അമേരിക്കയുടെ മധ്യസ്ഥത ആവശ്യമില്ല; ട്രംപിനെ തള്ളി ഇന്ത്യ
Tuesday, May 13, 2025 7:17 PM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥവാഗ്ദാനങ്ങൾ ഇന്ത്യ നിരസിച്ചു. കാഷ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷിപരമായ വിഷയമാണെന്ന ഇന്ത്യയുടെ പഴയ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ വക്താവ് രണ്ധീർ ജയ്സ്വാൾ വ്യക്തമാക്കി.
എന്നാൽ, വെടിനിർത്തലിനു മധ്യസ്ഥത വഹിച്ചുവെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ പരസ്യമായി അംഗീകരിക്കുകയോ തള്ളുകയോ ചെയ്തില്ലെന്നതു ശ്രദ്ധേയമായി. അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദം ഇന്ത്യ അനൗദ്യോഗികമായി മാത്രമാണു തള്ളിയത്.
പാക്കിസ്ഥാന്റെ സൈനിക താവളങ്ങൾക്കടക്കം ഇന്ത്യ നാശനഷ്ടങ്ങൾ വരുത്തിയതിനെത്തുടർന്നു വെടിനിർത്തൽ കരാറിന് പാക്കിസ്ഥാൻ നിർബന്ധിതമാകുകയായിരുന്നു. പാക് അധിനിവേശ കാഷ്മീർ ഒഴിയണമെന്ന ഇന്ത്യയുടെ ആവശ്യത്തിലും മാറ്റമില്ലെന്ന് ജയ്സ്വാൾ പറഞ്ഞു.
“തോൽവിക്കു ശേഷവും വിജയം അവകാശപ്പെടുന്ന പതിവ് പാക്കിസ്ഥാനുണ്ട്. വിജയം അവകാശപ്പെടുന്നത് ഒരു പഴയ ശീലമാണ്. 1971, 1975, 1999 യുദ്ധത്തിലും അവർ ഇതുതന്നെ ചെയ്തു. വിജയത്തിന്റെ ചെണ്ടകൊട്ടുന്ന മനോഭാവം പാക്കിസ്ഥാന്റെ പഴയ തന്ത്രമാണ്. പരാജയപ്പെടുക, പക്ഷേ ഡ്രം മുഴക്കുന്നത് തുടരുക’’- പരിഹാസമായി വിദേശകാര്യ വക്താവ് പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ’വരുത്തിയ നാശനഷ്ടങ്ങൾ മൂലമാണു പാക്കിസ്ഥാൻ വെടിനിർത്തലിന് അഭ്യർഥിച്ചത്. ഇന്ത്യയുടെ ആക്രമണങ്ങൾ ലക്ഷ്യം കണ്ടപ്പോഴാണു കഴിഞ്ഞ ശനിയാഴ്ച രാവിലെ പാക് ഡിജിഎംഒ ഇന്ത്യൻ പ്രതിരോധവൃത്തങ്ങളെ സമീപിച്ച്, ഇരു രാജ്യങ്ങളും ധാരണയിലെത്തണമെന്ന് അഭ്യർഥിച്ചത്.
അതിർത്തി കടന്നുള്ള ഭീകരതയെ നേരിടുന്പോൾ ആണവഭീഷണി വിലപ്പോകില്ല. ഭീകരതയോട് ‘സീറോ ടോളറൻസ്’ നയമാണ് ഇന്ത്യയുടേത്. ഇന്ത്യയിൽ പാക്കിസ്ഥാൻ നശിപ്പിക്കുമെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളുടെയും, പാക്കിസ്ഥാനിൽ നശിപ്പിക്കപ്പെട്ട സ്ഥലങ്ങളുടെയും ഉപഗ്രഹചിത്രങ്ങൾ പരിശോധിക്കാൻ ജയ്സ്വാൾ ജനങ്ങളോട് ആവശ്യപ്പെട്ടു.
സൗഹാർദത്തിന്റെ അന്തരീക്ഷത്തിലാണ് സിന്ധു നദീജല ഉടന്പടി അംഗീകരിച്ചത്. അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ തത്വങ്ങൾ പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ ലംഘിച്ചു.
സുരക്ഷാകാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ ഏപ്രിൽ 23ലെ തീരുമാനപ്രകാരം സിന്ധു നദീജല കരാർ നിർത്തിവച്ച നടപടി തത്കാലം അതേപടി തുടരും. അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാക്കിസ്ഥാൻ വിശ്വസനീയമായി ഉപേക്ഷിക്കുന്നതു വരെ കരാർ ഇന്ത്യ നിർത്തിവയ്ക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.