കേണൽ സോഫിയ ഖുറേഷിക്കെതിരേ ബിജെപി മന്ത്രി
Thursday, May 15, 2025 2:04 AM IST
ഇൻഡോർ/ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയാഹ്ലാദം തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെയും ബിജെപിയെയും വെട്ടിലാക്കി മധ്യപ്രദേശ് മന്ത്രിയുടെ അതിനിന്ദ്യമായ പരാമർശങ്ങൾ.
പാക്കിസ്ഥാനെതിരേയുള്ള ഇന്ത്യയുടെ സൈനിക നടപടികൾ ലോകത്തോടു വിശദീകരിച്ച കേണൽ സോഫിയ ഖുറേഷിയെ “ഭീകരരുടെ സഹോദരി” എന്നു വിശേഷിപ്പിച്ച കാബിനറ്റ് മന്ത്രി കുൻവാർ വിജയ് ഷാ കേന്ദ്രസർക്കാരിനെയും ബിജെപിയെയും ഒരുപോലെ പ്രതിരോധത്തിലാക്കുകയായിരുന്നു.
വ്യാപക പ്രതിഷേധം തുടരുന്നതിനിടെ മന്ത്രിക്കെതിരേ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് (എഫ്ഐആര്‍) ഫയല്‍ ചെയ്യാനാണ് സംസ്ഥാന പോലീസിനു നിർദേശം നൽകിയത്.
നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ട് മോദിജി പാഠം പഠിപ്പിച്ചു എന്നാണ് ഇൻഡോറിനു സമീപം രാമരാമകുണ്ഡയില് നടന്ന പൊതുയോഗത്തിൽ മന്ത്രി പറഞ്ഞത്.
ഭീകരരെ അവരുടെ വീടുകളില്‍ച്ചെന്ന് ആക്രമിക്കാനായി അവരുടെ സഹോദരിയെത്തന്നെ സൈനിക ഹെലികോപ്റ്ററില്‍ വിട്ടാണു പ്രധാനമന്ത്രി തിരിച്ചടിച്ചതെന്നും പ്രസംഗത്തിലുണ്ടായിരുന്നു.
പരാമർശം വിവാദമായതോടെ മന്ത്രി നിലപാട് മയപ്പെടുത്തി. “കേണൽ സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി രാജ്യത്തിന് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു.
സ്വപ്നത്തില്‍ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല. തന്റെ പരാമർശം ജനങ്ങളെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്തു തവണ ക്ഷമ ചോദിക്കാന്‍ തയാറാണ്”- മന്ത്രി വിശദീകരിച്ചു.
മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുകയാണ്. മന്ത്രിക്കെതിരേ കടുത്ത നടപടി വേണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. കേണൽ സോഫിയ ഖുറേഷിയെ ഇന്ത്യയുടെ പെൺകടുവ എന്നു വിശേഷിപ്പിക്കുന്ന ബാനറുമായാണ് മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയത്.
മധ്യപ്രദേശ് മന്ത്രിയെ എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കുന്നില്ല എന്നാണു കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ചോദ്യം. അതിനീചമായ തരത്തിലുള്ള പരാമർശം ബിജെപിയുടെ രോഗാതുരമായ മാനസികാവസ്ഥയാണു പ്രതിഫലിപ്പിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
വനിതാ ഓഫീസറെ അപമാനിച്ചത് തീർത്തും അസ്വീകാര്യമാണെന്ന് മറ്റൊരു ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് പറഞ്ഞു. മന്ത്രിയെ ഉടൻ പുറത്താക്കുക മാത്രമല്ല ബിജെപിയുടെ മുതിർന്ന നേതൃത്വം മാപ്പ് പറയണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു.
അതേസമയം ദേശീയ വനിതാ കമ്മിഷനാകട്ടെ പരാമർശത്തെ അപലപിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ദൈനംദിന സൈനിക നടപടികൾ വിശദീകരിച്ചതോടെ ഇന്ത്യാ-പാക് സംഘർഷകാലത്ത് ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു.