മൊത്തവില പണപ്പെരുപ്പം 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
Thursday, May 15, 2025 1:10 AM IST
ന്യൂഡൽഹി: ഏപ്രിലിൽ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പത്തിനു പിന്നാലെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വാർഷിക പണപ്പെരുപ്പവും കുറഞ്ഞു.
13 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 0.85 ശതമാനമാണ് ഏപ്രിലിൽ രേഖപ്പെടുത്തിയത്. ആഹാരസാധനങ്ങൾ, ഇന്ധനം, ചില നിർമിതവസ്തുക്കൾ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം കുറച്ചത്.
മാർച്ചിലെ 2.05 ശതമാനത്തിൽനിന്നാണ് ഈ കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 1.19 ശതമാനമാണ് രേഖപ്പെടുത്തിയത്. ഭക്ഷ്യ പണപ്പെരുപ്പം മാർച്ചിലെ 4.66 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 2.55 ശതമാനമായി കുത്തനെ കുറഞ്ഞു.
മൊത്തവില സൂചികയെ അടിസ്ഥാനമാക്കി 2024 മാർച്ചിനുശേഷമുള്ള (0.53%) ഏറ്റവും താഴ്ന്ന നിരക്കാണ് ഏപ്രിലിലേത്. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതിനെത്തുടർന്ന് ഏപ്രിലിൽ ചില്ലറ പണപ്പെരുപ്പം ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.
മൊത്തവിലയിലെ ഇടിവിന് പ്രധാന കാരണം ഭക്ഷണസാധനങ്ങൾ, ഇന്ധന വിലകൾ കുറഞ്ഞതാണ്. മൊത്തത്തിൽ വിലയിൽ ഇപ്പോഴും നേരിയ വർധനയുണ്ടെങ്കിലും ആ വർധന വളരെ മന്ദഗതിയിലാണ്.
ഭക്ഷ്യോത്പന്നങ്ങളുടെ നിർമാണം, മറ്റ് ഉത്പാദനം, രാസവസ്തുക്കൾ, രാസവസ്തുക്കളുടെ നിർമാണം, ഗതാഗത ഉപകരണങ്ങളുടെ നിർമ്മാണം, യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിർമാണം എന്നിവയുടെ വിലയിലുണ്ടായ വർധനയാണ് പണപ്പെരുപ്പത്തെ പോസിറ്റീവ് നിലയിൽ നിലനിർത്തിയത്.
ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന പ്രാഥമിക വസ്തുക്കളുടെയും അസംസ്കൃത പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ ഭക്ഷ്യേതര വസ്തുക്കളുടെയും വില കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. ഈ വിഭാഗത്തിലെ പണപ്പെരുപ്പം നെഗറ്റീവ് ടെറിട്ടറിയിലേക്ക് താഴ്ന്നു.
മൊത്തവില സൂചികയുടെ ഏറ്റവും വലിയ ഭാഗമായ നിർമാണോത്പന്നങ്ങളുടെ വില ഏപ്രിലിൽ 2.62% വർധിച്ചു. മാർച്ചിൽ 0.76% വളർച്ച നേടിയ പ്രാഥമിക വസ്തുക്കളുടെ പണപ്പെരുപ്പം ഏപ്രിലിൽ 1.44% ആയി കുറഞ്ഞു.
രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഇത്രയും ചുരുങ്ങുന്നത്. ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും പണപ്പെരുപ്പം മാർച്ചിൽ 0.20% വളർച്ച നേടിയപ്പോൾ ഏപ്രിലിൽ 2.18% ആയി ചുരുങ്ങി.
ഭക്ഷ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും വില കുത്തനെ ഇടിഞ്ഞു. മാർച്ചിലെ നെഗറ്റീവ് കണക്കായ 0.32% ൽ നിന്ന് ഈ മാസത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 0.26% ആയി. വാർഷികാടിസ്ഥാനത്തിൽ, പ്രാഥമിക ഭക്ഷ്യവസ്തുക്കളുടെ വില ഏപ്രിലിൽ 0.86% ആയി കുറഞ്ഞു. 27 മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇത്രയും ചുരുങ്ങുന്നത്. മാർച്ചിൽ ഇത് 1.57% ആയിരുന്നു.
2023 ഒക്ടോബറിനുശേഷം പച്ചക്കറി വിലയിലെ ഏറ്റവും വലിയ ഇടിവ് (18.26 ശതമാനം). മാർച്ചിൽ 15.88 ശതമാനത്തിന്റെ കുറവാണുണ്ടായത്് 2018 ഒക്ടോബറിനുശേഷം പയർവർഗങ്ങളുടെ വിലയിലെ ഏറ്റവും വലിയ ഇടിവ് (5.6 ശതമാനം) എന്നിവയാണ് ഇതിന് കാരണം. ഉരുളക്കിഴങ്ങിന്റെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24.3 ശതമാനമാണ് കുറഞ്ഞത്.
2023 ജൂലൈയിൽ വില ഉയരാൻ തുടങ്ങിയ ശേഷമുള്ള 22 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഏപ്രിലിൽ ഉള്ളിയുടെ വില (0.2 ശതമാനം). മാർച്ചിലിത് 26.65 ശതമാനമായിരുന്നു. നെല്ല്, ധാന്യങ്ങൾ, പഴങ്ങൾ, ഗോതന്പ് എന്നിവയുടെ വിലക്കറ്റവും ഏപ്രിലിൽ സാവധാനമായിരുന്നു.