പ്രതിരോധമന്ത്രി സേനാ മേധാവികളെ കണ്ടു
Saturday, May 10, 2025 2:05 AM IST
ന്യൂഡൽഹി: ഇന്ത്യൻ സൈനിക പോസ്റ്റുകൾ തകർക്കാനും വിവിധ മേഖലകളിൽ വ്യോമാക്രമണം നടത്താനുമുള്ള പാക് ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സൈനിക നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.
പടിഞ്ഞാറൻ അതിർത്തിയിലെ സുരക്ഷാസ്ഥിതിയും സൈന്യത്തിന്റെ തയാറെടുപ്പും അവലോകനം ചെയ്യുന്നതിനായിരുന്നു യോഗം. നിലവിലെ സംഭവവികാസങ്ങളും സുരക്ഷാ സാഹചര്യങ്ങളും യോഗത്തിൽ വിലയിരുത്തിയെന്നാണ് റിപ്പോർട്ട്.
സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, എയർ ചീഫ് മാർഷൽ എ.പി. സിംഗ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.