ഗുജറാത്ത്, ബംഗളൂരു ടീമുകള്‍ക്ക് ഒരു ജയമകലെ പ്ലേ ഓഫ് ടിക്കറ്റ്
Thursday, May 15, 2025 10:58 PM IST
ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് ഏപ്രില്‍ എട്ടിന് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് താത്കാലിമായി നിര്‍ത്തിവച്ചിരുന്നു.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള പോരാട്ടത്തോടെ ടൂര്‍ണമെന്റ് നാളെ പുനരാരംഭിക്കും. അതോടെ തുടക്കം കുറിക്കുന്നത് പ്ലേ ഓഫ് ടിക്കറ്റിനായുള്ള തീപ്പൊരി പോരാട്ടങ്ങളാണ്. ശരിക്കുള്ള പ്ലേ, ഓണ്‍ ആകുമെന്നു ചുരുക്കം.
ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ മാത്രമാണ് പ്ലേ ഓഫ് കാണാതെ ഇതിനോടകം പുറത്തായത്. ശേഷിക്കുന്ന ഏഴു ടീമുകള്‍ ലീഗ് ടേബിളില്‍ ആദ്യ നാലു സ്ഥാനത്തെത്തി പ്ലേ ഓഫ് ടിക്കറ്റ് സ്വന്തമാക്കാന്‍ രംഗത്തുണ്ട്.
ഐപിഎല്‍ നീണ്ടുപോയതോടെ, നിര്‍ണായ വിദേശ താരങ്ങളില്‍ പലരും രാജ്യാന്തര മത്സരങ്ങള്‍ക്കായി പോകുന്നത് ടീമുകളുടെ ശക്തി ക്ഷയിപ്പിച്ചിട്ടുണ്ടെന്നതും വാസ്തവം. ടീമുകളുടെ പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ:
ഗുജറാത്ത് ടൈറ്റന്‍സ്
(മത്സരം: 11/പോയിന്റ്: 16/റണ്‍റേറ്റ്: 0.793/ബാക്കിയുള്ള മത്സരങ്ങള്‍: ഡല്‍ഹി, ലക്നോ,
ചെന്നൈ)
മൂന്നു മത്സരങ്ങള്‍ ബാക്കിയിരിക്കേ 16 പോയിന്റുമായി ലീഗ് ടേബിളില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്. ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ഒരു ജയം നേടിയാല്‍ ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാം. ഇതില്‍ രണ്ടു മത്സരം ഹോം ഗ്രൗണ്ടിലാണ്. അതേസമയം, മൂന്നും പരാജയപ്പെട്ടാല്‍ പുറത്താകും. ആദ്യ രണ്ടു സ്ഥാനത്തിനുള്ളില്‍ ഫിനിഷ് ചെയ്യാനുള്ള സാധ്യതയുണ്ട്.
പ്രശ്നം: സീസണില്‍ 500 റണ്‍സ് നേടിയ ഇംഗ്ലീഷ് ബാറ്റര്‍ ജോസ് ബട്ലര് ദേശീയ ക്യാമ്പിലേക്കു മടങ്ങി. വെസ്റ്റ് ഇന്‍ഡീസ് താരം ഷെര്‍ഫാന്‍ റൂഥര്‍ഫോഡ്, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസൊ റബാഡ എന്നിവരും കൊഴിഞ്ഞുപോകും.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു
(മത്സരം: 11/പോയിന്റ്: 16/റണ്‍റേറ്റ്: 0.482/ബാക്കിയുള്ള മത്സരങ്ങള്‍: കോല്‍ക്കത്ത, ഹൈദരാബാദ്, ലക്നോ)
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനും ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ഒരെണ്ണം ജയിച്ചാല്‍ പ്ലേ ഓഫില്‍ പ്രവേശിക്കാം. മൂന്നു ജയം നേടിയാല്‍ ആദ്യ രണ്ടു സ്ഥാനത്ത് ഫിനിഷ് ചെയ്യാം. പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലായിരുന്ന ഓസീസ് പേസര്‍ ജോഷ് ഹെയ്സല്‍വുഡ് ടീമിനൊപ്പം ചേരും.
പ്രശ്നം: ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ അടക്കം പരിക്കിന്റെ നിഴലില്‍. പരിക്കേറ്റ് ദേവ്ദത്ത് പടിക്കല്‍ പുറത്ത്. ഇതിനു പിന്നാലെ രാജ്യാന്തര ഡ്യൂട്ടിക്കുപോകുന്ന ഫില്‍ സാള്‍ട്ട്, ജേക്കബ് ബെഥേല്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ലുന്‍ഗി എന്‍ഗിഡി, ലിയാം ലിവിംഗ്സ്റ്റണ്, ജോഷ് ഹെയ്സല്‍വുഡ് തുടങ്ങിയവര്‍ ഇടയ്ക്കുവച്ചു കൊഴിഞ്ഞുപോകും. പ്ലേ ഓഫ് ഘട്ടത്തില്‍ ഇവരാരും ഉണ്ടായേക്കില്ല.
പഞ്ചാബ് കിംഗ്സ്
(മത്സരം: 11/പോയിന്റ്: 15/റണ്‍റേറ്റ്: 0.376/ബാക്കിയുള്ള മത്സരങ്ങള്‍: രാജസ്ഥാന്, ഡല്‍ഹി, മുംബൈ)
ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ചുരുങ്ങിയത് രണ്ടു ജയം നേടിയാല്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സിനു മറ്റുള്ളവരെ ആശ്രയിക്കാതെ പ്ലേ ഓഫില്‍ കടക്കാം. അതേസമയം, ഡല്‍ഹി x മുംബൈ മത്സരഫലം അനുസരിച്ചും പഞ്ചാബിനു പ്ലേ ഓഫ് ടിക്കറ്റിനുള്ള സാഹചര്യമുണ്ട്. മൂന്നും തോറ്റാല്‍ മറ്റു ടീമുകളുടെ മത്സരഫലം അനുസരിച്ചും പഞ്ചാബിന് പ്ലേ ഓഫ് കാണാം.
പ്രശ്നം: ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയ്പുരില്‍ ആണ്. മാര്‍ക്കോ യാന്സണ്, ജോഷ് ഇംഗ്ലിസ് എന്നിവര്‍ രാജ്യാന്തര ഡ്യൂട്ടിക്കായി സ്വദേശങ്ങളിലേക്കു മടങ്ങും.
മുംബൈ ഇന്ത്യന്‍സ്
(മത്സരം: 12/പോയിന്റ്: 14/റണ്‍റേറ്റ്: 1.156/ബാക്കിയുള്ള മത്സരങ്ങള്‍: ഡല്‍ഹി, പഞ്ചാബ്)
ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനു ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ജയം നേടിയാല്‍ പ്ലേ ഓഫില്‍ എത്താം. ഒരെണ്ണം തോറ്റാല്‍ മറ്റു ടീമുകളുടെ മത്സരഫലം അനുസരിച്ചായിരിക്കും മുംബൈയുടെ മുന്നോട്ടുള്ള യാത്ര.
പ്രശ്നം: പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന റയാന് റിക്കല്ടണ്, വില്‍ ജാക്സ് എന്നിവര്‍ രാജ്യാന്തര ഡ്യൂട്ടിക്കായി സ്വദേശത്തേക്കു മടങ്ങും.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്
(മത്സരം: 11/പോയിന്റ്: 13/റണ്‍റേറ്റ്: 0.362/ബാക്കിയുള്ള മത്സരങ്ങള്‍: ഗുജറാത്ത്, മുംബൈ, പഞ്ചാബ്)
ശേഷിക്കുന്ന മൂന്നു മത്സരങ്ങളിലും ജയിച്ചാല്‍ മറ്റു ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കാതെ ഡല്‍ഹി ക്യാപ്പിറ്റന്‍സിനു പ്ലേ ഓഫ് സ്വന്തമാക്കാം. ആദ്യ നാലു സ്ഥാനത്തുള്ള ടീമുകളെയാണ് അക്സര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റന്സിന് ഇനി നേരിടാനുള്ളത്.
പ്രശ്നം: ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് തിരിച്ചെത്തില്ലെന്ന് അറിയിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവരും രാജ്യാന്തര ഡ്യൂട്ടിക്കായി ഡല്‍ഹി ക്യാമ്പ് വിട്ടുപോകും.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
(മത്സരം: 12/പോയിന്റ്: 11/റണ്‍റേറ്റ്: 0.193/ബാക്കിയുള്ള മത്സരങ്ങള്‍: ബംഗളൂരു, ഹൈദരാബാദ്)
അജിങ്ക്യ രഹാനെയുടെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഏകദേശം പുറത്താണ്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ ജയിച്ചാലും കെകെആറിന് 15 പോയിന്റില്‍ ഫിനിഷ് ചെയ്യാനേ സാധിക്കൂ. നിലവില്‍ മൂന്നു ടീമുകള്‍ക്ക് 15+ പോയിന്റുണ്ട്. എന്നാല്‍, രണ്ടും ജയം സ്വന്തമാക്കി മറ്റു ടീമുകളുടെ മത്സരഫലം അനുകൂലമായാല്‍ കെകെആറിനും പ്ലേ ഓഫ് കളിക്കാം.
രാജ്യാന്തര ഡ്യൂട്ടിക്കു പോകുന്ന കളിക്കാര്‍ കെകെആറിനില്ല എന്നത് ആശ്വാസം.
ലക്നോ സൂപ്പര്‍ ജയന്റ്സ്
(മത്സരം: 11/പോയിന്റ്: 10/റണ്‍റേറ്റ്: -0.469/ബാക്കിയുള്ള മത്സരങ്ങള്‍: ഹൈദരാബാദ്, ഗുജറാത്ത്, ബംഗളൂരു)
അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും പരാജയപ്പെട്ടാണ് ഋഷഭ് പന്ത് നയിക്കുന്ന ലക്നോ സൂപ്പര്‍ ജയന്റ്സ് പ്ലേ ഓഫ് പോരാട്ട രംഗത്തുള്ളത്. ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിച്ച്, മറ്റു ടീമുകളുടെ മത്സരഫലം അനുകൂലമാകണേ എന്ന പ്രാര്‍ഥനയിലാണ് ലക്നോ.
പ്രശ്നം: നെറ്റ് റണ്‍റേറ്റ് മൈനസില്‍. രാജ്യാന്തര ഡ്യൂട്ടിക്കു പോകുന്ന ഓപ്പണര്‍ എയ്ഡന്‍ മാക്രത്തിന്റെ സേവനം നഷ്ടപ്പെടും.