ലഷ്കർ കമാൻഡർ ഷാഹിദ് ഉൾപ്പെടെ മൂന്നു ഭീകരരെ വധിച്ചു
Tuesday, May 13, 2025 7:17 PM IST
ശ്രീനഗർ: ലഷ്കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡർ ഷാഹിദ് കുട്ടായ് ഉൾപ്പെടെ മൂന്നു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ഷോപിയാൻ ജില്ലയിസെ ഷുക്റൂ കെല്ലർ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. പ്രദേശം വളഞ്ഞ സുരക്ഷാസേനയ്ക്കു നേരേ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. അദ്നാൻ ഷാഫി എന്ന ഭീകരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ട മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.
ഷോപിയാനിലെ ഹീർപോര സ്വദേശിയായ ഷാഹിത് കുട്ടായ് 2023 മാർച്ചിലാണ് ഭീകരസംഘടനയിൽ ചേർന്നത്. കാറ്റഗറി "എ’യിൽ ഉൾപ്പെട്ട ഭീകരൻ ഷാഹിദ് നിരവധി ആക്രമണങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇയാളുടെ വീട് സുരക്ഷാസേന ഇടിച്ചുനിരത്തിയിരുന്നു. ഷോപിയാനിലെ വൻഡുന മെൽഹോറ സ്വദേശിയാണ് കൊല്ലപ്പെട്ട അദ്നാൻ ഷാഫി.