ആദംപുര്‍ വ്യോമസേനാ കേന്ദ്രത്തിൽ മോദി
Tuesday, May 13, 2025 7:17 PM IST
ആദംപുര്‍: രാജ്യത്തിനുവേണ്ടി പോരാടിയ ധീരസൈനികരെ ആദരിക്കുന്നതിനായി പഞ്ചാബിലെ ആദംപുര്‍ വ്യോമസേനാ താവളം സന്ദര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ വിജയത്തിനുശേഷം പാക്കിസ്ഥാന് തുടരുന്ന കുപ്രചാരണങ്ങള്‍ തകര്‍ക്കുകയെന്ന ലക്ഷ്യവും സന്ദര്‍ശനത്തിനുണ്ടായിരുന്നു.
‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ തന്ത്രപ്രധാന കേന്ദ്രമായിരുന്ന ആദംപുരിലെ എസ്-400 വ്യോമ പ്രതിരോധം ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചു തകര്‍ത്തതായി പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. വ്യാജവീഡിയോയുടെ സഹായത്തോടെയായിരുന്നു ഇത്.
എസ്-400നു മുന്പിൽ സല്യൂട്ട് ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രം പുറത്തുവിട്ടാണ് ഇന്ത്യ ഇതിനു മറുപടി നൽകിയത്. വ്യോമസേനാ താവളത്തിലെ റണ്‍വേയില്‍ മിസൈലുകള്‍ വർഷിച്ചതായും ഒരു വര്‍ഷത്തേക്ക് താവളം പ്രവർത്തനരഹിതമാക്കിയെന്നുമായിരുന്നു പാക് പ്രചാരണം.
ഇന്നലെ അതിരാവിലെതന്നെ എത്തിയ പ്രധാനമന്ത്രിയോട് സൈനികനടപടികളെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർ വിശദീകരിച്ചു. സൈനികരുമായി പ്രധാനമന്ത്രി ഏറെസമയം ആശയവിനിമയം നടത്തുകയും ചെയ്തു. കൂടിക്കാഴ്ച സവിശേഷമായൊരു അനുഭവമാണെന്നു പറഞ്ഞ പ്രധാനമന്ത്രി രാജ്യം മുഴുവൻ നിങ്ങളോടു കടപ്പെട്ടിരിക്കുകയാണെന്നും സൈനികരോട് വ്യക്തമാക്കി.
പാക്കിസ്ഥാന്റെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പ്രതിരോധമന്ത്രാലയം നേരത്തേ പറഞ്ഞിരുന്നു. വ്യോമതാവളത്തിന്റെ മോര്‍ഫ് ചെയ്ത ഉപഗ്രഹചിത്രങ്ങളാണു പാക് സൈന്യം ഉപയോഗിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണു വ്യോമസേനാ കേന്ദ്രം ആക്രമിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചത്.