന്നു കുളിക്ക്. ഞാൻ കഴിക്കാനുണ്ടാക്കാം. ഓകെ’’

ബെന്നി അനുസരണയുള്ള കുട്ടിയെപ്പോലെ മുകളിലേയ്ക്ക് പോയി. അവൾ ഒരു നിമിഷം നോക്കിനിന്നു. ആ മനസ് അസ്വസ്ഥമാണെന്ന് അവൾക്ക് അറിയാമായിരുന്നു. ഒരിക്കൽ പറഞ്ഞതാണ് ഈ ഉദ്യോഗമൊക്കെ ഒരു കുട്ടിയുണ്ടായിട്ട് മതിയെന്ന്. ബെന്നിക്ക് ജോലിയാണ് മോഹമെങ്കിൽ തനിക്കൊരു അമ്മയാകാനുള്ള മോഹമാണ്. വിവാഹം കഴിഞ്ഞിട്ട് ഏഴുമാസം കഴിഞ്ഞു. ബെന്നിക്ക് അതിനെപ്പറ്റി ഒരു ചിന്തയുമില്ല. ആണുങ്ങൾ ഇങ്ങനെയാണോ എത്രയെത്ര മോഹങ്ങൾ പൂർത്തീകരിക്കാനുണ്ട്.

കുളി കഴിഞ്ഞപ്പോൾ ബെന്നിക്ക് ഒരു ഉത്സാഹം തോന്നി. ജീവിതത്തെ ശക്തിയുള്ളതാക്കാൻ ധൈര്യവും ആത്മവിശ്വാസവുമാണ് വേണ്ടതെന്ന് ബെന്നിക്ക് തോന്നി. അപ്പോൾ പ്രതിബന്ധങ്ങളെല്ലാം തനിയെ ഒഴിഞ്ഞുപോകും. ഏത് ജോലിയോടും മാന്യത പുലർത്തുന്ന നാട്ടിലാണ് ജീവിക്കുന്നത്. ബെന്നി ഒരു തീരുമാനമെടുത്തു. മറ്റുള്ളവരെപ്പോലെ കിട്ടുന്ന ഏത് ജോലിയും ചെയ്യുക. ഉന്നതബിരുദങ്ങൾ കെട്ടിപ്പൊതിഞ്ഞുനടന്നാൽ വിശപ്പടക്കാനാവില്ല.

വിളക്കുകൾ അണഞ്ഞു. മനസിൽ കുതിരയുടെ കാലൊച്ച. പ്രിയതമയെ ശരീരത്തോട് അമർത്തിപ്പുണർന്നു. മഞ്ഞണിഞ്ഞ കാറ്റിൽ മഞ്ഞുതുള്ളികൾ അവർക്കൊപ്പം ഉൗഞ്ഞാലാടി. ഭൂമിയെ പുതപ്പിക്കാൻ മഞ്ഞുമലകൾ ഇറങ്ങിവന്നു.

കാരൂർ സോമൻ

useful_links
story
article
poem
Book