ഐപിഎല്‍ ടീമുകള്‍ക്ക് ആശ്വാസം
Wednesday, May 14, 2025 10:57 PM IST
മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്നു നിര്‍ത്തിവച്ചശേഷം പുനരാരംഭിക്കുന്ന 2025 സീസണ് ഐപിഎല്ലില്‍, ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസവുമായി ഗവേണിംഗ് ബോഡി. മേയ് 25നു തീരേണ്ട 18-ാം സീസണ് ഐപിഎല്‍, ഇടയ്ക്കുവച്ചു നിര്‍ത്തിവയ്ക്കേണ്ടിവന്നതിനാല്‍ ജൂണ്‍ മൂന്നുവരെ നീളും.
ഈ പശ്ചാത്തലത്തില്‍ പല വിദേശ സൂപ്പര്‍ താരങ്ങളും ഐപിഎല്‍ ഫ്രാഞ്ചൈസികളെ വിട്ട് രാജ്യാന്തര മത്സരങ്ങള്‍ക്കായി ദേശീയ ടീമുകള്‍ക്കൊപ്പം ചേരും. അതോടെ 2025 ഐപിഎല്‍ പ്ലേ ഓഫ് ഘട്ടത്തില്‍ പല സൂപ്പര്‍ താരങ്ങളും ഇല്ലാതെ വരുകയും സീസണിന്റെ തിളക്കം നഷ്ടപ്പെടുകയും ചെയ്യും.
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിലും അയര്‍ലന്‍ഡിലും വെസ്റ്റ് ഇന്‍ഡീസ് നടത്തുന്ന പര്യടനം തുടങ്ങിയ രാജ്യാന്തര മത്സരങ്ങളെല്ലാം ഐപിഎല്‍ പ്ലേ ഓഫിന്റെ (മേയ് 29 മുതല്‍) താരത്തിളക്കം നഷ്ടപ്പെടുത്തുന്നതാണ്.
ഐപിഎല്‍ താത്കാലികമായി നിര്‍ത്തിവച്ചതോടെ (മേയ് എട്ടിന്) വിദേശ താരങ്ങള്‍ ഇന്ത്യവിട്ടിരുന്നു. ശേഷിക്കുന്ന ഐപിഎല്‍ സീസണിനായി തിരിച്ചുവരില്ലെന്ന് ആദ്യം അറിയിച്ചത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസീസ് താരം ജേക് ഫ്രേസര്‍ മക്ഗുര്‍ക്കും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇംഗ്ലീഷ് പേസര്‍ ജാമി ഓവര്‍ട്ടണുമാണ്.
ഇന്ത്യവിട്ട വിദേശ കളിക്കാരില്‍ പലരും തിരിച്ചെത്തിയേക്കില്ലെന്ന പ്രത്യേക സാഹചര്യത്തെ നേരിടാന്‍ ഐപിഎല്‍ ഗവേണിംഗ് ബോഡി ഇന്നലെ പുതിയൊരു നീക്കം നടത്തി. ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി താത്കാലിക കളിക്കാരെ ഫ്രാഞ്ചൈസികള്‍ക്കു സ്വന്തമാക്കാമെന്നതാണ് ഈ നീക്കം.
താത്കാലിക കളിക്കാര്‍ വരും
18-ാം സീസണ് ഐപിഎല്ലില്‍ ഫൈനല്‍ അടക്കം ഇനി ശേഷിക്കുന്നത് 17 മത്സരങ്ങളാണ്. അതില്‍ പ്ലേ ഓഫ് ആരംഭിക്കുന്നത് മേയ് 29ന്, ഫൈനല്‍ ജൂണ്‍ മൂന്നിനും. ജൂണ്‍ മൂന്നുവരെ നീളുന്ന ഐപിഎല്ലിനിടെ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പുള്ള താരങ്ങള്‍ക്കു പകരമായി ഈ സീസണിലേക്കു താത്കാലിക കളിക്കാരെ സ്വന്തമാക്കാമെന്ന് അധികൃതര്‍ ഇന്നലെ അറിയിച്ചു.
രണ്ടു നിബന്ധനകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഐപിഎല്‍ ഗവേണിംഗ് ബോഡി മുന്നോട്ടു വച്ചത്. ഒന്ന്: താത്കാലികമായി സ്വന്തമാക്കുന്ന കളിക്കാരെ 2026 ഐപിഎല്‍ സീസണില്‍ ക്ലബ്ബുകള്‍ക്കു നിലനിര്‍ത്താന്‍ സാധിക്കില്ല.
രണ്ട്: 2025 മെഗാ താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാരെ മാത്രമേ ഫ്രാഞ്ചൈസികള്‍ക്കു സ്വന്തമാക്കാന്‍ സാധിക്കൂ. ഈ നിബന്ധനയുണ്ടെങ്കിലും ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ഇടക്കാല ആശ്വാസമേകുന്നതാണ് താത്കാലിക കളിക്കാരുടെ വരവ്.
നിയമത്തില്‍ അയവ്
ഐപിഎല്‍ സീസണിന്റെ ഇടയില്‍ താത്കാലിക കളിക്കാരെ ഫ്രാഞ്ചൈസികള്‍ക്കു മുമ്പും സ്വന്തമാക്കാമായിരുന്നു. അസുഖം, പരിക്ക്, രാജ്യാന്തര ഡ്യൂട്ടി തുടങ്ങിയ സാഹചര്യങ്ങളില്‍ കളിക്കാര്‍ ഐപിഎല്‍ ടീമിനു പുറത്താകുന്ന പശ്ചാത്തലത്തിലായിരുന്നു അത്. താത്കാലിക കളിക്കാരെ ആവശ്യമെങ്കില്‍ സീസണിലെ 12 മത്സരങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കണമെന്നതാണ് നിയമം.
എന്നാല്‍, 2025 സീസണിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ നിയമത്തിന് ഇളവു വരുത്തുകയായിരുന്നു. 2025 സീസണില്‍ മുംബൈ ഇന്ത്യന്‍സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമുകള്‍ ഇതിനോടകം 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആദ്യമെത്തിയത് മുസ്തഫിസുര്‍
ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഇടക്കാല കളിക്കാരെ സ്വന്തമാക്കാമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഐപിഎല്‍ 2025 സീസണിലേക്ക് ആദ്യമെത്തിയത് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്.
ഡല്‍ഹി ക്യാപ്പിറ്റല്സിലേക്കാണ് മുസ്തഫിസുര്‍ എത്തിയത്. ഓസ്ട്രേലിയന്‍ ബാറ്റര്‍ ജേക് ഫ്രേസര്‍ മക്ഗുര്‍ക്ക് തിരിച്ചെത്തില്ലെന്ന് അറിയിച്ചതോടെ ഡല്‍ഹി മുസ്തഫിസുറിനെ സ്വന്തമാക്കി.
ആറ് കോടി രൂപയാണ് മുസ്തഫിസുറിനു ഡല്‍ഹി ക്യാപ്പിറ്റല്‍സ് നല്‍കുക. ഒമ്പത് കോടി രൂപയ്ക്കായിരുന്നു മക്ഗുര്‍ക്കിനെ ഡല്‍ഹി 2025 മെഗാ താരലേലത്തില്‍ സ്വന്തമാക്കിയത്. 2022, 2023 ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റൽസിനുവേണ്ടി കളിച്ച താരമാണ് മുസ്തഫിസുര്‍ റഹ്മാൻ.