സുപ്രീംകോടതിക്കു മുന്നിൽ ചോദ്യങ്ങളുമായി രാഷ്ട്രപതി
Friday, May 16, 2025 2:47 AM IST
സനു സിറിയക്
ന്യൂഡൽഹി: സുപ്രീംകോടതിക്കു മുന്നിൽ ചോദ്യങ്ങളുമായി രാഷ്ട്രപതി. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് രാഷ്ട്രപതി കോടതിക്കു മുന്നിൽ ഉന്നയിച്ചത്.
ബില്ലുകളിൽ തീരുമാനമെടുക്കാൻ ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കോടതിക്ക് എങ്ങനെ അത്തരമൊരു വിധി പുറപ്പെടുവിക്കാൻ സാധിക്കുമെന്നതടക്കമുള്ള 14 വിഷയങ്ങളിൽ അഭിപ്രായം തേടിയാണു രാഷ്ട്രപതി കോടതിയെ സമീപിച്ചത്.
രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്താണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചനാധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 143(1) പ്രകാരം നിയമപരവും പൊതുപ്രാധാന്യമുള്ളതുമായ വിഷയങ്ങളിൽ രാഷ്ട്രപതിക്ക് സുപ്രീംകോടതിയിൽനിന്ന് അഭിപ്രായം തേടാൻ സാധിക്കും. ഇത്തരത്തിൽ സുപ്രീംകോടതിയോട് രാഷ്ട്രപതി അഭിപ്രായം തേടുന്നത് പ്രസിഡന്റ്സ് റഫറൻസ് എന്നാണ് അറിയപ്പെടുന്നത്. ഏതെങ്കിലുമൊരു വിഷയത്തിൽ രാഷ്ട്രപതി ചോദ്യങ്ങൾ ഉന്നയിച്ചാൽ അതു സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള അധികാരം കോടതിക്കുണ്ട്.
സ്വീകരിച്ചാൽ ഒരു വിശാല ബെഞ്ച് ചോദ്യങ്ങൾ പരിശോധിച്ച് അതിന് ഉത്തരം നൽകും. അല്ലാത്തപക്ഷം ഉത്തരം നൽകാതെ നിരസിക്കാം. എന്നാൽ 1950 മുതൽ ഒരു തവണ ഒഴികെ രാഷ്ട്രപതി അഭിപ്രായം തേടിയ എല്ലാ വിഷയങ്ങളിലും സുപ്രീംകോടതി മറുപടി നൽകിയിട്ടുണ്ട്.
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച ജസ്റ്റീസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിനെതിരേ പുനഃപരിശോധനാ ഹർജി നൽകാൻ കേന്ദ്രസർക്കാരിന് അവസരം നിലനിൽക്കുന്പോഴാണ് പ്രസിഡന്റ്സ് റഫറൻസുമായി രാഷ്ട്രപതി കോടതിക്കു മുന്നിലെത്തുന്നത്.
1991ൽ കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇത്തരത്തിൽ പ്രസിഡന്റ്സ് റഫറൻസ് വന്നപ്പോൾ ഭരണഘടനയിലെ ഈ സാധ്യത പുനഃപരിശോധനയ്ക്കുള്ള ഒരു സംവിധാനമല്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ ആദ്യ 11 ചോദ്യങ്ങൾ ബില്ലിൽ തീരുമാനമെടുക്കുന്നതിനു സമയപരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. അവസാനത്തെ മൂന്ന് ചോദ്യങ്ങൾ സുപ്രീംകോടതിയുടെ ചില അധികാരപരിധിയുമായി ബന്ധപ്പെട്ട് അഭിപ്രായം തേടിയുള്ളതാണ്.
രാഷ്ട്രപതി അഭിപ്രായം തേടിയ 14 ചോദ്യങ്ങൾ
* ആർട്ടിക്കിൾ 200 പ്രകാരം നിയമസഭ പാസാക്കിയ ബിൽ ഗവർണർക്കു മുന്നിലെത്തിയത് സ്വീകരിക്കാവുന്ന സാധ്യതകൾ?
* ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ മന്ത്രിസഭയുടെ സഹായവും ഉപദേശമനുസരിച്ചു പ്രവർത്തിക്കാൻ ഗവർണർമാർ ബാധ്യസ്ഥരാണോ?
* ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്കു ഭരണഘടനാപരമായ വിവേചനാധികാരം ഉപയോഗിക്കാൻ കഴിയില്ലേ?
* ബില്ലുകളിൽ ഗവർണർമാർ എടുക്കുന്ന തീരുമാനങ്ങൾക്ക് 361-ാം അനുച്ഛേദ പ്രകാരമുള്ള പരിരക്ഷ ബാധകമല്ലേ?
* ബില്ലുകളിൽ തീരുമാനമെടുക്കാൻ ഭരണഘടന സമയപരിധി നിശ്ചയിക്കാത്ത സാഹചര്യത്തിൽ സമയപരിധി നിശ്ചയിച്ചുള്ള ഉത്തരവ് കോടതിക്കു നൽകാൻ സാധിക്കുമോ?
* ഭരണഘടനയുടെ 201-ാം അനുച്ഛേദ പ്രകാരം രാഷ്ട്രപതിക്ക് ഭരണഘടനാപരമായ വിവേചനാധികാരമില്ലേ?
* ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് സാധിക്കുമോ.
* ഗവർണർ അയയ്ക്കുന്ന ബില്ലിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരം രാഷ്ട്രപതിക്ക് സുപ്രീംകോടതിയിൽനിന്ന് അഭിപ്രായം തേടേണ്ടതുണ്ടോ?
* ബില്ലുകൾ നിയമമാകുന്നതിനുമുന്പ് ഉള്ളടക്കം ജുഡീഷൽ പരിശോധനയ്ക്കു വിധേയമാക്കാൻ കോടതികൾക്കു സാധിക്കുമോ?
* രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഭരണഘടനാപരമായ അധികാരങ്ങളും ഉത്തരവുകളും മറികടക്കാൻ കോടതിക്കു സാധിക്കുമോ?
* നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണറുടെ അംഗീകാരമില്ലാതെ നിയമമാക്കാൻ സാധിക്കുമോ?
* ഭരണഘടനാ വ്യാഖ്യാനമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് ഭരണഘടനാബെഞ്ച് അല്ലേ?
* ഭരണഘടനയുടെ 32-ാം അനുച്ഛേദം ഉപയോഗിച്ചു കേന്ദ്രസർക്കാരിനെതിരേ സംസ്ഥാനങ്ങൾ നൽകുന്ന റിട്ട് ഹർജി നിലനിൽക്കുമോ?
* ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെതിരേ സ്യൂട്ട് ഹർജി അല്ലേ നൽകേണ്ടത്?