സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Tuesday, May 13, 2025 7:17 PM IST
ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പന്ത്രണ്ടാം ക്ലാസിൽ 88.39 ശതമാനവും പത്താം ക്ലാസിൽ 93.66 ശതമാനവുമാണ് വിജയം. ഇരുപരീക്ഷകളിലും പെണ്‍കുട്ടികൾ ആണ്‍കുട്ടികളേക്കാൾ തിളങ്ങി.
പന്ത്രണ്ടാം ക്ലാസിൽ പെണ്‍കുട്ടികളിലെ 91.64 ശതമാനം പേരും ആണ്‍കുട്ടികളിലെ 85.70 ശതമാനം പേരും വിജയിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ പെണ്‍കുട്ടികൾക്ക് 95 ശതമാനം വിജയമുള്ളപ്പോൾ ആണ്‍കുട്ടികൾക്ക് 92.63 ശതമാനം വിജയമുണ്ട്.
സിബിഎസ്ഇയുടെ 17 മേഖലകളിൽ തിരുവനന്തപുരവും വിജയവാഡയും അക്കാദമിക് തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പത്താം ക്ലാസ് പരീക്ഷയിൽ 99.79 ശതമാനം വിജയത്തോടെ തിരുവനന്തപുരവും വിജയവാഡയും മുന്നിലെത്തിയപ്പോൾ ബംഗളൂരും (98.90) ചെന്നൈയും (98.71) മികച്ച പ്രകടനം നടത്തി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കഴിഞ്ഞവർഷം ഒന്നാമതായിരുന്നെങ്കിലും തിരുവനന്തപുരം ഇത്തവണ പിന്തള്ളപ്പെട്ടു.
വിജയവാഡ 99.60 വിജയശതമാനം സ്വന്തമാക്കിയപ്പോൾ തിരുവനന്തപുരം 99.32 ശതമാനം വിജയത്തോടെ തൊട്ടുപിന്നിലെത്തി. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷകൾ വിജയിച്ച എല്ലാ വിദ്യാർഥികൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും എക്സിൽ ആശംസ അറിയിച്ചു.