ഡിസിസി പുനഃസംഘടന ഉടൻ
Tuesday, May 13, 2025 7:17 PM IST
ന്യൂഡൽഹി: പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്‍പായി പാർട്ടിയെ സജ്ജമാക്കാൻ ഡിസിസി പുനഃസംഘടന ഉടൻ പൂർത്തിയാക്കാൻ ഡൽഹിയിൽ കെപിസിസി നേതൃത്വവും ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.
പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ വിജയം ഉറപ്പാണെന്നും ഐക്യത്തോടെ പാർട്ടി പ്രവർത്തിക്കണമെന്നും യോഗത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ഡിസിസി പുനഃസംഘടനയ്ക്കുള്ള അന്തിമനിർദേശം സമർപ്പിക്കാൻ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരെ ചുമതലപ്പെടുത്തി.
കേരളത്തിലെ കോണ്‍ഗ്രസിന്റെ സാധ്യതകളെക്കുറിച്ചു പഠിക്കുന്ന സുനിൽ കനുഗൊലുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസിസി മുതൽ താഴേത്തട്ടുവരെ പാർട്ടിയെ സജീവമാക്കാൻ ഹൈക്കമാൻഡ് സംസ്ഥാന നേതാക്കളോടു നിർദേശിച്ചു. നിലന്പൂർ ഉപതെരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും ഡിസിസി അഴിച്ചുപണി ഉടൻ നടപ്പാക്കണമെന്ന് ദേശീയ നേതൃത്വം നിർദേശം നൽകി.
ചുരുങ്ങിയത് 10 ഡിസിസികളിലെങ്കിലും നേതൃമാറ്റം ഉണ്ടാകണമെന്നാണ് പൊതുവായ ധാരണ. ആവശ്യമെങ്കിൽ എല്ലാ ഡിസിസികളിലും മാറ്റം വരുത്താം. ഇക്കാര്യത്തിൽ ഹൈക്കമാൻഡുമായി ആലോചിച്ചു പിസിസി നേതൃത്വം അടിയന്തര നടപടി സ്വീകരിക്കും. ഡിസിസി പുനഃസംഘടന വേഗം പൂർത്തിയാക്കി തെരഞ്ഞെടുപ്പിനായി സംഘടനയെ സജ്ജമാക്കണമെന്നതിൽ യോഗത്തിൽ ഏകാഭിപ്രായമുണ്ടായി.
എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടന്ന യോഗത്തിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാ ദാസ് മുൻഷി, പ്രവർത്തകസമിതി അംഗങ്ങളായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറന്പിൽ, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, മുൻ പിസിസി അധ്യക്ഷൻ എം.എം. ഹസൻ തുടങ്ങിയവർ പങ്കെടുത്തു. കെ. സുധാകരന്റെ അസാന്നിധ്യം ശ്രദ്ധേയമായി.
പുതിയ കെപിസിസി നേതാക്കൾ ചുമതലയേറ്റപ്പോൾ എംപിമാരിൽ ഭൂരിപക്ഷവും വിട്ടുനിന്നതും, ഇന്നലത്തെ ഡൽഹി യോഗത്തിൽനിന്ന് സുധാകരൻ വിട്ടുനിന്നതും തെറ്റായ സന്ദേശമാണ് അണികൾക്കു നൽകുന്നതെന്ന അഭിപ്രായമുണ്ടെങ്കിലും ഇക്കാര്യത്തിൽ പരസ്യചർച്ച ഒഴിവാക്കി.
ഭാവിയിലെങ്കിലും എല്ലാ നേതാക്കളും ഒറ്റക്കെട്ടായി നിന്നു തെരഞ്ഞെടുപ്പുവിജയം ഉറപ്പാക്കിയേ മതിയാകൂവെന്ന് ഖാർഗെയും രാഹുലും ഓർമിപ്പിച്ചു. എൽഡിഎഫ് സർക്കാരിനെതിരേ കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്നും അതു ഫലപ്രദമായി വോട്ടാക്കി മാറ്റാൻ കോണ്‍ഗ്രസിനു കഴിയണമെന്നും നേതാക്കൾ പറഞ്ഞു.
ഐക്യത്തോടെ പ്രവർത്തിച്ചാൽ വിജയം ഉറപ്പെന്ന് കനുഗൊലുവിന്റെ റിപ്പോർട്ട്
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലുവിന്റെ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ഇതിന്മേൽ വിശദമായ ചർച്ച പിന്നീട് തിരുവനന്തപുരത്ത് നടത്തും.
ഐക്യത്തോടെ പ്രവർത്തിച്ചാൽ കേരളത്തിൽ ജയം നേടാനാകുമെന്നാണ് സുനിലിന്റെ റിപ്പോർട്ടിലെ വിലയിരുത്തൽ. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ഇന്നുമുതൽ തുടങ്ങുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതിനായി പരമാവധി ശ്രമം നടത്തുമെന്ന് പിസിസി പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റുമാരും യുഡിഎഫ് കണ്‍വീനറും വ്യക്തമാക്കി. പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വേണുഗോപാലും ദീപാ ദാസും പറഞ്ഞു.
യോഗത്തിനുശേഷം ചെന്നിത്തലയും സതീശനും രാത്രിതന്നെ കേരളത്തിലേക്കു മടങ്ങി. പിസിസിയുടെ പുതിയ ഭാരവാഹികൾ വേണുഗോപാലിന്റെ വസതിയിലെത്തി കൂടുതൽ ചർച്ച നടത്തി.