ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ
Saturday, May 17, 2025 2:06 AM IST
വത്തിക്കാന്‍ സിറ്റി: അമേരിക്കയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ എന്ന ഖ്യാതിയോടെ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ നടക്കും.
പ്രാദേശികസമയം രാവിലെ പത്തിനാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) തിരുക്കർമങ്ങൾ ആരംഭിക്കുക. വിശുദ്ധ പത്രോസിന്റെ കബറിടത്തിൽ പ്രത്യേക പ്രാർഥനകൾക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കർദിനാൾമാരുടെ അകന്പടിയോടെ പ്രദക്ഷിണമായി മാർപാപ്പ എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്നു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ പോപ് മൊബീലിൽ യാത്ര ചെയ്തു മാർപാപ്പ വിശ്വാസികളെ ആശീർവദിക്കും.
സ്ഥാനാരോഹണച്ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. അതിനാൽതന്നെ വത്തിക്കാനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുക്കും. അടിയുറച്ച കത്തോലിക്കാവിശ്വാസികളായ ഇരുവർക്കു മൊപ്പം നിരവധി യുഎസ് കോൺഗ്രസ് അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. ഗൾഫിൽ സന്ദർശനം നടത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാളെ വത്തിക്കാനിൽ എത്തിയേക്കുമെന്നും സൂചനകളുണ്ട്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്റു, യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി, പെറു പ്രസിഡന്റ് ദിന എർസിലിയ ബൊലാർതെ സെഗാര, ബ്രിട്ടനിലെ എഡ്വേർഡ് രാജകുമാരൻ, നൈജീരിയൻ പ്രസിഡന്റ് ബൊല അഹമ്മദ് ടിനുബു, ഡെന്മാർക്കിൽനിന്ന് മാക്സിമ രാജ്ഞി, പ്രധാനമന്ത്രി ഡിക് ഷൂഫ്, ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയെൻ, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തറെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയ പ്രമുഖ നേതാക്കൾ എത്തുമെന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിനു വിശ്വാസികളും നാളെ വത്തിക്കാനിലെത്തും.
അതിനിടെ, ഇന്നലെ വത്തിക്കാനിലുള്ള വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി ലെയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തി. നയതന്ത്രമേഖലയിൽ കൂട്ടായ്മ വളർത്തുന്നതിനുള്ള പരിശ്രമങ്ങളെ മാർപാപ്പ അഭിനന്ദിക്കുകയും അവർ ചെയ്യുന്ന സേവനങ്ങൾക്ക് നന്ദിയർപ്പിക്കുകയും ചെയ്തു.
ജൂബിലിവർഷത്തിൽ ആരംഭിക്കുന്ന തന്റെ ശുശ്രൂഷ, പ്രത്യാശയ്ക്കായി പ്രത്യേകം സമർപ്പിച്ചിരിക്കുന്നുവെന്നു പറഞ്ഞ മാർപാപ്പ, സത്യം, നീതി, സമാധാനം എന്നിവയിൽ അടിസ്ഥാനമാക്കി മാനവികത സാക്ഷാത്കരിക്കാൻ കഴിയുന്ന ഒരു ലോകം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്വവും എടുത്തുപറഞ്ഞു.
വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവയ്ക്കിടയിൽ കെട്ടിപ്പടുത്ത തന്റെ ജീവിതാനുഭവങ്ങൾ വ്യത്യസ്ത ആളുകളെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളാൻ തന്നെ സഹായിച്ചുവെന്നു പറഞ്ഞ മാർ പാപ്പ വത്തിക്കാൻ കാര്യാലയത്തിന്റെ പ്രവർത്തനങ്ങളിലൂടെ ഓരോ രാജ്യവുമായും സംഭാഷണം ഊട്ടിയുറപ്പിക്കുവാൻ തനിക്കുള്ള അതിയായ ആഗ്രഹം ചൂണ്ടിക്കാട്ടി.
മനുഷ്യനെയും ലോകത്തെയും കുറിച്ചുള്ള സത്യം സംസാരിക്കുന്നതിൽനിന്ന് സഭയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും, കുടിയേറ്റം, നിർമിതബുദ്ധിയുടെ ധാർമിക ഉപയോഗം, ഭൂമിയുടെ സംരക്ഷണം തുടങ്ങിയ നമ്മുടെ കാലത്തെ വെല്ലുവിളികളെ കൂടുതൽ ഊർജസ്വലതയോടെ നേരിടാൻ സത്യസന്ധമായ ജീവിതം ആവശ്യമാണെന്നും മാർപാപ്പ വ്യക്തമാക്കി.