മാർപ്പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് സിബിസിഐ അധ്യക്ഷൻ
Thursday, May 15, 2025 1:09 AM IST
ന്യൂഡൽഹി : ലെയോ പതിനാലാമൻ മാർപാപ്പയെ നേരിൽ കണ്ട് ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്.
മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്ത് സിബിസിഐ അധ്യക്ഷൻ വത്തിക്കാനിൽ വെച്ച് പാപ്പയ്ക്ക് കൈമാറി.
കത്തോലിക്കാ സഭയെ മുന്നോട്ട് നയിക്കുന്നതിനുള്ള മാർപ്പാപ്പയുടെ എല്ലാ തീരുമാനങ്ങൾക്ക് ഇന്ത്യയിലെ എല്ലാ കത്തോലിക്കാ വിശ്വാസികളുടെയും പേരിൽ പിന്തുണ അറിയിക്കുന്നതായും മാർ ആൻഡ്രൂസ് താഴത്ത് കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
ലെയോ പതിനാലാമൻ പാപ്പയുടെ എളിമ, അജപാലന ജ്ഞാനം, മിഷനറി മനോഭാവം, അഗസ്തീനിയൻ ആത്മീയത എന്നിവ എടുത്തുകാണിച്ചുകൊണ്ട്, ഫ്രാൻസിസ് പാപ്പ ആരംഭിച്ച നവീകരണം അദ്ദേഹത്തിന് തുടരാൻ സാധിക്കട്ടെയെന്നും സിബിസിഐ അധ്യക്ഷൻ ആശംസിച്ചു.
പാരന്പരാഗത രീതിയിലുള്ള ഇന്ത്യൻ ഷോൾ അണിയിച്ചുകൊണ്ടാണ് പാപ്പയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തതെന്ന് സിബിസിഐയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ പത്രകുറിപ്പിലൂടെ അറിയിച്ചു.