യുഎസ് തീരുവയ്ക്കെതിരേ തിരിച്ചടിക്കാൻ തീരുമാനം
Tuesday, May 13, 2025 7:17 PM IST
സീനോ സാജു
ന്യൂഡൽഹി: ഇന്ത്യ നിർമിക്കുന്ന സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തുന്ന അമേരിക്കൻ നടപടിക്കെതിരേ തിരിച്ചടിക്കൊരുങ്ങി കേന്ദ്രസർക്കാർ. അമേരിക്കയിൽ ഉത്പാദിപ്പിക്കുന്ന ചില ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കാനാണു തീരുമാനം.
അമേരിക്കൻ ഉത്പന്നങ്ങളെ നേരിട്ടു ബാധിക്കുന്ന തീരുമാനം ലോകവ്യാപാര സംഘടനയെ (ഡബ്ല്യുടിഒ) നോട്ടീസ് മുഖേന കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഡബ്ല്യുടിഒയ്ക്ക് നോട്ടീസ് അയച്ച് 30 ദിവസത്തിനുള്ളിൽ ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങൾക്കുമേൽ ചുമത്തുന്ന തീരുവ പ്രാബല്യത്തിൽ വന്നുതുടങ്ങാമെന്ന് ഡബ്ല്യുടിഒ അധികാരികൾ അറിയിച്ചു. ട്രംപ് സർക്കാരിന്റെ നടപടികൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന 760 കോടി ഡോളർ മൂല്യമുള്ള ഇന്ത്യൻ ഉത്പന്നങ്ങളെ ബാധിക്കുമെന്ന് ഡബ്ല്യുടിഒക്ക് നൽകിയിട്ടുള്ള നോട്ടീസിൽ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിൽനിന്നുള്ള സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങൾക്ക് 2018ലെ ആദ്യ ട്രംപ് സർക്കാരിന്റെ കാലത്തുതന്നെ ഉയർന്ന തീരുവ ഈടാക്കിയിരുന്നെങ്കിലും ട്രംപ് വീണ്ടും അധികാരമേറ്റതിനുശേഷം ഈ വർഷം മാർച്ചിൽ തീരുവ വീണ്ടും കുത്തനേ വർധിപ്പിച്ചിരുന്നു.
സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങൾക്കു രാജ്യഭേദമില്ലാതെ 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്ന അമേരിക്കയുടെ തീരുമാനം ക്രൂഡ് സ്റ്റീലിന്റെ (അസംസ്കൃത സ്റ്റീൽ) ലോകത്തെ രണ്ടാമത്തെ വലിയ ഉത്പാദകരാജ്യമായ ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്.
രാജ്യസുരക്ഷ മറയാക്കിയാണ് ട്രംപ് ഭരണകൂടം സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തിയതെങ്കിലും അമേരിക്കയുടെ തീരുമാനം ലോകവ്യാപാര സംഘടനയുടെ നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് ഇന്ത്യ വാദിക്കുന്നു.
മറ്റു രാജ്യങ്ങളുടെ വ്യാപാരങ്ങളെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളെടുക്കുന്നതിനുമുന്പ് ഡബ്ല്യുടിഒ അംഗങ്ങളുമായി നിർബന്ധമായും കൂടിയാലോചിക്കണമെന്ന് 1994ലെ തീരുവയിലും വ്യാപാരത്തിലുമുള്ള പൊതുധാരണ (ജിഎടിടി) വ്യക്തമാക്കുന്നുണ്ടെങ്കിലും അമേരിക്ക ഈ ചട്ടം പാലിച്ചില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
അമേരിക്ക ചട്ടം പാലിക്കാത്തതിനാൽ ആ രാജ്യത്തിനെതിരേയും ഉയർന്ന തീരുവ ഏർപ്പെടുത്താനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഡബ്ല്യുടിഒക്ക് നൽകിയിട്ടുള്ള നോട്ടീസിൽ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
കൂടിയാലോചനകൾ ആരംഭിക്കാതിരിക്കുകയോ അമേരിക്ക തീരുവകൾ പിൻവലിക്കാതിരിക്കുകയോ ചെയ്താൽ ജൂണ് എട്ടു മുതൽ ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങൾക്കുമേൽ ഏർപ്പെടുത്തുന്ന തീരുവകൾ പ്രാബല്യത്തിൽ വന്നേക്കാം.
ഏതൊക്കെ അമേരിക്കൻ ഉത്പന്നങ്ങൾക്കാണ് ഉയർന്ന തീരുവ ഈടാക്കുകയെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ പ്രതിനിധികളുടെ അഭ്യർഥനപ്രകാരമാണ് നോട്ടീസിലെ വിവരങ്ങൾ പുറത്തുവിടുന്നതെന്ന് ഡബ്ല്യുടിഒ അധികൃതർ അറിയിച്ചിട്ടുണ്ട്.
ആഗോള സന്പദ്വ്യവസ്ഥയെ ആശങ്കയിലാഴ്ത്തിയ വ്യാപാരയുദ്ധത്തിനു താത്കാലിക വിരാമമായപ്പോഴാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്താനുള്ള നടപടികളിലേക്ക് ഇന്ത്യ കടക്കുന്നതെന്നതും ശ്രദ്ധേയമാണ്.