പാക്കിസ്ഥാന്റെ കൂടെയെന്ന് എർദോഗൻ
Thursday, May 15, 2025 2:04 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനുമുള്ള പിന്തുണയിൽ ഉറച്ചുനിൽക്കുന്നതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. മുൻകാലങ്ങളിലേതുപോലെ ഭാവിയിലും പാക്കിസ്ഥാന്റെ നല്ലതും ചീത്തയുമായ സമയങ്ങളിൽ തുർക്കി കൂടെയുണ്ടാകുമെന്നും പാക് പ്രധാനമന്ത്രി ഷെരീഫ് വിലയേറിയ സഹോദരനാണെന്നും എർദോഗൻ വ്യക്തമാക്കി.
ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനു പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് തുർക്കിയെ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ശക്തിപ്രാപിക്കുന്നതിനിടെയാണു പാക്കിസ്ഥാനുള്ള എർദോഗന്റെ ആവർത്തിച്ചുള്ള പരസ്യപിന്തുണ. ""എന്റെ പ്രിയ സഹോദരാ, ലോകത്തിലെ വളരെ കുറച്ചു രാജ്യങ്ങൾ മാത്രം ആസ്വദിക്കുന്ന തുർക്കിയും പാക്കിസ്ഥാനും തമ്മിലുള്ള സാഹോദര്യം യഥാർഥ സൗഹൃദത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ്.
പാക്കിസ്ഥാന്റെ സമാധാനത്തിനും ശാന്തതയ്ക്കും സ്ഥിരതയ്ക്കും തുർക്കി വലിയ പ്രാധാന്യം നൽകുന്നു. തർക്കങ്ങൾ പരിഹരിക്കുന്നതിൽ സംഭാഷണത്തിനും വിട്ടുവീഴ്ചയ്ക്കും മുൻഗണന നൽകുന്ന പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ വിവേകപൂർണവും ക്ഷമാപരവുമായ നയത്തെ അഭിനന്ദിക്കുന്നു. ഏറ്റവും ഹൃദയംഗമമായ വാത്സല്യത്തോടെ സൗഹൃദപരവും സഹോദരപരവുമായ പാക്കിസ്ഥാനെ സ്വാഗതം ചെയ്യുന്നു''തുർക്കി പ്രസിഡന്റ് എഴുതി.
പാക്കിസ്ഥാന് ശക്തമായ പിന്തുണയും അചഞ്ചലമായ ഐക്യദാർഢ്യവും നൽകിയ തുർക്കിക്കു നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രി ഷെരീഫ് എക്സിൽ കുറിച്ചതിനു മറുപടിയായാണ് എർദോഗന്റെ പ്രഖ്യാപനം.""പ്രിയ സഹോദരൻ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ പാക്കിസ്ഥാനോടുള്ള പിന്തുണയും ഐക്യദാർഢ്യവും വളരെയധികം സ്പർശിച്ചു.
തുർക്കിയുമായുള്ള ദീർഘകാല സഹോദരബന്ധങ്ങളിൽ പാക്കിസ്ഥാൻ അഭിമാനിക്കുന്നു. ഓരോ പുതിയ വെല്ലുവിളികളിലും അതു കൂടുതൽ ശക്തമായി. ദക്ഷിണേഷ്യയിൽ സമാധാനം വളർത്തുന്നതിനുള്ള അദ്ദേഹത്തിന്റെ സൃഷ്ടിപരമായ പങ്കിനും ദൃഢനിശ്ചയ ശ്രമങ്ങൾക്കും പ്രത്യേകിച്ചു നന്ദിയുള്ളവനാണ്.
രണ്ടു രാജ്യങ്ങൾക്കും ജനങ്ങൾക്കും ശോഭനവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാൻ ഒരുമിച്ചു പ്രവർത്തിക്കുന്പോൾ പാക്കിസ്ഥാനും തുർക്കിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി വളരട്ടെ’’- പാക് പ്രധാനമന്ത്രി എക്സിലെ കുറിപ്പിൽ പറഞ്ഞു.