സിന്ധു നദീജല കരാർ ; മരവിപ്പിക്കൽ തുടരും: ജയശങ്കർ
Friday, May 16, 2025 2:00 AM IST
ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാൻ വിശ്വസനീയമായി എന്നെന്നേക്കും അവസാനിപ്പിക്കുന്നതുവരെ സിന്ധുനദീജല കരാർ മരവിപ്പിക്കൽ തുടരുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ മരവിപ്പിച്ച 1960ലെ നദീജല കരാറിൽ ചർച്ചകൾക്കു തയാറാണെന്നും ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും പാക്കിസ്ഥാൻ അഭ്യർഥിച്ചതിനു പിന്നാലെയാണ് തീവ്രവാദം അവസാനിപ്പിക്കാതെ മരവിപ്പിക്കൽ നടപടിയിൽനിന്നു പിന്നോട്ടില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്.
സിന്ധു നദീജലത്തിന് പാക്കിസ്ഥാനിലുള്ള പ്രാധാന്യം വ്യക്തമാക്കി ഇന്ത്യയുടെ കരാർ മരവിപ്പിക്കൽ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു പാക്കിസ്ഥാൻ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയീദ് അലി മുർത്താസ ഇന്ത്യക്ക് കത്തയച്ചിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ജയ്ശങ്കർ നിലപാട് വ്യക്തമാക്കിയത്.
സിന്ധു നദീജല കരാറിൽ ഇന്ത്യ നേരത്തെ ഉന്നയിച്ചിട്ടുള്ള ആശങ്കകളിൽ ചർച്ച നടത്താനുള്ള സന്നദ്ധത പാക്കിസ്ഥാന്റെ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാനുമായുള്ള ഏതൊരു ചർച്ചയും തീവ്രവാദത്തെ സംബന്ധിച്ചു മാത്രമായിരിക്കുമെന്ന് ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവെ ജയ്ശങ്കർ വ്യക്തമാക്കി.
കൈമാറേണ്ട തീവ്രവാദികളുടെ പട്ടിക പാക്കിസ്ഥാന്റെ കൈവശമുണ്ടെന്നും തീവ്രവാദി കേന്ദ്രങ്ങൾ അവർ പൂർണമായും അടച്ചുപൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം കർശനമായി ഉഭയകക്ഷിപരമായിരിക്കും. ഈ വിഷയത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ഒരു ദേശീയ സമവായമുണ്ടെന്നും അതിൽനിന്നു മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാഷ്മീർ വിഷയത്തിൽ ഒരേയൊരു കാര്യമേ ചർച്ച ചെയ്യാനുള്ളൂ. അത് ഇന്ത്യൻ പ്രദേശത്തു നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പാക് അധിനിവേശ കാഷ്മീർ ഒഴിപ്പിക്കുക എന്നതാണെന്നും ജയ്ശങ്കർ പറഞ്ഞു.
യുഎസുമായുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. തീരുവയില്ലാതെയുള്ള വ്യാപാരക്കരാർ ഇന്ത്യ അമേരിക്കയ്ക്കു വാഗ്ദാനം ചെയ്തുവെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിനോടായിരുന്നു ജയ്ശങ്കറിന്റെ പ്രതികരണം.