ഓപ്പറേഷൻ തരൂർ?; ബിജെപിയുടെ രാഷ്ട്രീയക്കളിയിൽ വെട്ടിലായി കോണ്‍ഗ്രസ്
Sunday, May 18, 2025 2:57 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാടും സന്ദേശവും ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താനുള്ള കേന്ദ്രസംഘത്തെ കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂർ നയിക്കുന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം.
ദേശീയ താത്പര്യത്തിനാണ് മുൻതൂക്കമെന്നും ഇന്ത്യക്കുവേണ്ടി പ്രതിനിധിസംഘത്തെ നയിക്കുന്നത് അഭിമാനമാണെന്നും തരൂർ പറഞ്ഞു. എന്നാൽ, തരൂരിനെ ഒഴിവാക്കിയുള്ള നാലംഗ പട്ടികയാണു കോണ്‍ഗ്രസ് നേതൃത്വം പ്രസിദ്ധീകരിച്ചത്.
വിദേശ പ്രതിനിധിസംഘത്തെ ചൊല്ലിയുള്ള തർക്കത്തിൽ തരൂരിനെ ഉപയോഗിച്ചു ബിജെപി നടത്തുന്ന രാഷ്ട്രീയക്കളിയിൽ കോണ്‍ഗ്രസ് ഇതോടെ കൂടുതൽ വെട്ടിലായി. സർക്കാർ ‘നാരദമുനി രാഷ്ട്രീയം’ കളിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറിയും മാധ്യമവിഭാഗം തലവനുമായ ജയ്റാം രമേശ് ആരോപിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എന്നിവരെ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ടെലിഫോണിൽ ബന്ധപ്പെട്ട് അഭ്യർഥിച്ചതനുസരിച്ചാണ് നാലു പ്രതിനിധികളെ കോണ്‍ഗ്രസ് നാമനിർദേശം ചെയ്തതെന്ന് ജയ്റാം വ്യക്തമാക്കി.
കോണ്‍ഗ്രസിലെ മുതിർന്ന നേതാവ് സൽമാൻ ഖുർഷിദിനെയും സർക്കാർ സമീപിച്ചതായും എന്നാൽ പാർട്ടി തീരുമാനിക്കണമെന്നാണ് അദ്ദേഹം അവരോടു പറഞ്ഞതെന്നും ജയ്റാം പറഞ്ഞു. ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീർ ഹുസൈൻ, അമരീന്ദർ സിംഗ് രാജ ബ്രാർ എന്നിവരെയാണു കോണ്‍ഗ്രസ് നിർദേശിച്ചതെന്ന് ജയ്റാം ഇന്നലെ അറിയിച്ചു.
സർക്കാരിനയച്ച നാലു പേരുകൾ കോണ്‍ഗ്രസ് പുനർവിചിന്തനം ചെയ്യില്ലെന്ന് ജയ്റാം പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ ഔദ്യോഗിക പ്രതിനിധിസംഘത്തിലേക്ക് വ്യക്തിഗത എംപിമാരെ അയയ്ക്കുന്പോൾ എംപിമാർ പാർട്ടിയുടെ സമ്മതം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിന്റെ വിദേശകാര്യസമിതി അധ്യക്ഷനും മുൻ വിദേശകാര്യ സഹമന്ത്രിയും ദീർഘകാലം ഐക്യരാഷ്ട്രസഭയിലും ആഗോളതലത്തിലും പ്രവർത്തിച്ച തരൂരിനെ രാജ്യത്തിന്റെ സുപ്രധാന വിദേശ പ്രതിനിധി സംഘത്തിൽനിന്ന് ഒഴിവാക്കിയതിന് എഐസിസി നേതൃത്വം പ്രത്യേക വിശദീകരണം നൽകിയില്ല.
കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗവും നാലാംതവണ എംപിയുമായ മുതിർന്ന കോണ്‍ഗ്രസ് നേതാവിനെ പാർട്ടി തന്നെ ഒഴിവാക്കിയതോടെ പാർട്ടിയും തരൂരും തമ്മിലുള്ള ഭിന്നത രൂക്ഷമായി.
തരൂരിനെ സംഘത്തലവനാക്കിയ കേന്ദ്രസർക്കാർ പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളിലായിരുന്നു എഐസിസി അദ്ദേഹത്തെ ഒഴിവാക്കിയ പട്ടിക പ്രസിദ്ധീകരിച്ചത്. കോണ്‍ഗ്രസിന്റെ നാലു പ്രതിനിധികളെ അറിയിച്ച് കേന്ദ്രമന്ത്രി റിജിജുവിന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കത്ത് നൽകിയതിനുശേഷമാണ് തരൂരിനെ ഉൾപ്പെടുത്തിയുള്ള പട്ടിക കേന്ദ്രം പ്രസിദ്ധീകരിച്ചത്.
ജനാധിപത്യ പ്രക്രിയയിൽ പാർട്ടിയാണു പ്രതിനിധികളെ തീരുമാനിക്കേണ്ടതെന്ന് കോണ്‍ഗ്രസും ദേശീയ പ്രശ്നങ്ങളിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കണമെന്ന് ബിജെപിയും പ്രതികരിച്ചു.
അമേരിക്ക, ബ്രിട്ടൻ അടക്കം പ്രധാന രാജ്യങ്ങളിലേക്കുള്ള സംഘത്തെയാണ് തരൂർ നയിക്കുക. ബിജെപിയുടെ രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡ, ഡിഎംകെയുടെ കനിമൊഴി, എൻസിപിയുടെ (എസ്പി) സുപ്രിയ സുലെ, ജെഡി-യുവിന്റെ സഞ്ജയ് കുമാർ ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു.