പാക് അണ്വായുധശേഖരം അന്താരാഷ്ട്ര ഏജൻസി നിരീക്ഷിക്കണം: രാജ്നാഥ് സിംഗ്
Friday, May 16, 2025 2:00 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പാക്കിസ്ഥാന്റെ അണ്വായുധശേഖരം അന്താരാഷ്ട്ര ആണവോർജ ഏജൻസി നിരീക്ഷിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഉത്തരവാദിത്വമില്ലാത്ത തെമ്മാടിരാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോയെന്നു ലോകത്തോട് അദ്ദേഹം ചോദിച്ചു.
പാക്കിസ്ഥാന്റെ ആണവ ബ്ലാക്ക്മെയിലിംഗ് ഇനി വച്ചുപൊറുപ്പിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു രാജ്നാഥിന്റെ പരാമർശം. ജമ്മുകാഷ്മീരിലെ ശ്രീനഗറിൽ ബദാമി ബാഗ് സൈനിക കേന്ദ്രത്തിൽ ഇന്നലെ നടന്ന സമ്മേളനത്തിലാണു പ്രതിരോധമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
പാക്കിസ്ഥാന്റെ അണ്വായുധശേഖരം ഐക്യരാഷ്ട്രസഭയുടെ ആണവ ഏജൻസിയായ ഐഎഇഎയുടെ നിരീക്ഷണത്തിൽ കൊണ്ടുവരണമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. വളരെ വ്യക്തമായി ഇക്കാര്യം പറയാൻ ആഗ്രഹിക്കുന്നു. ലോകത്തോട് ഈ ചോദ്യം ഉന്നയിക്കാൻ ആഗ്രഹിച്ചു.
തെമ്മാടിയും ഉത്തരവാദിത്വമില്ലാത്തതുമായ രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ? ഇന്ത്യക്കെതിരേ ആണവ ആക്രമണങ്ങൾ നടത്തുമെന്ന് പലതവണ നിരുത്തരവാദപരമായി പാക്കിസ്ഥാൻ ഭീഷണിപ്പെടുത്തിയതായി ലോകം മുഴുവൻ കണ്ടിട്ടുണ്ട്.
പാക്കിസ്ഥാന്റെ ആണവ ഭീഷണിപോലും ഗൗനിച്ചില്ലെന്ന വസ്തുതയിലൂടെ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പ്രതിജ്ഞ എത്ര ശക്തമാണെന്നു മനസിലാക്കാം. രാജ്നാഥ് സിംഗ് പറഞ്ഞു.
അതേസമയം, പാക്കിസ്ഥാനിലെ ആണവസ്ഥാപനങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി. കിരാന കുന്നുകൾ ആക്രമിച്ചിട്ടില്ലെന്ന് വ്യോമസേന ഡയറക്ടർ ജനറൽ എയർ മാർഷൽ എ.കെ. ഭാരതി പറഞ്ഞു.
ഭീകരരുടെ നെഞ്ചു പിളർക്കും
ന്യൂഡൽഹി: ഇന്ത്യക്കെതിരേ ഭീകരാക്രമണം തുടർന്നാൽ ഭീകരരുടെ നെഞ്ചു പിളർക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
നിരപരാധികളെ കൊല്ലുന്നത് തീവ്രവാദികളുടെ കർമമാണെങ്കിൽ അവരെ ഇല്ലാതാക്കുക എന്നത് ഇന്ത്യയുടെ ഭാരതീയ ധർമമാണെന്ന് രാജ്നാഥ് പറഞ്ഞു.
പഹൽഗാമിൽ ധർമം (മതം) ചോദിച്ചുതീവ്രവാദികൾ നിരപരാധികളെ കൊന്നു. അതിനു നൽകിയ മറുപടി ലോകം മുഴുവൻ കണ്ടു. അവരുടെ കർമം (പ്രവൃത്തികൾ) നോക്കിയാണ് ഇന്ത്യ തീവ്രവാദികളെ കൊന്നത്.
എന്നാൽ, ധർമം നോക്കി നിരപരാധികളെ കൊല്ലുന്നതാണു പാക്കിസ്ഥാന്റെ കർമമെന്നും ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്മെന്റിൽ നടന്ന സമ്മേളനത്തിൽ രാജ്നാഥ് സിംഗ് പറഞ്ഞു.