സോഫിയ ഖുറേഷിക്കെതിരായ പരാമർശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ
Thursday, May 15, 2025 1:09 AM IST
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ മാധ്യമങ്ങൾക്കുമുന്നിൽ വിശദീകരിക്കാനായി നിയോഗിക്കപ്പെട്ട കേണൽ സോഫിയ ഖുറേഷിക്കെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയതിനെ അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ.
വിദ്വേഷ പ്രസ്താവന നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ പേരെടുത്തു പറയാതെയായിരുന്നു ബിജെപി ദേശീയ സെക്രട്ടറികൂടിയായ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹാദ്കർ സംഭവത്തെ അപലപിച്ച് എക്സിൽ കുറിപ്പിട്ടത്.
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളിൽനിന്ന് ഇത്തരം അപകീർത്തിപരമായ പരാമർശങ്ങൾ സത്രീകൾക്കെതിരേയുണ്ടാകുന്നത് അസ്വീകാര്യമാണെന്ന് വിജയ എക്സിൽ കുറിച്ചു.
സോഫിയ രാജ്യത്തിന്റെ മകളാണെന്നും രാജ്യസ്നേഹികളായ ഇന്ത്യക്കാരുടെ സഹോദരിയാണെന്നും അവരുടെ കഠിനാധ്വാനവും അർപ്പണബോധവും നേതൃപാടവവും ബഹുമാനിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണെന്നും വിജയ പറഞ്ഞു.
മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ പ്രസ്താവനയിൽ രാജ്യവ്യാപകമായ പ്രതിഷേധമുണ്ടാകുന്പോഴാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ പ്രതികരണവുമായി രംഗത്തു വരുന്നത്.
സോഫിയയെ ‘ഭീകരവാദികളുടെ സഹോദരി’ എന്നു വിജയ് ഷാ വിശേഷിപ്പിച്ചതാണ് വിവാദമായത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു പ്രസ്താവന.