ഇന്ത്യയിൽ ഐഫോണ്‍ പ്ലാന്റുകൾ നിർമിക്കേണ്ടെന്ന് ട്രംപ്
Thursday, May 15, 2025 10:29 PM IST
ദോഹ: യുഎസിലേക്കുള്ള ഐഫോണുകളുടെ വിതരണത്തിനായി ഇന്ത്യയിൽ പ്ലാന്റുകൾ നിർമിക്കുന്നത് നിർത്താൻ ആപ്പിൾ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗൾഫ് സന്ദർശനവേളയിൽ ഖത്തറിലെത്തിയ ട്രംപ് ദോഹയിൽവച്ചാണ് ടിം കുക്കുമായി സംസാരിച്ചത്. യുഎസ് വിപണിയിലേക്കുള്ള എല്ലാ ഐഫോണുകളും ഇന്ത്യയിൽ നിർമിക്കാനുള്ള പദ്ധതികളെ ട്രംപ് വിമർശിച്ചു.
ആപ്പിൾ ചീഫ് എക്സിക്യൂട്ടിവ് ടിം കുക്കുമായി കഴിഞ്ഞ ദിവസം സംസാരിച്ചു. അദ്ദേഹം ഇന്ത്യയിലുടനീളം നിർമാണ പ്രവർത്തനങ്ങൾ നടത്തുകയാണ്. നിങ്ങൾ ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞതായും യുഎസ് പ്രസിഡന്റ് പറഞ്ഞു. ആപ്പിൾ യുഎസിൽ അവരുടെ ഉത്പാദനം വർധിപ്പിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ പരാമർശത്തിനു പിന്നാലെ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ ആപ്പിൾ എക്സിക്യൂട്ടിവുകളുമായി സംസാരിച്ചു. ഇന്ത്യയിലെ നിക്ഷേപ പദ്ധതികൾ ഉറപ്പാണെന്നും ഐഫോണിന്റെ നിർമാണത്തിൽ രാജ്യം ഒരു പ്രധാന അടിത്തറയാകുമെന്നും കന്പനി അവർക്ക് ഉറപ്പുനൽകി.
2026 അവസാനത്തോടെ യുഎസിലേക്കുള്ള ഐഫോണുകളുടെ ഉത്പാദനം ഭൂരിഭാഗവും ഇന്ത്യയിൽനിന്ന് എന്ന ആപ്പിളിന്റെ പദ്ധതിക്കിടെയാണ് ട്രംപിന്റെ പരാമർശം.
യുഎസിൽ വിൽക്കുന്ന ഐഫോണുകളുടെ ഭൂരിഭാഗവും ഇന്ത്യയിൽനിന്നായിരിക്കുമെന്നും ഈ മാസം ആദ്യം ആപ്പിൾ സിഇഒ പറഞ്ഞിരുന്നു. താരിഫുകളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും കാരണം ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
നിലവിൽ ആപ്പിളിന്റെ ഭൂരിഭാഗം ഐഫോണുകളും ചൈനയിലാണ് നിർമിക്കുന്നത്. യുഎസിൽ സ്മാർട്ട്ഫോണ്‍ നിർമാണം നടത്തുന്നില്ല. ആപ്പിൾ യുഎസിൽ പ്രതിവർഷം 60 മില്യണിലധികം ഐഫോണുകൾ വിൽക്കുന്നുണ്ട്. നിലവിൽ ഏകദേശം 80% ചൈനയിലാണ് നിർമിക്കുന്നത്.
മുന്‍പ് കോവിഡ് -19നെ തുടർന്ന് ചൈനയിൽ ലോക്ക്ഡൗണുകൾ കർശനമാക്കിയത് ഏറ്റവും വലിയ പ്ലാന്റിലെ ഉത്പാദനത്തെ ബാധിച്ചു. ഇതേത്തുടർന്നാണ് ആപ്പിളും അതിന്റെ വിതരണക്കാരും ചൈനയ്ക്ക് പുറത്തൊരു നിർമാണശൃംഖല ആരംഭിച്ചത്. ട്രംപ് ഏർപ്പെടുത്തിയ തീരുവകളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആ ശ്രമം ഉൗർജിതമാക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചു.
ഫോക്സ്കോണും ടാറ്റ ഇലക്ട്രോണിക്സുമാണ് ഇന്ത്യയിലെ ഐഫോണ്‍ വിതരണക്കാർ. ഫോക്സ്കോണിന്റെ പ്ലാന്റിലാണ് ഇന്ത്യയിൽ കൂടുതൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നത്്. നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാൻ ഇരു കന്പനികളും പുതിയ പ്ലാന്റുകൾ നിർമാക്കുകയാണ്.
ആപ്പിൾ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി ഇതിനകം വർധിപ്പിച്ചു. മാർച്ച് വരെയുള്ള 12 മാസത്തിനുള്ളിൽ ആപ്പിൾ ഇന്ത്യയിൽ 22 ബില്യണ്‍ ഡോളർ മൂല്യമുള്ള ഐഫോണുകൾ അസംബിൾ ചെയ്തു
. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 60% ഉത്പാദനം വർധിപ്പിച്ചു. മാർച്ച് മാസം മാത്രം രണ്ടു ബില്യണ്‍ ഡോളറിലധികം വരുന്ന ഐഫോണുകൾ കയറ്റിവിട്ടു. ഇതിൽ 1.3 ബില്യണ്‍ ഡോളർ ഫോക്സ്കോണിന്റെ അക്കൗണ്ടിലേക്കാണ്.
യുഎസ് ഉത്പന്നങ്ങൾക്കു തീരുവ ചുമത്തില്ലെന്ന് ഇന്ത്യ സമ്മതിച്ചതായി ട്രംപ്
ദോഹ: യുഎസ് ഉത്പന്നങ്ങൾക്കു മേൽ ചുമത്തിയിരുന്ന എല്ലാ തീരുവകളും ഉപേക്ഷിക്കാൻ ഇന്ത്യ തയാറായിക്കഴിഞ്ഞെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദോഹയിൽ നടന്ന വ്യാപാരസമ്മേളനത്തിൽവച്ചായിരുന്നു പരാമർശം.
ലോകത്തിൽ ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കുക്കിനോട് ഞാൻ പറഞ്ഞു. യുഎസ് താങ്കളെ വളരെ കാര്യമായി പരിഗണിക്കുന്നുണ്ട്.
ചൈനയിൽ പ്ലാന്റുകൾ നിർമിച്ച താങ്കളുടെ നടപടി വർഷങ്ങളായി നാമെല്ലാം സഹിച്ചുപോരുന്നു. പക്ഷേ ഇന്ത്യയിൽ അത് ചെയ്യുന്നതിനോട് തീരെ യോജിക്കുന്നില്ല. ഇന്ത്യ സ്വന്തം കാര്യം നോക്കട്ട’’, ട്രംപ് സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, താരിഫിനെ സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.