ഇന്ത്യയെ ആക്രമിക്കാൻ തുർക്കി നൽകിയത് 350 ഡ്രോൺ
Thursday, May 15, 2025 2:04 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാന് തുർക്കി 350ലേറെ ഡ്രോണുകളും സാങ്കേതിക വിദഗ്ധരടക്കം നേരിട്ടു പലവിധ സഹായങ്ങളും നൽകിയതിന്റെ തെളിവുകൾ പുറത്ത്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ "ഓപ്പറേഷൻ സിന്ദൂർ' ആക്രമണത്തിൽ രണ്ടു തുർക്കി സൈനികരും കൊല്ലപ്പെട്ടു.
ഇന്ത്യക്കെതിരേയുള്ള ആക്രമണത്തെ സഹായിക്കാൻ "ഓപ്പറേഷൻ സിന്ദൂറി'നു മുന്പേതന്നെ തുർക്കി വ്യോമസേനയുടെ സി-130 വിമാനവും തുർക്കിയുടെ യുദ്ധക്കപ്പലും പാക്കിസ്ഥാനിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പാക്കിസ്ഥാൻ വിലയേറിയ സഹോദരനാണെന്നും മുന്പത്തേതുപോലെ നല്ലതും ചീത്തയുമായ സമയങ്ങളിൽ പാക്കിസ്ഥാനോടൊപ്പം തുർക്കി എപ്പോഴും ഉണ്ടാകുമെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പ്രഖ്യാപിച്ചതും ഇന്ത്യയോടുള്ള വെല്ലുവിളികൂടിയായി.
പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന തുർക്കി, അസർബൈജാൻ, ചൈന എന്നീ രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഇന്ത്യയിൽ ശക്തമാകുന്നതിനിടെയാണ് ഇന്ത്യക്കെതിരേയുള്ള പാക് ആക്രമണത്തിൽ തുർക്കിയുടെ നേരിട്ടുള്ള പങ്കിന്റെ വിശദാംശങ്ങൾ പുറത്തു വന്നത്.
കോവിഡിനെത്തുടർന്ന് തുർക്കിയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി വ്യാപിച്ചതാണ് തുർക്കിയുടെ പ്രതിരോധ ഉത്പാദനം വർധിപ്പിക്കാൻ സഹായിച്ചതെന്നും ഇതു ഫലത്തിൽ ഇന്ത്യക്കെതിരേതന്നെ അവർ ഉപയോഗിച്ചുവെന്നും വിദഗ്ധർ കരുതുന്നു.
വിമാനം, അലുമിനിയം, ഓട്ടോ ഘടകങ്ങൾ, ടെലികോം ഉപകരണങ്ങൾ, ഇലക്ട്രിക്കൽ യന്ത്രങ്ങൾ എന്നിവയുൾപ്പെടെ തുർക്കിയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന പ്രധാന സാധനങ്ങളാണ് ഡ്രോണ് ഉത്പാദനം കൂട്ടിയതിനു കാരണമായതെന്നാണു റിപ്പോർട്ടുകൾ.
പാക്കിസ്ഥാന്റെ സൈനിക ഇറക്കുമതിയുടെ 80 ശതമാനത്തോളം തുർക്കിയിൽനിന്നാണ്. യുദ്ധവിമാനങ്ങൾ, റഡാറുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, സായുധ ഡ്രോണുകൾ തുടങ്ങിവയെല്ലാം തുർക്കിയിൽനിന്നാണു പാക്കിസ്ഥാൻ വാങ്ങുന്നത്.
നിർണായക സൈനിക ഹാർഡ്വെർ നൽകിയതിനു പുറമെ, പാക്കിസ്ഥാൻ സൈന്യത്തിന് തുർക്കി പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ഡ്രോണുകൾ ഇന്ത്യയിലെ കൃത്യലക്ഷ്യത്തിലേക്ക് അയച്ച് മാരകപ്രഹരം നൽകാനായി വിദഗ്ധരായ ഓപ്പറേറ്റർമാരെയും തുർക്കി പാക്കിസ്ഥാനിലേക്കയച്ചു. ഇന്ത്യയെ ആക്രമിക്കാനായി തുർക്കിയുടെ 350-ലധികം ഡ്രോണുകൾ പാക്കിസ്ഥാൻ ഉപയോഗിച്ചതായി ഇന്ത്യൻ സൈന്യം ചൂണ്ടിക്കാട്ടിയിരുന്നു.
ആളില്ലാ യുദ്ധവിമാനമായ "ബെയ്രക്തർ ടിബി2’ (യുസിഎവി), വൈഐഎച്ച്എ ഡ്രോണുകൾ എന്നിവ ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ലക്ഷ്യങ്ങൾ നിർണയിക്കാനും മാരകവും കൃത്യവുമായ ആക്രമണങ്ങൾ നടത്താനുമായിരുന്നു ഇവ.
ഇന്ത്യയുടെ സൈനിക മുന്നേറ്റങ്ങളും വാഹനവ്യൂഹങ്ങളും ലക്ഷ്യമിട്ടായിരുന്നു ഡ്രോണുകൾ പ്രധാനമായും ഉപയോഗിച്ചത്. കഴിഞ്ഞ ഏഴിനു രാത്രി ലേ മുതൽ സർ ക്രീക്ക് വരെയുള്ള ഇന്ത്യയിലെ 36 സ്ഥലങ്ങളിൽ വ്യോമാതിർത്തി ലംഘിച്ച് 300-400 ഡ്രോണുകൾ പാക്കിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ചു.
ഡ്രോണുകളുടെ അവശിഷ്ടങ്ങളിൽ ഫോറൻസിക് അന്വേഷണം നടന്നുവരികയാണെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അവ തുർക്കി അസിസ്ഗാർഡ് സോങ്കർ ഡ്രോണുകളാണെന്നും പത്രസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി പറഞ്ഞിരുന്നു.