സിന്ധു നദീജല കരാർ; തീരുമാനത്തിൽ മാറ്റമില്ലെന്ന് ജലശക്തി മന്ത്രാലയം
Sunday, May 18, 2025 2:57 AM IST
ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദത്തിന് പാക്കിസ്ഥാൻ പിന്തുണ അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല കരാർ താത്കാലികമായി മരവിപ്പിച്ച ഇന്ത്യയുടെ നിലപാട് തുടരുമെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം.
കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥിന് സമർപ്പിച്ച പ്രതിമാസ റിപ്പോർട്ടിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കരാറുമായി ബന്ധപ്പെട്ട നിലപാട് ഇന്ത്യ പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ തയാറായിട്ടില്ല.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നയതന്ത്രപരമായി ഇന്ത്യ സ്വീകരിച്ച പ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു സിന്ധു നദീജല കരാർ മരവിപ്പിക്കുക എന്നത്. 1960ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഇരു രാജ്യത്തിനും ഇടയിലുള്ള സിന്ധുനദിയിലെയും അതിന്റെ പോഷക നദികളിലെയും ജല വിതരണവും ഉപയോഗവും സംബന്ധിച്ച ഉടന്പടി നിലവിൽ വന്നു.
അതിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷവും യുദ്ധവും ഉണ്ടായപ്പോഴും കരാർ മരവിപ്പിക്കുന്ന നിലപാടിലേക്ക് ഇന്ത്യ എത്തിയിരുന്നില്ല. എന്നാൽ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികളിൽ ഒന്നാണ് സിന്ധു നദീജല കരാർ മരവിപ്പിക്കൽ. "ഓപ്പറേഷൻ സിന്ദൂറി’നുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നായിരുന്നു.
കരാർ മരവിപ്പിച്ചതോടെ പരമാവധി ജലം ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾ ഇന്ത്യ ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ചെനാബ് നദിയിലെ രണ്ബീർ കനാലിന്റെ നീളം കൂട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാരിന്റെ പരിഗണനയിലുണ്ട്.
ഇതുവരെ ചെനാബ് നദിയിൽനിന്നുള്ള ജലം ഇന്ത്യ പരിമിതമായി മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. കൂടുതലും ജലസേചന പ്രവർത്തനങ്ങളായിരുന്നു. എന്നാൽ, കരാർ മരവിപ്പിച്ചതോടെ ചെനാബ് നദിയിൽനിന്നു വൈദ്യുതി ഉത്പാദനം അടക്കമുള്ള പദ്ധതികൾ വിപുലീകരിക്കാൻ ആലോചിക്കുന്നതായാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്.
പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം കരാർ മരവിപ്പിച്ചതു വലിയ തിരിച്ചടിയാണ്.