തുർക്കിയിലേക്കുള്ള യാത്രകൾ മുതൽ ആപ്പിളുകൾ വരെ ബഹിഷ്കരിക്കുന്നു
Thursday, May 15, 2025 2:04 AM IST
ന്യൂഡൽഹി: പഹൽഗാം കൂട്ടക്കുരുതിക്കുശേഷം പാക്കിസ്ഥാനെ പിന്തുണച്ച തുർക്കി, അസർബൈജാൻ, ചൈന രാജ്യങ്ങളെയും അവരുടെ ഉത്പന്നങ്ങളെയും ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തിന് ഇന്ത്യയിൽ പിന്തുണയേറുന്നു. പഴങ്ങൾ മുതൽ ടൂറിസം വരെയുള്ള മേഖലകളിലാണ് വ്യാപാരികളും ട്രാവൽ ഏജൻസികളും ബഹിഷ്കരണം പ്രഖ്യാപിച്ചത്.
തുർക്കി ആപ്പിൾ ഇനി വേണ്ടെന്നു വ്യക്തമാക്കി ഡൽഹിയിലെയും പൂനയിലെയും വ്യാപാരികൾ അനൗദ്യോഗിക നിരോധനം ഇന്നലെമുതൽ നടപ്പാക്കി. തുർക്കി ആപ്പിളുകളും മറ്റു പഴവർഗങ്ങളും പൂർണമായി ബഹിഷ്കരിക്കുമെന്ന് ഡൽഹിക്കടുത്ത് ഗാസിയാബാദിലെയും പൂനയിലെയും പഴവർഗങ്ങളുടെ മൊത്ത-ചില്ലറ വ്യാപാരികൾ അറിയിച്ചു.
1,200 മുതൽ 1,400 കോടി രൂപയുടെ തുർക്കി ആപ്പിളുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ഡൽഹി, യുപി, പൂന തുടങ്ങിയ നഗരങ്ങളിലെ പഴക്കടകളിൽ ഇനിമുതൽ തുർക്കിയുടെ പഴങ്ങൾ വിൽക്കില്ല.
പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിയിൽനിന്നുള്ള എല്ലാ പഴവർഗങ്ങളുടെയും ഇറക്കുമതിയും വില്പനയും ഉടൻ നിർത്തിവയ്ക്കുകയാണെന്ന് യുപിയിലെ ഗാസിയാബാദ് ഫ്രൂട്ട് വ്യാപാരികളായ ഷദാബ് ഖാനും നൂർ മുഹമ്മദും പറഞ്ഞു.
മറ്റു രാജ്യങ്ങളിൽനിന്നുള്ള ആപ്പിളുകൾ കൂടുതലായി ഇറക്കുമതി ചെയ്യാനാണു തീരുമാനം. തുർക്കിയിലേക്കുള്ള വിനോദസഞ്ചാര പാക്കേജുകൾ തത്കാലം റദ്ദാക്കിയതായി പ്രമുഖ ട്രാവൽ കന്പനികളായ കോക്സ് ആൻഡ് കിംഗ്സ്, ഈസി മൈ ട്രിപ്, ഇക്സിഗോ എന്നിവ അറിയിച്ചു.
തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള വിനോദയാത്രകൾ ഇന്ത്യക്കാർ വൻതോതിലാണു റദ്ദാക്കുന്നത്. തുർക്കി, അസർബൈജാൻ വിനോദയാത്രകൾ നേരത്തെ ബുക്ക് ചെയ്തിരുന്നവർ യാത്രാപരിപാടികൾ വൻതോതിൽ റദ്ദാക്കുകയാണെന്നും റദ്ദാക്കുന്നവരുടെ എണ്ണത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ 250 ശതമാനം വരെ വർധനയുണ്ടായെന്നും മെയ്ക്ക് മൈ ട്രിപ്പ് കന്പനി വ്യക്തമാക്കി.
മാലദ്വീപിലെ മുയിസു സർക്കാരിന്റെ ഇന്ത്യാവിരുദ്ധ, മോദിവിരുദ്ധ പരാമർശങ്ങളെത്തുടർന്ന് മുന്പ് മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുത്തനേ ഇടിവുണ്ടായതിനു സമാനമാണ് തുർക്കിയിലേക്കുള്ള ഇപ്പോഴത്തെ സ്ഥിതി.
പാക്കിസ്ഥാന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ബഹിഷ്കരിക്കാൻ ഇന്ത്യൻ കോടീശ്വരൻ ഹർഷ് ഗോയങ്ക ഇന്ത്യക്കാരോട് അഭ്യർഥിച്ചു.
“തുർക്കിയുടെയും അസർബൈജാന്റെയും സന്പദ്വ്യവസ്ഥയ്ക്ക് 4,000 കോടിയിലധികം രൂപ ഇന്ത്യൻ വിനോദസഞ്ചാരികൾ സംഭാവന നൽകിയിട്ടുണ്ട്.
പാക്കിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കുന്ന ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഇന്ത്യക്കാർ ബഹിഷ്കരിക്കുന്നതോടെ ഇന്ത്യയുടെ ശക്തി മനസിലാകും. ഇന്ത്യയിലും ലോകത്തും ധാരാളം മനോഹരമായ സ്ഥലങ്ങളുണ്ട്. ദയവായി ഈ രണ്ടു രാജ്യങ്ങൾ ഒഴിവാക്കുക. ജയ് ഹിന്ദ്.”- ഗോയങ്ക ട്വിറ്ററിൽ എഴുതി.
നമ്മുടെ രാജ്യത്തോടുള്ള ഐക്യദാർഢ്യത്തോടെ തുർക്കി, അസർബൈജാൻ, ചൈന എന്നിവിടങ്ങളിലേക്കുള്ള വിമാന, ഹോട്ടൽ ബുക്കിംഗുകൾ താത്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഇക്സിഗോ അറിയിച്ചു.