മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുന്നു: സിബിസിഐ
Saturday, May 10, 2025 2:05 AM IST
ന്യൂഡൽഹി: മാർപാപ്പ ലെയോ പതിനാലാമന്റെ ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). പുതിയ മാർപാപ്പയായി കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ തെരഞ്ഞെടുത്തതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു.
യേശുക്രിസ്തുവിന്റെ മാതൃകയും പ്രതിച്ഛായയും അനുസരിച്ചുള്ള ഒരു ഇടയനെ നമുക്കു നൽകിയതിനു ദൈവത്തിനു നന്ദി പറയാൻ ആഗോള കത്തോലിക്കാ വിശ്വാസികൾക്കൊപ്പം ഇന്ത്യയിലെ കത്തോലിക്കാ സഭയും ചേരുന്നു.
സഭയെ സുവിശേഷത്തിന്റെ പാതയിലൂടെ നയിക്കാനും ഫ്രാൻസിസ് മാർപാപ്പയുടെ നവീകരണ മനോഭാവത്തെ മുന്നോട്ട് കൊണ്ടുപോകാനുമായി ശരിയായ തെരഞ്ഞെടുപ്പാണു നടന്നിരിക്കുന്നത്.
ഇന്ത്യയിലെ സഭ പുതിയ മാർപാപ്പയോട് പൂർണമായ വിശ്വസ്തതയും കൂറും പുലർത്തും. പുതിയ മാർപാപ്പയുടെ തെരഞ്ഞെടുപ്പിനുള്ള കോണ്‍ക്ലേവിൽ ഇന്ത്യയിൽനിന്നുള്ള നാല് കർദിനാൾമാർ പങ്കെടുത്തത് ഇന്ത്യയിലെ സഭാ ചരിത്രത്തിലെ നിർണായക മുഹൂർത്തമാണെന്നും സിബിസിഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.