ആവേശങ്ങൾക്ക് അതിർവരമ്പില്ലാതെ അന്താരാഷ്ട്ര തൊഴിലാളി ദിനം! (ഫിലിപ്പ് മാരേട്ട്)
ആവേശങ്ങൾക്ക്  അതിർവരമ്പില്ലാതെ അന്താരാഷ്ട്ര തൊഴിലാളി ദിനം! (ഫിലിപ്പ് മാരേട്ട്)
ന്യൂജഴ്‌സി: അന്താരാഷ്ട്ര തൊഴിലാളി ദിനം അഥവാ മെയ് ദിനം എന്നു വിളിക്കപ്പെടുന്ന ഈ ദിവസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി നമ്മളിൽ പലർക്കും അറിയില്ല എന്ന വസ്തുത തള്ളിക്കളയാനാകില്ല. എന്താണ് തൊഴിലാളി ദിനം, ഇത് എങ്ങനെ ഉണ്ടായി എന്നുകൂടി നാം അറിയണം. തൊഴില്‍ ചൂഷണത്തിനെതിരായ ഐതിഹാസിക സമരപോരാട്ടത്തിന്റെ സ്മരണ പുതുക്കി കൊണ്ടാണ് ഓരോവർഷവും മെയ് 1 ന് ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ മെയ്ദിനം ആചരിക്കുന്നത്. സാർവത്രിക സമാധാനത്തിനായി മെയ് ഒന്നാം തീയതി ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഇത് ദേശീയ, പൊതു അവധി ദിവസമായി പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ പോലുള്ള ചില രാജ്യങ്ങൾ സെപ്റ്റംബറിലെ ആദ്യത്തെ തിങ്കളാഴ്ച തൊഴിലാളി ദിനം ആയിട്ട് ആഘോഷിക്കുന്നു.

യൂറോപ്പിൽ 1848ലെ വ്യാപകമായ തൊഴിലാളി വിപ്ലവങ്ങളെത്തുടർന്ന് ലോക വ്യാപകമായി തൊഴിൽ വിപ്ലവം ആരംഭിച്ചു 1856 ഏപ്രിൽ 21ന് ഓസ്‌ട്രേലിയയിലെ മെൽബണിൽ എല്ലാ നിർമ്മാണ മേഖലകളിലെ തൊഴിലാളികളും ജോലി നിർത്തികൊണ്ട് മെൽബൺ സർവകലാശാലയിൽ നിന്ന് പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തി. ജോലിക്ക് എട്ട് മണിക്കൂറും വിനോദത്തിന് എട്ട് മണിക്കൂറും വിശ്രമത്തിനായി എട്ട് മണിക്കൂറും അവർ വാദിച്ചു. ഒടുവിൽ അവരുടെ ധൈര്യത്തിന് പ്രതിഫലം ലഭിച്ചു. അങ്ങനെ തൊഴിലുടമകളുമായുള്ള ചർച്ച സമാധാനപരമായ കരാറിലേയ്ക്ക് നയിച്ചു. അവർ ഇത് ചരിത്രപരമായ ഒരു വിജയം ആയി മെയ് 12ന് കാൾട്ടൺ ഗാർഡനിൽ നിന്ന് റിച്ച്മണ്ടിലെ കാമറോൺ ഗാർഡനിലേക്കുള്ള മഹത്തായ മാർച്ചോടെ ആഘോഷിച്ചു. പിന്നീട് ഇത് ഒരു വാർഷിക അനുസ്മരണയായി.

യൂറോപ്പിൽ തൊഴിലാളി വിപ്ലവ പ്രവർത്തനത്തിന്റെ ഭാഗമായി 1864 സെപ്റ്റംബർ 28ന് ലണ്ടനിൽ നടന്ന ഒരു പൊതുയോഗത്തിൽ ഇന്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ എന്ന പേരിൽ ഫസ്റ്റ് ഇന്റർനാഷണൽ സംഘടന സ്ഥാപിച്ചു എങ്കിലും 1872ൽ ഇത് രണ്ട് സംഘടനകളായി വിഭജിച്ചു. തുടർന്ന് ഐ.ഡബ്ല്യു.എ. ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ജനറൽ കൗൺസിൽ അതിന്റെ ആസ്ഥാനം ന്യൂയോർക്ക് നഗരത്തിലേക്ക് മാറ്റി. എങ്കിലും 1876 ജൂലൈയിൽ ഫിലാഡൽഫിയ കോൺഫറൻസിനെ തുടർന്ന് ഇത് പിരിച്ചു വിട്ടു. തുടർന്ന് ന്യൂയോർക്കിൽ വേതനം കുറയ്ക്കുന്നതിൽ പ്രതിഷേധിച്ചുണ്ടായ ആദ്യത്തെ പണിമുടക്ക് കാരണം ദേശീയ തൊഴിലാളി ഫെഡറേഷനായി നാഷണൽ ലേബർ യൂണിയൻ (എൻ.‌എൽ.‌യു) എന്നപേരിൽ ഫിലാഡൽഫിയയിൽ പുതിയ സംഘടന ഉണ്ടാക്കി എങ്കിലും ചില സാങ്കേതിക കരണങ്ങളാൽ പിന്നീട് ഇത് പിരിച്ചു വിടുകയും തുടർന്ന് നൈറ്റ്സ് ഓഫ് ലേബർ (കെ.‌ഒ.എൽ) എന്ന പേരിലും, അമേരിക്കൻ ഫെഡറേഷൻ ഓഫ് ലേബർ (എ.എഫ്.എൽ) എന്ന പേരിലും പുതിയ രണ്ടു സംഘടനകൾ ഉണ്ടായി.

ഓസ്‌ട്രേലിയൻ തൊഴിലാളികളുടെ വിജയം അമേരിക്കൻ തൊഴിലാളികളെ അവരുടെ ആദ്യത്തെ തൊഴിൽ നിർത്തലാക്കലിന് പ്രേരിപ്പിച്ചു. അമേരിക്കൻ ഫെഡറേഷൻ ഓഫ് ലേബർ ഇതിനെ പിന്തുണക്കുകയും തൊഴിൽ നിയമങ്ങൾ മാറ്റം വരുത്തുകയും ചെയ്തു. എന്നാൽ ഈ കാര്യങ്ങൾ ഫെഡറൽ സംവിധാനത്തിലുള്ള തൊഴിൽ നിയമങ്ങളിൽ നടപ്പിലാക്കാൻ കാലതാമസം നേരിട്ടതിനാൽ എ. എഫ്. എൽ ൻറെ ഉപ സംഘടനയായ ചിക്കാഗോ ഫെഡറേഷൻ ഓഫ് ലേബർ (സി. എഫ്. എൽ) 1886 ൽ മെയ് ഒന്നിന് രാജ്യ വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു. തുടർന്ന് നടത്തിയ ധർണകളും, പിക്കറ്റിങ്ങുകളും എല്ലാം പോലീസ് കലാപത്തിൽ എത്തിച്ചേരുകയും തൊഴിലാളികൾ മരിക്കുകയും ചെയ്തു. ഇതേ തുടർന്ന് മെയ് നാലിന് ചിക്കാഗോയിലെ ഹെയ്‌മാർക്കറ്റ് സ്ക്വയറിൽ സമാധാനപരമായി നടത്തിയ ഒരു പൊതു സമ്മേളനത്തിൽ വച്ച് അജ്ഞാതനായ ഒരാൾ പോലീസിന് നേരെ ബോംബ്‌ എറിയുകയും തുടർന്ന് പോലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തു. തുടർന്നുണ്ടായ കലാപത്തിൽ കുറഞ്ഞത് ഏഴ് പോലീസ് ഉദ്യോഗസ്ഥരും മുപ്പത്തിയെട്ട് സാധാരണക്കാരും മരിക്കുകയും നൂറുകണക്കിന് തൊഴിലാളികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും ചെയ്തു.

ഇതിൻറെ ഭാഗമായി വീണ്ടും 1889ൽ ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള സോഷ്യലിസ്റ്റ്, ലേബർ പാർട്ടികളുടെ പ്രതിനിധികൾ ചേർന്ന് സാർവത്രിക സമാധാനത്തിനായി 1889 ജൂലൈ 14ന് പാരീസിൽ നടത്തിയ യോഗത്തിൽവച്ച്‌ രണ്ടാമത്തെ ഇന്റർനാഷണൽ ലേബർ ആന്റ് സോഷ്യലിസ്റ്റ് സംഘടന രൂപികരിച്ചു. അങ്ങനെ ഈ യോഗത്തിൽ എട്ട് മണിക്കൂർ ദൈർഘ്യമുള്ള തൊഴിലാളിവർഗ ആവശ്യങ്ങളെ പിന്തുണച്ചു കൊണ്ട് മികച്ച അന്താരാഷ്ട്ര പ്രകടനത്തിനുള്ള പ്രമേയം അംഗീകരിക്കുകയും ചെയ്തു. തുടർന്ന് 1890ൽ ചിക്കാഗോയിൽ നടന്ന കലാപങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായി വീണ്ടും ചിക്കാഗോയിൽ കൂടിയ വാർഷിക യോഗത്തിൽ റെയ്മണ്ട് ലവിഗ്നെയുടെ നിർദ്ദേശത്തെത്തുടർന്ന് അന്താരാഷ്ട്ര പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തു. പിന്നീട് 1891ൽ കൂടിയ രണ്ടാം ഇന്റർനാഷണൽ ലേബർ ആന്റ് സോഷ്യലിസ്റ്റ് സംഘടനയുടെ രണ്ടാമത്തെ കോൺഗ്രസിൽ, മെയ് ദിനം ഔദ്യോഗികമായി അന്താരാഷ്ട്ര തൊഴിലാളി ദിനമായി അംഗീകരിച്ചു. തുടർന്ന് 1904ലെ രണ്ടാം ഇന്റർനാഷണലിന്റെ ആറാമത് സമ്മേളനം എല്ലാ രാജ്യങ്ങളിലുമുള്ള സാമൂഹ്യ ഡെമോക്രാറ്റിക്‌ പാർട്ടി സംഘടനകളോടും, എല്ലാ ട്രേഡ് യൂണിയനുകളോടും എട്ടുമണിക്കൂർ ദിനം നിയമപരമായി സ്ഥാപിക്കുന്നതിനായി, മെയ് 1ന് ജോലി അവസാനിപ്പിക്കാനും തൊഴിലാളിവർഗത്തിന്റെ ആവശ്യങ്ങൾക്കായി ഉർജ്ജസ്വലമായി പ്രകടനം നടത്താനും ആഹ്വാനം ചെയ്തു.


കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈന, ഉത്തര കൊറിയ, ക്യൂബ, പോളണ്ട്, ഹംഗറി, മാർക്സിസ്റ്റ്ലെനിനിസ്റ്റ് സർക്കാരുകളുടെ ഭരണത്തിൻ കീഴിലായിരുന്ന മധ്യകിഴക്കൻ യൂറോപ്പിലെ മിക്ക രാജ്യങ്ങളും, അതുപോലെ മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങൾ, എന്നിവയിലും ഏറ്റവും പ്രധാനപ്പെട്ട അവധി ദിനമാണ് മെയ് ദിനം. ഈ രാജ്യങ്ങളിലെ മെയ് ദിനാഘോഷങ്ങളിൽ സൈനിക ഹാർഡ്‌വെയറുകളുടെയും സൈനികരുടെയും പ്രദർശനങ്ങൾ ഉൾപ്പെടെ വിപുലമായ വർക്ക്ഫോഴ്‌സ് പരേഡുകൾ അവതരിപ്പിക്കാറുണ്ട്. ഇന്ത്യയിൽ ആദ്യത്തെ തൊഴിലാളി ദിനം 1923 മെയ് 1 ന് ഇന്നത്തെ ചെന്നൈയിൽ (മദ്രാസ് ) ആചരിച്ചു. ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാനാണ് ഈ ദിനം ആഘോഷിച്ചത്. തൊഴിലാളി ദിനത്തിന്റെ പ്രതീകമായ ചുവന്ന പതാക ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ചു. തുടർന്ന് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് മലയപുരം സിംഗാരവേലു ചെട്ടിയാർ പതാക ഉയർത്തി ചടങ്ങ് ആഘോഷിക്കാൻ വേണ്ടി യോഗങ്ങൾ സംഘടിപ്പിച്ചു. അതിനുശേഷം രാജ്യം മെയ് ദിനം ആഘോഷിക്കുന്നത് തുടരുകയാണെന്നും അതുപോലെ ഇന്ത്യയിൽ തൊഴിലാളി ദിനത്തിൽ സർക്കാർ ദേശീയ അവധി പ്രഖ്യാപിക്കണമെന്നും അവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും പാസാക്കി.

ലോകമെമ്പാടുമുള്ള ഭൂരിപക്ഷം രാജ്യങ്ങളും മെയ് 1 ന് ആഘോഷിക്കുന്ന ഈ തൊഴിലാളി ദിനം തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും ചരിത്രപരമായ പോരാട്ടങ്ങളെയും നേട്ടങ്ങളെയും അനുസ്മരിപ്പിക്കുന്ന ഒരു ദിനം കൂടിയാണ്. 1955ൽ കത്തോലിക്കാ സഭ മെയ് 1 ന് "സെന്റ് ജോസഫ് ദി വർക്കർ" എന്ന പേരിൽ പ്രമേയം സമർപ്പിച്ചു. തൊഴിലാളികളുടെയും, കരകൗശല തൊഴിലാളികളുടെയും രക്ഷാധികാരിയാണ് വിശുദ്ധ ജോസഫ് എന്ന് അതിൽ പറയുന്നു. ഇന്ന്‌ ഇന്ത്യ ഉൾപ്പെടെ തൊണ്ണുറ്റിയേഴോളം രാജ്യങ്ങൾ ഇത് ഒരു വാർഷീക ഇവെന്റായിട്ടും, ഒരു ദേശീയ അവധി ദിനമായിട്ടും ആചരിക്കുന്നു.

എന്നാൽ അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും, അതുപോലെ മറ്റു ചില രാജ്യങ്ങൾ സെപ്റ്റംബറിലേ ആദ്യത്തെ തിങ്കളാഴ്ച തൊഴിലാളി ദിനമായി ആഘോഷിക്കുന്നു ഇതിനു കാരണം 1882ൽ മാത്യു മാഗ്വെയർ ന്യൂയോർക്കിലെ സെൻട്രൽ ലേബർ യൂണിയന്റെ (സി‌എൽ‌യു) സെക്രട്ടറിയായിരിക്കെ സെപ്റ്റംബറിലേ ആദ്യത്തെ തിങ്കളാഴ്ച ഒരു തൊഴിലാളി ദിന അവധിയായി നിർദ്ദേശിച്ചു. പിന്നീട് 1894 ജൂൺ 28 ന് സെപ്റ്റംബർ ആദ്യ തിങ്കളാഴ്ച ഔദ്യോഗിക തൊഴിലാളി ദിനമായി അംഗീകരിക്കുകയും ഫെഡറൽ അവധി ദിനമാക്കികൊണ്ട് കോൺഗ്രസ് ഒരു ബിൽ പാസാക്കുകയും ഈ നിയമത്തിൽ അന്നത്തെ പ്രസിഡന്റ് ഗ്രോവർ ക്ലീവ്‌ലാന്റ് ഒപ്പുവയ്‌ക്കുകയും ചെയ്തു.

എല്ലാ വർഷവും അന്താരാഷ്ട്ര തൊഴിലാളികളുടെ ദിനാഘോഷവുമായി ഒരു തീം ബന്ധപ്പെട്ടിരിക്കുന്നു. “അന്താരാഷ്ട്ര തൊഴിലാളി പ്രസ്ഥാനം ആഘോഷിക്കുക” എന്നതാണ്‌ ഇതിന്റെ പ്രധാന ഉദ്ദേശം. 2019 ൽ നമ്മുടെ ദേശീയ പൈതൃകം സംരക്ഷിക്കുക എന്നതായിരുന്നു വിഷയം . അതുപോലെ 2020ലെ വിഷയം കൊറോണ വൈറസ് പാൻഡെമിക്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി “ജോലിസ്ഥലത്ത് സുരക്ഷയും സമൂഹത്തിലെ സുരക്ഷയും നിലനിർത്തുക” എന്നതായിരുന്നു എങ്കിൽ, 2021ലെ തീം, വിവരങ്ങൾ ഉൾകൊള്ളുന്ന പ്രബന്ധം, പ്രസംഗം, ലേഖനം.. എന്നിവയിലൂടെ ലോക തൊഴിലാളി ദിനത്തിന്റെ ആഘോഷങ്ങളും, പ്രവർത്തനങ്ങളും എങ്ങനെ നടത്തണം എന്നുള്ളതിനെപ്പറ്റിയാണ്. അതായത് അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ ആമുഖം, ചരിത്രം, ലേഖനം എന്നിവ നിങ്ങളുടെ സ്കൂളിലോ, കോളേജിലോ നടക്കുന്ന മത്സരങ്ങളിലെ ഒരു ഉപന്യാസമായിട്ടോ, പ്രസംഗം ആയിട്ടോ നിങ്ങൾക്ക് എഴുതാൻ കഴിയട്ടെ, പ്രത്യേകിച്ച്‌ ഈ ദിവസം ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും, തൊഴിലാളികളുടെ കഠിനാധ്വാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, ഒപ്പം അവരെ ബഹുമാനിക്കുന്നതിനും കൂടി ആവണം എന്നോർമ്മിപ്പിച്ചുകൊണ്ട്.
എല്ലാവർക്കും ലോക തൊഴിലാളി ദിനത്തിന്റെ ആശംസകൾ !!!!

useful_links
story
article
poem
Book