സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്
Saturday, May 17, 2025 11:18 PM IST
രാജീവ് കൊച്ചുപറമ്പിൽ (കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ്)
രണ്ടായിരം വർഷമായി ക്രൈസ്തവ സമൂഹം രാജ്യത്തിന്റെ സർവതോന്മുഖ വളർച്ചയ്ക്കും നവോത്ഥാനത്തിനുമായും പ്രവർത്തിച്ചു വരുന്നു എന്നത് അംഗീകരിക്കപ്പെട്ട യാഥാർഥ്യമാണ്. ക്രിസ്തുവർഷം ഒമ്പതാം നൂറ്റാണ്ടിലെ തെരീസ പള്ളി ലിഖിതവും പതിനാലാം നൂറ്റാണ്ടിലെ താഴേക്കാട് ശാസനവും പതിനെട്ടാം നൂറ്റാണ്ടിൽ കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ ക്രൈസ്തവർക്ക് നൽകിയ പ്രത്യേക പരിഗണനകളും സ്വാതന്ത്ര്യ സമരകാലത്ത് ബാരിസ്റ്റർ ജോർജ് ജോസഫ് ഉൾപ്പെടെ നിരവധി ക്രൈസ്തവ നേതാക്കളുടെ സമര പോരാട്ടങ്ങളുമൊക്കെ, ക്രൈസ്തവർ എത്രമാത്രം രാജ്യസ്നേഹികളായിരുന്നു എന്നതിന് നേർസാക്ഷ്യങ്ങളാണ്.
വിദ്യാഭ്യാസം, ആതുര രംഗം, അഗതി ശുശ്രൂഷ തുടങ്ങിയ മേഖലകളിൽ സർക്കാർ ചെയ്യേണ്ട ദൗത്യമാണ് ക്രൈസ്തവർ ഏറ്റെടുത്തത്. പതിനായിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര ശുശ്രൂഷാകേന്ദ്രങ്ങളും ഭാരതീയ പൗരന്മാരുടെ ശക്തീകരണത്തിനായി ഈ സമുദായം ഉപയോഗിക്കുകയുമാണ്. എന്നാൽ ഇത്തരം മഹത്തായ സംഭാവനകളെ ‘രാജ്യദ്രോഹപരം’ എന്ന രീതിയിൽപോലും വ്യാഖ്യാനിക്കാനും കൂച്ചുവിലങ്ങിടുവാനും പല മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും മത്സരിക്കുന്നു.
നമ്മുടെ പിതാമഹന്മാർ മണ്ണ് ചുമന്നും പിടിയരി പിടിച്ചും കഠിനദ്ധ്വാനം ചെയ്തും കെട്ടിപ്പടുത്ത സ്ഥാപനങ്ങൾ സൂക്ഷ്മതയോടെ പരിപാലിച്ചതുകൊണ്ടാണ് നമ്മുടെ സ്ഥാപനങ്ങൾ മികവുറ്റതായി നിലനിൽക്കുന്നത്. വിദ്യാഭ്യാസ വിപ്ലവത്തിലൂടെ നാം നടത്തിയ ഇടപെടലുകളാണ് നവോത്ഥാന ചിന്തകൾക്ക് അടിസ്ഥാനമിട്ടതെന്ന യാഥാർഥ്യം വിസ്മരിക്കപ്പെടരുത്.
കത്തോലിക്ക കോൺഗ്രസ് നവോത്ഥാന മുന്നേറ്റം
സാമൂഹിക അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരേ പൊതുസമൂഹത്തിന്റെ ശബ്ദമായാണ് കത്തോലിക്ക കോൺഗ്രസിന്റെ ജനനം.1904ൽ ആശയപരമായും 1918ൽ സംഘടനാപരമായും രൂപീകൃതമായ കത്തോലിക്ക കോൺഗ്രസ്സിന്റെ ചരിത്രം സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രമാണ്.
കാർഷിക പ്രതിസന്ധികളിലും ന്യൂനപക്ഷ വിഷയങ്ങളിലും ഇക്കാലങ്ങളിലെല്ലാം നടത്തിയ നിരന്തര ഇടപെടലുകൾ സമുദായത്തിന് മാത്രമല്ല എല്ലാ വിഭാഗം ജനങ്ങൾക്കും ന്യായമായ സംരക്ഷണമൊരുക്കി. സംഘടന രൂപീകരിച്ച് 107 വർഷങ്ങൾ പൂർത്തിയാകുമ്പോൾ 44 രാജ്യങ്ങളിൽ ഗ്ലോബൽ നെറ്റ്വർക്ക് രൂപീകരിക്കാനും സാമൂഹ്യ നീതിക്കുവേണ്ടി നിലകൊള്ളുവാനും സാധിച്ചിരിക്കുന്നു. തീവ്രവർഗീയ നിലപാടുകൾ തള്ളിക്കളഞ്ഞ്, മൂല്യാധിഷ്ഠിത സമുദായ ബോധത്തിലൂടെ കാവൽശക്തിയായി നിലകൊള്ളാൻ കത്തോലിക്ക കോൺഗ്രസ് ഉണ്ടാവും.
അതിജീവനത്തിനായുള്ള പോരാട്ടം
സമകാലിക ക്രൈസ്തവ സമൂഹം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ഭാരതത്തിലെ വിവിധ പ്രദേശങ്ങളിൽ ക്രൈസ്തവരെ ആക്രമിക്കുന്നതിനും പീഡിപ്പിക്കുന്നതിനും നിരന്തരം ശ്രമങ്ങൾ നടക്കുന്നത് ഭീകരതയുടെ വിവിധ മുഖങ്ങൾ തന്നെയാണ്. ക്രൈസ്തവരുടെ പരമ്പരാഗത ഉപജീവന സ്രോതസുകളായ കാർഷിക രംഗവും മത്സ്യബന്ധനവും നാശത്തിന്റെ വക്കിലാണ്. കേരളത്തിലെ മലയോര മേഖലയിലെ കർഷകർ വന്യമൃഗശല്യം, തെറ്റായ വനം പരിസ്ഥിതി നിയമങ്ങൾ, സർക്കാർ ഉദ്യോഗസ്ഥ സമീപനങ്ങൾ മുതലായവ മൂലം നിർബന്ധിത കുടിയിറക്കിന്റെ ഭീഷണി നേരിടുന്നു. വനപാലകർ ഫോറസ്റ്റ് രാജ് നടപ്പാക്കുമ്പോൾ ജനങ്ങളുടെ ജീവനും ജീവനോപാധിക്കും കാവൽനിൽക്കേണ്ട ഭരണാധികാരികൾ കുറ്റകരമായ മൗനം പാലിക്കുന്നു.
റബർ കർഷകരും കുട്ടനാടൻ മേഖലയിലെ നെൽകർഷകരും വിലത്തകർച്ചമൂലവും ജപ്തി ഭീഷണികളാലും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ്. യുവജങ്ങൾ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് പലായനം ചെയ്യുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല, ഉള്ളത് ഇഷ്ടക്കാർക്കും അർഹതയില്ലാത്തവർക്കും പിൻവാതിലിലൂടെ നൽകുകയും ചെയ്യുന്നു. ലഹരിമാഫിയ അഴിഞ്ഞാടുമ്പോൾ ഉത്തരവാദപ്പെട്ടവരുടെ നിസംഗതയും പ്രഹസന പരിപാടികളുമൊക്കെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതു തന്നെയാണ്. സിനിമ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിലൂടെ നടത്തുന്ന ക്രൈസ്തവ അവഹേളനങ്ങൾ ഗൂഢമായ അജണ്ടകളുടെ ഭാഗം തന്നെ.
കൈവശാവകാശ ഭൂമിയിൽനിന്നുപോലും കുരിശ് ഉൾപ്പെടെ വിശ്വാസ പ്രതീകങ്ങളെ തച്ചുടക്കുവാനുള്ള നടപടികൾ ക്രൈസ്തവ പീഡനത്തിന്റെ ലക്ഷണമാണ്. ന്യൂനപക്ഷമെന്ന നിലയിൽ ക്രൈസ്തവർക്ക് അർഹമായ അവകാശങ്ങൾ മനഃപൂർവം നിഷേധിക്കുന്നുവെന്ന് മാത്രമല്ല, അവകാശ സംരക്ഷണത്തിനായുള്ള ശ്രമങ്ങളെ വർഗീയമായി ചിത്രീകരിച്ചു നിർവീര്യമാക്കാനുള്ള ഗൂഢമായ ശ്രമങ്ങളുമുണ്ടാകുന്നു. പ്രതിസന്ധികൾക്ക് പരിഹാരം നിർദേശിക്കുന്ന ജെ.ബി. കോശി കമ്മീഷൻ റിപ്പോർട് പ്രസിദ്ധീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും സർക്കാർ കാണിക്കുന്ന അലംഭാവം ഒരു സമൂഹത്തെ അവഗണിക്കുന്നതു തന്നെയാണ്.
ചില അധിനിവേശ ശക്തികൾക്ക് നമ്മുടെ സ്ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും കുടുബങ്ങളിലേക്കുതന്നെയും കടന്നുകയറാനുള്ള സാഹചര്യം സൃഷിക്കുന്നത് ഭരണ രാഷ്ട്രീയ മേഖലകളുടെ വികല സമീപനമാണെന്ന് തിരിച്ചറിയുന്നു. ഇത്തരം പ്രതിസന്ധികളിൽ വിശ്വാസികൾ ജാഗരൂകരാകണമെന്ന് ഉദ്ബോധിപ്പിക്കുന്ന സഭാ പിതാക്കന്മാരുടെയും സമുദായ നേതാക്കളുടെയും വായ് മൂടിക്കെട്ടാനുള്ള ഭീഷണികളും മാധ്യമവേട്ടകളും രാഷ്ട്രീയ നേതൃത്വങ്ങളുടെ ശ്രമങ്ങളും പ്രകടമായി പുറത്തുവന്നിരിക്കുകയുമാണ്. മുന്നറിയിപ്പുകൾ ശരിയായിരുന്നു എന്ന് കാലം തെളിയിക്കുമ്പോൾ, വാളോങ്ങിയവർ ഇന്ന് അങ്കലാപ്പിലാണ്.
ഒറ്റയ്ക്കുനിന്ന് നശിക്കണോ, ഒരുമിച്ചുനിന്ന് നേടണോ?
ഇത്തരം പ്രതിസന്ധികളിൽ സമുദായ നേതൃത്വത്തിന്റെ പ്രതികരണങ്ങൾ പൂർണമായും ഫലപ്രാപ്തിയിലെത്താത്തത് നാം വിഭജിതമായിരിക്കുന്നതിനാലാണ്. ഒറ്റയ്ക്കു നിൽക്കുന്നത് ക്രൈസ്തവ നിഘണ്ടുവിൽ പാപമാണ്. നമ്മളിൽ നിന്നാണ് ഞാൻ ഉണ്ടാകുന്നത്. അതുകൊണ്ട് ഞാൻ എന്ന അവസ്ഥയിൽനിന്ന് ഞങ്ങൾ എന്ന നിലയിലേക്ക് വളരാതിരിക്കുന്നത് അപൂണതയാണ്. ഈ അപൂർണതയെ മറികടന്ന് ക്രൈസ്തവ സമുദായ ബോധം ഉണർന്ന ഘട്ടങ്ങളിലെല്ലാം നാം പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. മലയാളി മെമ്മോറിയൽ, പൗരസമത്വവാദ പ്രക്ഷോഭം, സർ സിപിക്കെതിരേയുള്ള സമരങ്ങൾ തുടങ്ങി നാം ഒരുമിച്ചുനിന്ന് നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങൾ മറക്കരുത്.
നിർണായക ഘട്ടങ്ങളിൽ എല്ലാ രാഷ്ട്രീയ കക്ഷികളും നമുക്കെതിരേ പ്രവർത്തിച്ചിട്ടുണ്ട്. അത് ഇന്നും തുടരുന്നു. നമ്മെ സംരക്ഷിക്കാൻ ഒരു രാഷ്ട്രീയ രക്ഷകൻ വരാനില്ല. നമ്മെ സംരക്ഷിക്കാൻ നാം തന്നെ സംഘടിക്കണം. രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ സമുദായമെന്ന നിലയിൽ നേരിടണം. മലയോര കർഷകരെ കുടിയിറക്കാനുള്ള ഗൂഢനീക്കങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണം. കുരിശ് തകർക്കൽ ഉൾപ്പെടെ വിശ്വാസ പ്രതീകങ്ങളെ അവഹേളിക്കാനും തകർക്കാനുമുള്ള ഹീനമായ പ്രവർത്തനങ്ങളെ ഒരുമിച്ച് നേരിടണം. വിവിധങ്ങളായ അധിനിവേശങ്ങളെയും കടന്നു കയറ്റങ്ങളെയും സമുദായമെന്ന നിലയിൽ ചെറുത്ത് തോൽപ്പിക്കണം.
ഭൗതികമായ നിലനിൽപ്പിന് രാഷ്ട്രീയത്തിൽ ക്രിയാത്മകമായി ഇടപെടുകതന്നെ വേണം. മൂല്യബോധമുള്ള ഒരു രാഷ്ട്രീയ നേതൃനിര വളർന്നുവരണം. സമുദായ അംഗങ്ങളുടെ രാഷ്ട്രീയമായ ചേരിതിരിവുകൾ ഇല്ലാതാവണം. രാഷ്ട്രീയം നോക്കാതെ സമുദായ പ്രശ്നങ്ങളിൽ ഒരുമിക്കണം. സമുദായം ആരുടെയും വോട്ട് ബാങ്കല്ല. ആരോടും പ്രത്യേക അടുപ്പമോ അകലമോ ഇല്ല. സമുദായത്തിന്റെയും കർഷകരുടെയും പ്രശ്നങ്ങളാണ് സമുദായത്തിന്റെ രാഷ്ട്രീയം. അതിൽ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കും.
കത്തോലിക്ക കോൺഗ്രസ് വ്യത്യസ്ത പദ്ധതികളിലൂടെ
● യുവജനങ്ങൾക്ക് കേരളത്തിലും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലും ഇന്ത്യക്കു പുറത്തുമുള്ള സർക്കാർ, കോർപറേറ്റ് തൊഴിലവസരങ്ങൾ വിരൽതുമ്പിൽ എത്തിക്കുന്ന ജോബ് പോർട്ടൽ ആരംഭിച്ചു.
● ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിസിനസ്, പ്രഫഷണൽ രംഗത്തുള്ളവരെ കോർത്തിണക്കുന്ന ‘ബിസിനസ് നെറ്റ് വർക്ക്’ രൂപീകരിക്കാനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി.
● സന്നദ്ധ സേവന പ്രവർത്തങ്ങൾക്കും പ്രോജക്ടുകൾക്കുമായി ‘ജീവദാൻ ചാരിറ്റബിൾ ട്രസ്റ്റ്’ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.
● കർഷക ന്യൂനപക്ഷ ആനുകൂല്യങ്ങൾ അർഹരിലെത്തിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
● യുവജന ശക്തീകരണത്തിനായി ‘യൂത്ത് കൗൺസിൽ’, വനിതാ ശക്തീകരണത്തിനായി ‘വിമൻ കൗൺസിൽ’ എന്നിവ രൂപീകരിച്ചു.
● രാഷ്ട്രീയ രംഗത്തെ ക്രിയാത്മകമായ ഇടപെടലുകൾക്ക് ‘പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി’ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.
● തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുതകുന്ന പ്രവർത്തനങ്ങളും പരിശീലനങ്ങളും നടത്തുന്നു.
● ലഹരി വിരുദ്ധ കർമസേന രൂപീകരണം.
● കർഷക, ന്യൂനപക്ഷ വിഷയങ്ങളിലെ നിരന്തര പോരാട്ടങ്ങൾ, പ്രതിരോധങ്ങൾ.
● ഗ്ലോബൽ മീറ്റ്, നാഷണൽ കോൺഫറൻസ് എന്നിവ നടത്തി ദേശീയ, അന്തർദേശീയ ഏകോപനം സാധ്യമാക്കുക.
‘സമുദായ ശക്തീകരണം രാഷ്ട്ര പുരോഗതിക്ക്’ എന്ന ലക്ഷ്യവുമായി അവകാശപ്രഖ്യാപന റാലികളും സംഗമങ്ങളും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു വരികയാണ്. അതിന്റെ ഭാഗമാണ് പാലക്കാട്ടു നടക്കുന്ന 107-ാം ജന്മവാർഷികാഘോഷം. ഇതിന്റെ ഭാഗമായി അന്തർദേശീയ സമ്മേളനവും അവകാശ പ്രഖ്യാപന റാലിയും നടത്തുന്നു. സമുദായവും കർഷ സമൂഹവും നേരിടുന്ന പ്രശ്ങ്ങൾ ഉന്നയിക്കുന്ന സമരമുഖമാണിത്.
നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ സമുദായ അംഗങ്ങളെല്ലാവരും ഒറ്റക്കെട്ടാണ് എന്ന മഹാസന്ദേശമാണ് ഈ സംഗമം നൽകുന്നത്. വോട്ട് ബാങ്കിന്റെ വലിപ്പം നോക്കി വിവേചനം കാണിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങൾക്ക് കൃത്യമായ മറുപടി നൽകും. നമ്മുടെ ഇടപെടലുകൾ എല്ലാം പൊതു സമൂഹത്തിന്റെ നന്മയ്ക്കും വളർച്ചയ്ക്കും വേണ്ടിയാണ്. അവഗണന തുടർന്നാൽ സമുദായത്തിന്റെയും കർഷകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന മുന്നേറ്റം ഉണ്ടാവുകതന്നെ ചെയ്യും.