"ഇന്ത്യ’ മുന്നണിയുടെ ഭാവി അത്ര ശോഭനമല്ല: ചിദംബരം
Saturday, May 17, 2025 2:06 AM IST
ന്യൂഡൽഹി: വിശാല പ്രതിപക്ഷ സഖ്യമായ "ഇന്ത്യ’ മുന്നണിയുടെ ഭാവി അത്ര ശോഭനമല്ലെന്നും സഖ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടോയെന്നതിൽ ഉറപ്പില്ലെന്നും മുൻ കേന്ദ്രമന്ത്രിയും കോണ്ഗ്രസ് എംപിയുമായ പി. ചിദംബരം.
സഖ്യം ഇപ്പോഴും പൂർണമായി നിലനിൽക്കുന്നുണ്ടെങ്കിൽ താൻ സന്തോഷവാനാണെന്നും മുന്നണിയെ ശക്തിപ്പെടുത്താൻ ഇനിയും സമയം ബാക്കിയുണ്ടെന്നും ചിദംബരം കൂട്ടിച്ചേർത്തു. ഭരണകക്ഷിയായ ബിജെപി എല്ലാ തലത്തിലും സംഘടിതമായ പ്രബലമായ പാർട്ടിയാണെന്നും ചിദംബരം വിശേഷിപ്പിച്ചു.
ഡൽഹിയിൽ മുൻ വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദും പാർലമെന്ററി സ്റ്റാൻഡിംഗ് സമിതിയുടെ സീനിയർ പ്രൈവറ്റ് സെക്രട്ടറി മൃത്യുഞ്ജയ് സിംഗും ചേർന്നു രചിച്ച പുസ്തക പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയകക്ഷിയും ബിജെപിയുടേതു പോലെ സംഘടിതമായി പ്രബലമല്ലെന്ന് ചിദംബരം പറഞ്ഞു.
യന്ത്രത്തിനുള്ളിലെ യന്ത്രമായി ഇന്ത്യയിലെ എല്ലാ യന്ത്രവത്കരണത്തെയും നിയന്ത്രിക്കാൻ കഴിയുന്ന പാർട്ടിയാണ് ബിജെപി. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ മുതൽ പ്രാദേശിക പോലീസ് സ്റ്റേഷൻ വരെ അവർക്ക് നിയന്ത്രിക്കാനും ചിലപ്പോഴൊക്കെ പിടിച്ചെടുക്കാനും കഴിയുന്നു.
ജനാധിപത്യത്തിൽ അനുവദനീയമായ തലത്തിൽ വരെ ബിജെപിയുടെ പ്രബലമായ യന്ത്രവത്കരണം നടക്കുന്നുവെന്നും ചിദംബരം കൂട്ടിച്ചേർത്തു.
നമ്മളിപ്പോളും ഇലക്ടറൽ ജനാധിപത്യത്തിലാണെന്നും അതിന്റെ ഏറ്റവും വലിയ തെളിവാണ് 2024ലെ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ ഇടപെടാമെന്നും കൈകടത്താമെന്നും എന്നാലൊരിക്കലും നശിപ്പിക്കാൻ കഴിയില്ലെന്നും കഴിഞ്ഞ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചെന്ന് കോണ്ഗ്രസ് എംപി വ്യക്തമാക്കി.
ചിദംബരത്തിന്റെ പ്രസ്താവനകൾക്ക് പിന്നാലെ ഇന്ത്യ മുന്നണിക്ക് ഭാവിയില്ലെന്ന് അദ്ദേഹം സമ്മതിച്ചെന്നും ബിജെപിക്കെതിരേ ഗൂഢാലോചന നടത്താൻ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന പിക്നിക് സഖ്യമാണ് ഇന്ത്യ മുന്നണിയെന്നും ബിജെപി പ്രതികരിച്ചു.