അമൃത്സറിൽ മദ്യദുരന്തം; 21 മരണം
Tuesday, May 13, 2025 7:17 PM IST
ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 21 പേർ മരിച്ചു. ആറു പേർ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി മജീദ മേഖലയിലെ നാലു ഗ്രാമങ്ങളിലാണ് മരണം സംഭവിച്ചത്. മരിച്ചവരിലേറെയും കൂലിവേലക്കാരാണ്. മദ്യമുണ്ടാക്കാൻ ഓൺലൈനിൽ വൻതോതിൽ മെഥനോൾ വാങ്ങിയതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. വ്യാജമദ്യം കഴിച്ചവരെ കണ്ടെത്താൻ വീടുവീടാന്തരം പരിശോധന നടത്താൻ അമൃത്സർ ജില്ലാ ഭരണകൂടം മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചു.
മദ്യദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പ്രഭ്ജിത് സിംഗ് ഉൾപ്പെടെ പത്തു പേരെ അറസ്റ്റ് ചെയ്തു. മജീദ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അമോലക് സിംഗ്, സ്റ്റേഷൻ ഹൗസ് ഓഫീസർ അവതാർ സിംഗ് എന്നിവരെ സസ്പെൻഡ് ചെയ്തു.
നിരപരാധികളായ ആളുകളുടെ മരണത്തിന് ഉത്തരവാദികളായവരെ വെറുതേ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. അതേസമയം, മദ്യ മാഫിയയെ നിയന്ത്രിക്കാൻ സാധിക്കാത്ത മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി ഹർപാൽ സിംഗ് ചീമയും രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
2024 മാർച്ചിൽ പഞ്ചാബിലെ സംഗ്രൂരിൽ വ്യാജമദ്യം കഴിച്ച് 20 പേർ മരിച്ചിരുന്നു.