ഓപ്പറേഷൻ സിന്ദൂർ; മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ്
Tuesday, May 13, 2025 7:17 PM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പത്രസമ്മേളനത്തിലൂടെ സുപ്രധാന വിവരങ്ങൾ പങ്കുവച്ച കേണൽ സോഫിയ ഖുറേഷിക്കെതിരേ അപകീർത്തികരമായ പ്രസ്താവന നടത്തിയ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷാ രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
നമ്മുടെ പെൺമക്കളുടെ തിരുനെറ്റിയിലെ സിന്ദൂരം മായ്ച്ച ഭീകരർക്ക് അവരുടെ സഹോദരിമാരെക്കൊണ്ടുതന്നെ നമ്മൾ ചുട്ട മറുപടി പറയിച്ചുവെന്ന് വിജയ് ഷാ പ്രസംഗിക്കുന്ന വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തിയത്.
പ്രസ്താവന വിവാദമായതോടെ തന്റെ പ്രസംഗം ചിലർ തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് അവകാശപ്പെട്ട് വിജയ് ഷാ രംഗത്തെത്തി. കേണൽ ഖുറേഷി എന്ന സഹോദരി നമ്മുടെ അഭിമാനം കാത്തു. അതു മറ്റൊരു രീതിയിൽ കാണേണ്ടതില്ല. അവരെ തുടർന്നും ബഹുമാനിക്കും എന്നായിരുന്നു വിജയ് ഷായുടെ മറുപടി.
അതേസമയം, കേണൽ സോഫിയ ഖുറേഷിക്കെതിരേയുള്ള ബിജെപിയുടെ മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും മോശവുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.