സ്വാശ്രയ മെഡിക്കൽ കോളജുകളിലെ കോർപസ് ഫണ്ട് തിരികെ നൽകണം സംസ്ഥാനത്തോട് സുപ്രീംകോടതി
Saturday, May 17, 2025 2:06 AM IST
സനു സിറിയക്
ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎൽ) വിദ്യാർഥികളുടെ പഠന ഗുണനിലവാരത്തിനായി സ്വരൂപിച്ച "കോർപസ് ഫണ്ട്’ മൂന്നു മാസത്തിനുള്ളിൽ അതത് കോളജുകൾക്ക് തിരികെ നല്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
അഡ്മിഷൻ ആൻഡ് ഫീസ് റെഗുലേറ്ററി കമ്മിറ്റി നിർദേശിച്ചത് പ്രകാരം കോർപസ് ഫണ്ട് രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെങ്കിൽ അനുയോജ്യമായ നിയമനിർമാണം നടത്തി മാത്രമേ അതിന് സാധിക്കൂവെന്ന് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ഇത്തരത്തിൽ സ്വാശ്രയ കോളജുകൾക്ക് തിരികെ ലഭിക്കുന്ന തുക ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസ ഗുണനിലവാരത്തിനു വേണ്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കോർപസ് ഫണ്ട് തുകയുടെ ട്രസ്റ്റികളായി മാത്രമേ കോളജുകളെ നിയമിച്ചിട്ടുള്ളു എന്നും കോടതി വ്യക്തമാക്കി.
അതിനാൽ കോളജുകളുടെ താത്പര്യ പ്രകാരം ഫണ്ട് ഉപയോഗിക്കാൻ സാധിക്കില്ല. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനു സബ്സിഡി നൽകുന്നതിനായി ഒരു "കോർപസ് ഫണ്ട്' സൃഷ്ടിക്കണമെന്ന് സംസ്ഥാനത്തെ അഡ്മിഷൻ ആൻഡ് ഫീസ് റെഗുലേറ്ററി കമ്മിറ്റി നിർദേശം നൽകിയിരുന്നു.
എൻആർഐ ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽനിന്ന് സ്ഥാപനം ഈ ഫണ്ട് സ്വാരൂപിക്കാനായിരുന്നു നിർദേശം. എന്നാൽ, കോർപസ് ഫണ്ടിലെ ഈ തുക അതത് സ്ഥാപങ്ങളിലേക്കു മാറ്റാനും ബിപിഎൽ വിഭാഗത്തിൽ പെട്ട വിദ്യാർഥികളുടെ പഠനത്തിന്റെ ഉന്നമനത്തിന് ഉപയോഗിക്കാനും കേരള ഹൈക്കോടതി 2020ൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സംസ്ഥാന സർക്കാരും സ്വാശ്രയ കോളജുകളും എൻആർഐ വിദ്യാർഥികളും സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചത്.
അതേസമയം സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പഠിക്കുന്നതോ ഭാവിയിൽ പഠിക്കാനിരിക്കുന്നതോ ആയ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിദ്യാർഥികളിൽ നിന്നു സബ്സിഡിക്ക് പുറമെ അധിക തുക ഫീസായി ഈടാക്കാൻ പാടില്ലെന്നും ഇന്നലത്തെ വിധിയിൽ കോടതിയിൽ ഊന്നിപ്പറഞ്ഞു.
ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥിക്ക് ഫീസ് നിർണയ കമ്മിറ്റി നിശ്ചയിച്ച സബ്സിഡി തുകയ്ക്ക് പുറമെ ഫീസായി അടച്ചിട്ടുള്ള തുക തിരികെ ലഭിക്കാനുള്ള അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഫീസായി അധിക തുക ഈടാക്കിയിട്ടുണ്ടെങ്കിൽ അത് വരുംവർഷത്തെ ഫീസിൽനിന്നു മാറ്റി വയ്ക്കാമെന്നും തിരികെ നല്കുകയാണെങ്കിൽ മൂന്നു മാസത്തിനുള്ളിൽ നൽകണമെന്നും കോടതി പറഞ്ഞു.
കോളജുകൾക്ക് തിരികെ ലഭിച്ച കോർപസ് ഫണ്ടിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ പരിശോധിക്കാൻ സംസ്ഥാന സർക്കാരിനോ ഫീസ് നിർണയ അഥോറിറ്റിക്കോ അവകാശമുണ്ടെന്നും കോടതിവിധിയിൽ പറഞ്ഞു.
എന്നാൽ എൻആർഐ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കോർപസ് ഫണ്ട് തിരികെ ആവശ്യപ്പെടാനുള്ള അവകാശമില്ലെന്നും ഫീസ് റെഗുലേറ്ററി കമ്മിറ്റി അംഗീകരിച്ചതു പ്രകാരം ഫീസ് അടച്ചിട്ടില്ലെങ്കിൽ മൂന്നു മാസത്തിനുള്ളിൽ അത് അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.