ഓപ്പറേഷൻ സിന്ദൂർ; കേന്ദ്രം രാഷ്ട്രീയവത്കരിക്കുന്നു: കോണ്ഗ്രസ്
Thursday, May 15, 2025 2:04 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള ദേശീയ പ്രതിസന്ധിയുടെ സമയത്ത് രാജ്യത്തെ ഒറ്റക്കെട്ടായി നയിക്കേണ്ട കേന്ദ്രസർക്കാർ, "ഓപ്പറേഷൻ സിന്ദൂറി’നെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് കോണ്ഗ്രസ്.
പഹൽഗാമിനുശേഷം നടന്ന രണ്ടു സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന പ്രധാനമന്ത്രി 25ന് ഡൽഹിയിൽ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത് സൈനികനടപടിയെ രാഷ്ട്രീയവത്കരിക്കാനുള്ള നഗ്നമായ ശ്രമമാണെന്ന് ഇന്നലെ ഡൽഹിയിൽ ചേർന്ന കോണ്ഗ്രസ് പ്രവർത്തകസമിതി അംഗീകരിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തി.
പഹൽഗാമിലെ ഭീകരാക്രമണത്തിലെ രഹസ്യാന്വേഷണ വീഴ്ചകൾ മുതൽ പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ സൈനിക നടപടി പെട്ടെന്ന് അവസാനിപ്പിച്ചതും, മധ്യസ്ഥത നടത്തിയെന്ന് അവകാശപ്പെട്ട അമേരിക്കൻ പ്രസിഡന്റിന്റെ ആദ്യ വെടിനിർത്തൽ പ്രഖ്യാപനവുമടക്കം നിരവധി ചോദ്യങ്ങൾ ചർച്ച ചെയ്യാനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം വർക്കിംഗ് കമ്മിറ്റി ആവർത്തിച്ചു.
മുതിർന്ന സൈനിക ഉദ്യോഗസ്ഥയെ അപമാനിച്ച് ഭയാനക പ്രസ്താവന നടത്തിയ മധ്യപ്രദേശിലെ ബിജെപി മന്ത്രി ഉടൻ രാജിവയ്ക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ധീരതയോടെ സംരക്ഷിച്ച സായുധസേനകൾക്ക് പൂർണ പിന്തുണ കോണ്ഗ്രസ് ആവർത്തിച്ചു. പൂഞ്ചിൽ രക്തസാക്ഷികളായ സൈനികർക്കും സാധാരണക്കാർക്കും അവരുടെ കുടുംബങ്ങൾക്കും കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അഗാധ അനുശോചനം രേഖപ്പെടുത്തി.
പഹൽഗാമിലെ ആക്രമണം വ്യക്തമായ ഇന്റലിജൻസ് പരാജയത്തെക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ ഉയർത്തുന്നു. മേഖലയിൽ വർധിച്ച പിരിമുറുക്കങ്ങളും ഭീഷണികളും ഉണ്ടായിരുന്നിട്ടും ഭീകരർക്കു വിലയേറിയ ജീവൻ അപഹരിക്കാൻ കഴിഞ്ഞു.
ഇതിന് ഇതുവരെ ഉത്തരവാദിത്വം നിശ്ചയിച്ചിട്ടില്ലെന്നതു നിർഭാഗ്യകരമാണ്. ആക്രമണം നടത്തിയ ഭീകരെ ഉടൻ അറസ്റ്റ് ചെയ്തു പ്രോസിക്യൂട്ട് ചെയ്യണമെന്ന് വർക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
വ്യക്തമായ മുന്നറിയിപ്പുകൾ നൽകിയിട്ടും ആവശ്യമായ പ്രതിരോധനടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ഇത്തരമൊരു വീഴ്ച എങ്ങനെ സംഭവിച്ചുവെന്നും സർക്കാർ വിശദീകരിക്കണം.
പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ പ്രതികാരനടപടി പെട്ടെന്ന് അവസാനിച്ചത് അദ്ഭുതകരമാണ്. നിരവധി ചോദ്യങ്ങൾക്കു വ്യക്തതയോ ഉത്തരമോ ഇല്ല.
വ്യാപാരഭീഷണിയും ഇന്ത്യക്കുമേൽ സമ്മർദവും ഉപയോഗിച്ചാണ് വെടിനിർത്തൽ നടത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന സംബന്ധിച്ച സർക്കാരിന്റെ മൗനം വിശദീകരിക്കാനാകാത്തതും അസ്വീകാര്യവുമാണ്.
ഈ ഗുരുതരമായ ആശങ്കകൾ കണക്കിലെടുത്ത് പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം വിളിക്കാനും പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാനും സർക്കാർ തയാറാകണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.